1988-ൽനിന്ന് 1984–ലേക്കൊരു ടൂവീലർ റൈഡ്

നിയാസ് കരീം

നട്ടുച്ചവെയിലത്ത് ചുട്ടുപഴുത്തുകിടന്ന പൂഴിമണലിൽ തലയെടുപ്പുള്ളൊരു ഹെർക്കുലീസിനെ ഇടങ്കാലിട്ടുവീഴ്‌ത്തിയായിരുന്നു ടൂവീലറുകളുടെ അദ്ഭുതലോകത്തിലേക്ക് ഞാൻ ആദ്യ ചുവടുവച്ചത്. ഗോദയിൽ കമിഴ്‌ന്നുവീണിട്ടും കീഴടങ്ങാൻ കൂട്ടാക്കാത്ത യോദ്ധാവിനെപ്പോലെ ഹെർക്കുലീസിന്റെ പിൻചക്രം പിന്നെയും ആവേശത്തോടെ കറങ്ങിക്കൊണ്ടിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിക്കൂട്ടവും ഉച്ചയൂണിനുശേഷം കോലായിൽ ഒത്തുകൂടിയ ബന്ധുക്കളും കയ്യടികളോടെ എന്നെ പ്രോത്സാഹിപ്പിച്ചു. വീണതിന്റെ നിരാശയും ജയിക്കണമെന്ന വാശിയും ഉള്ളിൽ കത്തിക്കാളിയപ്പോൾ ഹെർക്കുലീസിനെ നേരെ നിർത്തി ഇടങ്കാലിട്ട് വീണ്ടും ശ്രമം തുടർന്നു.

അങ്ങനെ നാലാം ക്ലാസിലെ ആ മധ്യവേനലവധിക്ക്, തലശ്ശേരിയിലെ അമ്മവീടിന്റെ മുറ്റത്തുവച്ച് ഞാനാദ്യമായി ഒരു സൈക്കിൾ കീഴടക്കി.

രണ്ടുവീലിന്റെയും മധ്യത്തിലണിഞ്ഞ മഴവിൽനിറത്തിലെ പ്ലാസ്റ്റിക് പൂവ് ഒഴിച്ചുനിർത്തിയാൽ ഒത്തൊരു പുരുഷനായ ഹെർക്കുലീസിനെ മെരുക്കിയവനെന്ന തലക്കനത്തോടെയായിരുന്നു ആലുവയിലേക്കുള്ള മടക്കം. പിന്നീടുള്ള ദിവസങ്ങളിൽ മണിക്കൂറിന് 50 പൈസ നിരക്കിൽ സീറ്റിലിരുന്ന് ചവിട്ടാവുന്ന കാൽ, അര, മുക്കാൽ എന്നിങ്ങനെ പലപല കുട്ടിസൈക്കിളുകൾ വാടകയ്‌ക്കെടുത്തു. ഒരു കൈവിട്ടും രണ്ടു കൈ വിടാൻ ശ്രമിച്ചും ഇരുന്നും നിന്നും ഒറ്റയ്‌ക്കും ഡബിള് വച്ചും അവയെല്ലാം ഓടിച്ചുതിമിർത്തു. ഇതിനിടെ അലച്ചുകെട്ടിവീണ് കയ്യിലും കാലിലും പലവട്ടം പരുക്കനിട്ടു.

അഞ്ചാം ക്ലാസിൽ വീടിനടുത്തുള്ള സ്‌കൂളിലേക്കു മാറ്റിയപ്പോൾ സ്‌കൂൾ ബസ് എന്ന ആർഭാടം എന്നേയ്‌ക്കുമായവസാനിച്ചു. നടന്നും ഓടിയും വഴിനീളെ രാശിയ്‌ക്ക കളിച്ചും പോസ്റ്റിനെ വിക്കറ്റാക്കി ബോൾ ചെയ്‌തും മതിലുചാടിയും സ്‌കൂളിലേക്കു പോകുമ്പോൾ ‘ക്രീക്രീ’, ‘ക്‌ണിങ് ക്‌ണോങ്’ മണിയടിച്ച് സൈക്കിളിൽ പറപ്പിച്ചുപോകുന്ന ചേട്ടന്മാരെ ഞാൻ കൊതിയോടെ നോക്കി. സ്വന്തമായി സൈക്കിളെന്ന മോഹത്തിനുപോലും പ്രായമായിട്ടില്ലെന്നറിയാമെങ്കിലും എന്നെങ്കിലുമൊരിക്കൽ കിട്ടുമ്പോൾ അതിൽ വരുത്തേണ്ട മോഡിഫിക്കേഷനുകളെക്കുറിച്ച് മനക്കോട്ട കെട്ടി. സ്കൂളിലെ സൈക്കിള്‍ ഷെഡ് സ്വപ്നങ്ങളുടെ പണിശാലയും ഉശിരൻ സൈക്കിളുള്ള ചേട്ടന്മാർ എന്റെ ഹീറോകളുമായി.

പിന്നീട് സൈക്കിളിനായി കൊതിച്ചും കിതച്ചും കാലമൊരുപാട് കരഞ്ഞുതീർത്തു. ഒടുവിൽ റേഷൻകടയടക്കം ഏതു കടയിലും എപ്പോൾ പറഞ്ഞാലും പൊയ്‌ക്കൊള്ളാമെന്ന തുറുപ്പിൽ വീട്ടുകാർ വീണു. എട്ടിലെ പൂജാവധിക്ക്, അന്നത്തെ കുട്ടികളുടെ അമരാവതിയായ ആലുവയിലെ രഘുനാഥ് സൈക്കിൾസിൽനിന്നും ചാരനിറത്തിലുള്ളൊരു BSA SLR പെട്ടി ഓട്ടോയിൽ കയറി വീട്ടിലേക്കുവന്നു. കാത്തിരുന്നുവരുത്തിയ എന്റെ സ്വന്തം സൈക്കിൾ!

ഹീറോയും ഹെർക്കുലീസും ബി.എസ്.എയുമൊക്കെച്ചേർന്നു പെരുക്കിയ മധുരമനോഹരമായൊരു ജുഗൽബന്ദി പോലെയായിരുന്നു പിന്നീടുള്ള കുറേക്കാലം. ഇതിനിടെ ഒൻപതിലെ ഓണാവധിക്ക് വിലപ്പെട്ട മറ്റൊരാൾ കൂടി വീട്ടിലെത്തി. മൂത്ത ചേട്ടൻ ഏറെക്കാലം സ്വപ്നം കണ്ട, അന്നത്തെ ടൂവീലർ ആകാശത്തെ തിളക്കമുള്ള നക്ഷത്രം സാക്ഷാൽ യെസ്‌ഡി റോഡ്‌കിങ്. മൂക്കിനുതാഴെ നിറംമാറിത്തുടങ്ങിയ മീശക്കുഞ്ഞുങ്ങൾക്കൊപ്പം പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ യെസ്‌ഡിയെയും താലോലിച്ചു. ചേട്ടനില്ലാത്ത പകലുകളിൽ വീടിനുള്ളിൽ സെന്റർ സ്റ്റാൻഡിട്ടുവച്ച ബൈക്കിൽ കയറിയിരുന്ന് ഹെൽമറ്റില്ലാതെ ഞാൻ പോയിവന്ന അതിരപ്പള്ളി–വാഴച്ചാൽ റൈഡുകൾക്ക് കയ്യും കണക്കുമില്ല.

ഒൻപതിലെ വല്യ അവധിക്കൊരു വൈകുന്നേരം ചേട്ടനുമുന്നിലിരുന്ന് അഞ്ചടി തികച്ചില്ലാത്ത ഞാൻ ഹാൻഡില് പിടിച്ച് അഞ്ചാറു കിലോമീറ്റർ ബൈക്കോടിച്ചു. യെസ്‌ഡിയുടെ മേഘഗർജ്ജനത്തേക്കാൾ ഉച്ചത്തിൽ വഴിയിലുടനീളം മനസ്സുകൊണ്ട് ഞാൻ വിളിച്ചുകൂവി: ‘കാണെടാ കാണ്. ആൺപിള്ളേര് ബൈക്കോടിക്കണ കാണ്’. എന്നാൽ, പരിചയക്കാർ മാത്രം നിറഞ്ഞ, ഓരോ വീട്ടുകാരനെയും പേരും വട്ടപ്പേരുമടക്കം അറിയാവുന്ന ഉള്ളംകൈപോലുള്ള ആ നാട്ടുവഴിയിൽ അന്നൊരുത്തൻപോലും എനിക്കെതിരെ വന്നില്ല!

കോളജിൽ പഠിക്കുന്ന രണ്ട് ചേട്ടന്മാരും പ്രഫസറായ പിതാവും പാമ്പ്-കീരി-കാട്ടുമുയലടക്കമുള്ള അസംഖ്യം ജീവികൾക്കൊപ്പം സഹജീവിതം നയിക്കുന്ന ഞങ്ങളുടെ പുരാതനമായ ക്വാർട്ടേഴ്സിൽ പിന്നെയും ടൂവീലറുകളനവധി കയറിയിറങ്ങി. പാട്ട ശ്രീകുമാറിന്റെ യമഹ ആർ.എക്സ് 100, ഭായി പ്രകാശിന്റെ ബജാജ് ചേതക്, മത്തായിയുടെ ടി.വി.എസ് സുപ്ര, ആഷിക്കിന്റെ ആർ. ഡി 350, പനാമ ഹാരിഷിന്റെ വിജയ് സൂപ്പർ, കോതമംഗലത്തെ സണ്ണിസാറിന്റെ ഹീറോ ഹോണ്ട സി.ഡി 100 എസ്.എസ്, മോഹൻ ചാക്കോ സാറിന്റെ ബുള്ളറ്റ്. സണ്ണിസാറിന്റെ വണ്ടിയും സാറും സദാസമയവും ഫുൾടാങ്കായിരിക്കും. അല്പമൊന്ന് ചരിഞ്ഞുപോയാൽ ഇരുവരും നിറഞ്ഞുതൂവും. വണ്ടി സ്റ്റാർട്ട് ചെയ്തുകൊടുത്താൽ പിന്നെ ആലുവയിലോ പെരുമ്പാവൂരോ ഉള്ള ബാറിലോ കോതമംഗലത്തെ സാറിന്റെ വീട്ടിലോ കൃത്യമായി ചെന്നുനിൽക്കാവുന്നത്ര മനപ്പൊരുത്തമായിരുന്നു സാറിനും സാറിന്റെ ഹീറോ ഹോണ്ടയ്‌ക്കും തമ്മിൽ.

വളർത്തുപട്ടിക്ക് സാഗർ ഏലിയാസ് ജാക്കിയെന്ന് അതിസാഹസികമായി പേരിട്ട, കാലെത്താത്ത പ്രായം മുതലേ അപ്പന്റെ യെസ്‌ഡിയോടിക്കുന്ന സംഗൽ എന്ന ഇടിവെട്ട് കൂട്ടുകാരൻ ഉണ്ടായിരുന്നിട്ടും വീട്ടിലേക്ക് ആദ്യമായി ടൂവീലറോടിച്ചുവന്ന എന്റെ സ്വന്തം ഫ്രണ്ട് രാഹുൽ ജോണായിരുന്നു. പത്തിലെ അവധിക്ക് അപ്പന്റെ വെസ്‌പ സ്കൂട്ടർ വീടിനുമുന്നിൽ ചവിട്ടിനിർത്തി ‘മുന്തിരിത്തോപ്പുകളിലെ’ മോഹൻലാലിനെപ്പോലെ അവൻ എന്നെ വിളിച്ചിറക്കിക്കൊണ്ടുപോയി. സെറ്റിൽമെന്റ് സ്കൂളിനു പിന്നിലെ മാത്യു കോശി സാറിന്റെ വീട്ടിലേക്കുള്ള ചെമ്മണ്ണുവിരിച്ച ഇടവഴിയിൽവച്ച് വെസ്‌പയ്‌ക്ക് ഞാനെന്റെ പ്രണയം കൈമാറി. ആവേശം അലതല്ലിയിട്ടാവണം, സ്റ്റാർട്ട് ചെയ്ത് ഫസ്റ്റിലിട്ട വെസ്‌പ ഏതാണ്ടൊരു 20 മീറ്റർ ദൂരം ഒറ്റവീലിലോടിലാണോടിയത്! വിരൽതൊടുമ്പോഴേ വിജൃംഭിതയാകുന്ന സ്കൂട്ടറുകളോടുള്ള മോഹം അന്നവസാനിച്ചു. സ്വപ്നങ്ങളിൽ ബൈക്കുകൾ വീണ്ടും പൂത്തുലഞ്ഞു.

ഫസ്‌റ്റ് പീഡിസിക്ക് കൊക്കോയുടെ നാടായ അടിമാലിയിൽനിന്നും ചോക്കലേറ്റ് പോലൊരു ഷെമിമോൻ ചുവന്നുതുടുത്തൊരു ഇൻഡ്–സുസുക്കിയിൽ യുസിയിലെത്തി. പിന്നെ അവന്റെ പിന്നാലെയായിരുന്നു ഓട്ടം. പക്ഷേ, അധികം വൈകാതെ ബാക്ക് ബെഞ്ചുകാരന്റെ അലവലാതിക്കൂട്ടുവിട്ട് ഷെമി മുൻനിരയിലേക്ക് ചേക്കേറി. അങ്ങനെ ആ ബൈക്ക് സ്വപ്നം പാതിവഴിക്കു പൊലിഞ്ഞു.

ആയിടയ്‌ക്കാണ് കാല് വയ്യാത്ത ആലുവക്കാരൻ ബോബി രണ്ടു ഗിയറുള്ള ടിവിഎസ് മോപെഡിൽ കോളജിൽ വന്നുതുടങ്ങിയത്. പിന്നെ ഞങ്ങൾ വണ്ടിപ്രാന്തന്മാരായ ഫസ്റ്റ് പീഡിസിക്കാർ മുഴുവൻ അവന്റെ പിന്നാലെയായി. ആരു ചോദിച്ചാലും സന്തോഷത്തോടെ വണ്ടിയുടെ താക്കോല് കൊടുക്കുന്ന പാവം ബോബി ഒരുച്ചയ്‌ക്ക് മോപെഡോടിച്ച് യുസിയുടെ ഇറക്കമിറങ്ങിപ്പോയപ്പോൾ ഒരു നാഷണൽ പെർമിറ്റ് ലോറി പോസ്റ്റോഫീസിനുമുന്നിൽ വച്ച് ആ മോപെഡിൽ കയറിയിറങ്ങി നിർത്താതെ പോയി. ഞാൻ കണ്ട, എന്റെ സമപ്രായക്കാരനായ ആദ്യത്തെ ടൂവീലർ രക്തസാക്ഷി ഞങ്ങളുടെ ബോബിയായിരുന്നു.

സെക്കൻഡ് പീഡീസിക്കു പഠിക്കുമ്പോൾ ഒരു ജൂനിയർ പയ്യൻ യുസിയിലാദ്യമായി കൈനറ്റിക് ഹോണ്ട വസന്തത്തിന് തുടക്കമിട്ടു. പുറം തിളങ്ങുന്ന കറുപ്പും അകം ഫ്ളൂറസെന്റ് ഗ്രീനുമടിച്ച, ആരു കണ്ടാലും കൊതിച്ചുപൊകുന്നൊരു സുന്ദരക്കുട്ടപ്പൻ. മോഹൻലാലിനും മമ്മൂട്ടിക്കും മുരളിക്കും സുരേഷ് ഗോപിക്കുമൊക്കെയിടയിലേക്ക് പെട്ടെന്നു പൊട്ടിവീണ കുഞ്ചാക്കോ ബോബനെപ്പോലെ അവൻ കേറിയങ്ങ് സ്റ്റാറായി. എന്നാൽ, എത്ര പിന്നാലെ നടന്നിട്ടും ദുഷ്ടനായ പെരുമ്പാവൂരുകാരൻ ജൂനിയർ ആ വണ്ടി ഒന്നോടിക്കാൻ പോലും തന്നില്ല.

പ്രീഡിഗ്രിക്കാലത്ത് കോളജിലൊരദ്ഭുതമുണ്ടായി. പെൺകുട്ടികൾ കടന്നുവരാൻ മടിച്ച, നൂറ്റൊന്നു ശതമാനവും ആണധികാരത്തിലുള്ള യുസിയുടെ ടൂവീലർ ലോകത്തിലേക്ക് ആദ്യമായി രണ്ട് പെൺകുട്ടികൾ‍ പിച്ചവച്ചു. സഹോദരികളും സർവോപരി സുന്ദരികളുമായ സജ്‌ന–സാംനയാണ് തോട്ടക്കാട്ടുകരയിൽനിന്ന് കറുപ്പും പച്ചയും ഉടലുള്ള മനോഹരമായൊരു ബജാജ് സണ്ണിയിൽ കോളജിലെത്തിയത്. സ്വതവേ പ്രശസ്തരെങ്കിലും സണ്ണിയിലുള്ള വരവ് കൂടിയായപ്പോൾ അവരെ അറിയാത്ത ആരും കോളജിലില്ലെന്നായി. സജ്‌ന– സാംനമാരുടെ സ്വന്തം സഹോദരനായി സണ്ണിക്കുട്ടനും പേരെടുത്തു. ടൂവീലറിനോടുള്ള കൊതിയുള്ളവരും ഇല്ലാത്തവരും, നിരന്തരം സുന്ദരീ സ്പർശമേൽക്കുന്ന സണ്ണിയോടിക്കാൻ പരസ്പരം മൽസരിച്ചു.

വാങ്ങി ഏതാനും മാസങ്ങൾക്കകം കള്ളൻ കൊണ്ടുപോയ ഞങ്ങളുടെ യെസ്‌ഡി റോഡ്‌കിങ് പിന്നീട് ഒന്നരവർഷത്തിനുശേഷം മുറുക്കിക്കെട്ടിയൊരു ചാക്കിൽ തിലകന്റെ പഴയ മാസ്റ്റർപീസ് ഡയലോഗ് പോലെ ‘പീസ്–പീസായാണ്’ വീട്ടിലെത്തിയത്. അതിനുശേഷം കുടുംബത്തിൽ വന്നുകയറിയ വണ്ടി കൈനറ്റിക് ഹോണ്ടയാണ്. ദുബായിലെ ജോലി മടുത്ത് നാട്ടിലെത്തിയ രണ്ടാമത്തെ ചേട്ടൻ വാങ്ങിയ 94 മോഡലൊരു ചെത്ത് കൈനറ്റിക് ഹോണ്ട. വീലിൽ ഫ്ലൂറസെന്റ് പിങ്കടിച്ച്, തോട്ടക്കാട്ടുകരക്കാരൻ ആഷിഖ് ഖാലിദ് പറക്കാനുപയോഗിച്ചിരുന്ന വണ്ടി. കൈനറ്റിക്കിന്റെ കൂട്ടിൽ പ്രീഡിഗ്രി അവധിക്കാലം അടിപൊളിയാക്കി.

1994–ൽ യുസിയിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ അതുവരെ കണ്ടുകൊതിച്ച പല ബൈക്കുകളും കയ്യെത്തും ദൂരെയെത്തി. അടുത്ത സുഹൃത്ത് കൃഷ്ണമേനോന്റെ സുസുക്കി സാമുറായി, എൻജിനീയറിങ്ങിനുള്ള ഗ്യാപ്പിൽ ബി.എസ്.സിക്കു ചേർന്ന സനലിന്റെ യമഹ ആർ.എക്സ് 100, ക്ലാസ്‌മേറ്റ് നവീൻ വിജയന്റെ ഹീറോ ഹോണ്ട സി.ഡി 100, പഴയ സ്‌കൂൾമേറ്റ് ആലുവക്കാരൻ കോയയുടെ ആർ.എക്സ് 100 അങ്ങനെ പിടക്കുന്ന ബൈക്കുകളുടെ തുള്ളുന്ന ചാകര. അന്നൊക്കെ അടങ്ങാത്ത കൊതി യമഹ ആർ.എക്സ് 100–നോടായിരുന്നു. എത്ര കണ്ടിട്ടും എത്രയോടിച്ചിട്ടും ആ രൂപവും ശബ്ദവും എന്നെ വിട്ടുപോയില്ല. ചെറുപ്പത്തിൽ സൈക്കിളിനെയെന്നപോലെ പ്രീഡിഗ്രിക്കാലം തൊട്ട് യമഹയെയും ഞാൻ തീവ്രമായി മോഹിച്ചുകൊണ്ടിരുന്നു.

ഒടുവിൽ, ഡിഗ്രി ഫൈനലിയറിൽ ഏറെക്കാലം മോഹിച്ചത് എന്നെ തേടിയെത്തി. അനിയന്റെ ആഗ്രഹം നന്നായറിഞ്ഞ പഴയ ബൈക്ക് പ്രാന്തനായ മൂത്ത ചേട്ടൻ 89 മോഡലൊരു ആർ.എക്സ് 100 എനിക്ക് വാങ്ങിത്തന്നു. പിന്നീട് അതിലായി കൊളജിലേക്കുള്ള വരവുപോക്കുകൾ. യമഹയുള്ള എന്നെ, വഴിയിലെങ്ങും ബൈക്ക്‌മോഹികൾ അസൂയ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് അഭിമാനത്തോടെ കണ്ടറിഞ്ഞു. ലിറ്ററിന് ഇരുപതു രൂപ വിലയായിരുന്ന അക്കാലത്ത് കാരോത്തുകുഴി ആശുപത്രിക്കുമുന്നിലെ സ്വാമീടെ പമ്പിൽനിന്ന് വെറും അഞ്ചുരൂപയ്‌ക്ക് പെട്രോളടിച്ച് ഞാൻ ആലുവയിൽ പോയിവന്നു. അതുവരെ കടംവാങ്ങിയ ബൈക്കിൽ പങ്കെടുത്തിരുന്ന, കോളജ് ആർട്‌സ് ഡേയിലെ ഗ്ലാമർ ഇനമായ ടൂവീലർ ഫാൻസി ഡ്രസ്സിൽ ആ വർഷം ഞാൻ നെഞ്ചുവിരിച്ച് സ്വന്തം ബൈക്കോടിച്ചു.

അങ്ങനെ ബൈക്കുകളുടെ പറുദീസയിലേക്കുള്ള പടികൾ ഒന്നൊന്നായി ഞാൻ കീഴടക്കി. ആർ.എക്സ് 100 എന്ന കടമ്പ കഴിഞ്ഞാൽ പിന്നെയുള്ളത് ബുള്ളറ്റാണ്. എന്നാൽ, അന്നൊന്നും ബുള്ളറ്റ് പേരിനുപോലുമില്ല കോളജിൽ. ഭയം കലർന്ന ബഹുമാനത്തോടെയാണ് അതിനെ നോക്കുന്നതു പോലും. ബാക്കി ബൈക്കോടിക്കുന്നവൻ ആണാണെങ്കിൽ ബുള്ളറ്റോടിക്കുന്നവൻ പുരുഷനാണ്. ആ ഗർജനം ദൂരെനിന്നു കേട്ടാൽ കടന്നുപോകുംവരെ ഫുൾ അറ്റൻഷനിൽ നിന്ന് സല്യൂട്ടടിക്കാൻ തോന്നിപ്പോകും.

സെന്റ് പോൾസിൽ പഠിക്കുന്ന പറവൂരുകാരൻ കുട്ടന്റെ ബുള്ളറ്റിലാണ് ഓടിക്കാമെന്ന ധൈര്യത്തിൽ ഞാനാദ്യം ഉറച്ചുകയറിയത്. ആംപിയർ സെറ്റ് ചെയ്‌ത് സാധാരണ 100 സി.സി ബൈക്കിലേതുപോലെ കിക്കറടിച്ചപ്പോൾ ബുള്ളറ്റേട്ടൻ തനിനിറം കാട്ടി. കാലിന്റെ കണ്ണയ്‌ക്കുമീതെ ആഞ്ഞൊരടി! ടൂവീലർ സഹോദരങ്ങളിൽനിന്നും ജീവിതത്തിലാദ്യമായി എനിക്കുകിട്ടിയ തിരിച്ചടി! ഓടിക്കാനുള്ള മോഹം പാടേ ഉപേക്ഷിച്ച് ചാടിയിറങ്ങി കണ്ണിനുമുന്നിൽ ഒളിഞ്ഞും തെളിഞ്ഞും പുളയുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ വീടുപിടിച്ചു.

നിയാസ് കരീം

അതോടെ ബുള്ളറ്റിനോടുള്ള ആരാധന പിന്നെയും കൂടി. ബുള്ളറ്റ് മേയ്ച്ചുനടന്ന ഉയരം കുറഞ്ഞ കുട്ടൻ എന്റെയുള്ളിൽ സുരേഷ് ഗോപിയായി. ഡിഗ്രി കഴിഞ്ഞ് ജേർണലിസം പഠിക്കുന്ന കാലത്ത് ആർ.എക്സ് 100 വിറ്റ് നല്ല പെടപ്പനൊരു ബുള്ളറ്റ് വാങ്ങി ചേട്ടൻ വീണ്ടുമെന്നെ ഞെട്ടിച്ചു. യുസിയിൽ ജൂനിയറായി പഠിച്ച ആലുവക്കാരൻ മനോജ് പണിതിറക്കിയ, 84 മോഡൽ ബുള്ളറ്റ്. മെറ്റാലിക് വയലറ്റും ക്രോമും നിറമുള്ള, ദിഗന്തങ്ങൾ നടുങ്ങുമാറ് ശബ്ദമുള്ള അതിന്റെ പുറത്തുകയറിയിരുന്ന് നിരത്തുകൾ അടക്കിനീങ്ങുമ്പോൾ പലപ്പോഴും ബ്രേക്കാണെന്നുകരുതി വലതുവശത്തെ ഗിയറിൽ ചവിട്ടി. ഇച്ചിരിയില്ലാത്ത ഞാൻ സ്വല്പം വലിപ്പം തോന്നിക്കാൻ ഓവർ‌കോട്ടോ ജാക്കറ്റോ അണിഞ്ഞു മാത്രമേ അതോടിച്ചിരുന്നുള്ളൂ. എങ്കിലും ഏഡ് മൂത്ത് എസ്.ഐ ആകുന്നവർക്ക് ഉണ്ടാകുന്ന ഒരുതരം ഇൻഫീരിയോരിറ്റി കോംപ്ലക്സ് ബുള്ളറ്റോടിച്ച കാലമത്രയും എന്റെയുള്ളിൽ നിറഞ്ഞുനിന്നു. ജോലി കിട്ടിയപ്പോൾ ബുള്ളറ്റിനൊപ്പം ആ കോംപ്ലക്സിനെയും ഞാൻ കോട്ടയത്തേക്കു കൊണ്ടുപോയി.

അങ്ങനെ 1988 മോഡൽ BSA SLR–ൽ തുടങ്ങിയ എന്റെ ടൂവീലർ സ്വപ്നം 1984 മോഡൽ ബുള്ളറ്റിൽ ഒരു വൃത്തം പൂർത്തിയാക്കി. എട്ടാം ക്ലാസിൽ തുടങ്ങി എട്ടുവർഷം കൊണ്ട് വരച്ചുതീർന്നൊരു വട്ടം. പിന്നീട് ആവേശമടങ്ങിയ വെറും ആവർത്തനങ്ങളായിരുന്നു. കോട്ടയത്തെ ബാച്ചിലർ ലൈഫിൽ ഉറ്റതോഴരായ ബോബി ബാലിന്റെ യമഹ ടൈഗർ 135 ഉം നവീൻ പിള്ളയുടെ ബജാജ് കാലിബറും പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷനും എന്റെ ബുള്ളറ്റിനു കൂട്ടായെത്തി. പഴയ ബുള്ളറ്റിനെ കൊണ്ടുനടക്കുന്നത് കുതിരയെ പോറ്റുന്നതിനേക്കാൾ പാടാണെന്ന വിവേകമുദിച്ചപ്പോൾ അതിനെ നാട്ടിലുള്ളൊരു കമ്പക്കാരന് വെറും 13,000 രൂപയ്‌ക്ക് വിറ്റു. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ വർഷം, വിവാഹിതന്റെയും വീട്ടുകാരന്റെയും വണ്ടിയായ ഹോണ്ട ആക്‌റ്റിവയിലേക്ക് ഞാൻ റിട്ടയർ ചെയ്തു. വർഷങ്ങളനവധി കഴിഞ്ഞിട്ടും ഗിയറില്ലാതെയുള്ള ഈ ഓട്ടം എനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്.

പഴയ കാലത്തെ ചില ബാർബർ ഷാപ്പുകളെപ്പോലെ അലങ്കരിച്ചുകൂട്ടിയ അഴകിയ രാവണന്മാരാണ് ബുള്ളറ്റെന്ന പേരിൽ ഇന്ന് നാടെങ്ങും കുതിച്ചുപായുന്നത്. 100 സി.സിക്കു വയ്‌ക്കുന്ന ഹാൻഡിലും സൈലൻസറും മറ്റ് ചപ്പുചവറ് ആക്സസറീസും വച്ചുകെട്ടി, തന്റേതല്ലാത്ത രൂപവും ശബ്ദവുമുള്ള ബുള്ളറ്റിനെ ഇന്നത്തെ ന്യൂജെൻ പിള്ളേര് നടുറോഡിലിട്ട് മാനഭംഗപ്പെടുത്തുന്നതുകാണുമ്പോൾ സങ്കടം വരും. അപ്പോഴൊക്കെ മനസ്സിൽ ചില്ലിട്ടുസൂക്ഷിച്ച ആ പഴയ ചിത്രം കൺമുന്നിൽ തെളിയും. ആണായി പിറന്നവരുടെ ഹൃദയം കവരുന്ന ഘനഗംഭീരമായ ശബ്ദത്തിൽ, അടിവച്ച് നടക്കുന്ന ഗജരാജന്റെ തലയെടുപ്പോടെ ടോപ് ഗിയറിൽ കയറ്റം കയറിവരുന്ന മോഹൻ ചാക്കോ സാറിന്റെ ബുള്ളറ്റ്. ആ ഒരൊറ്റ ദൃശ്യത്തിന്റെ പ്രലോഭനമാണ് സ്റ്റാൻഡേർഡ് 500 സി.സി ബുള്ളറ്റിൽ ഹിമാലയത്തെ ധ്യാനിച്ചുമടങ്ങാൻ രണ്ടുവട്ടം എന്നെ തള്ളിവിട്ടത്.

ആരെങ്കിലും തള്ളിവിടുന്നതുകൊണ്ടു മാത്രം കയറ്റം കയറിപ്പോകുന്നൊരു ചക്രം പോലെയാണ് ജീവിതമെന്ന് പലപ്പോഴും തോന്നാറുണ്ട്. തള്ള് എപ്പോ നിർത്തിയാലും യാത്ര തുടങ്ങിയിടത്തേക്ക് ആവേശത്തോടെ അത് ഉരുണ്ടെത്തും. ചില സൈക്കിളുകൾ കാണുമ്പോൾ പണ്ട് ബി.എസ്.എ കണ്ടതുപോലെ കയ്യും കാലും പെരുപെരുക്കുന്നത് ഞാനിന്ന് തിരിച്ചറിയുന്നുണ്ട്. മടക്കം പോലെ ആനന്ദകരമായ മറ്റെന്തുണ്ടാകാനാണ് നമ്മുടെയൊക്കെ ജീവിതമെന്ന ഈ ഇച്ചിരിവട്ടത്തിൽ!

മലയാള മനോരമ പബ്ലിക്കേഷനില്‍ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍

Be the first to comment on "1988-ൽനിന്ന് 1984–ലേക്കൊരു ടൂവീലർ റൈഡ്"

Leave a comment

Your email address will not be published.


*