സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ജാതിയധിക്ഷേപവും ഭീകരമര്‍ദ്ദനവും

കേരളപോലീസിന്റെ സദാചാര പോലീസിങ്ങിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനുമിരയായി സാമൂഹ്യപ്രവര്‍ത്തക അമൃതയും മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് രമയും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് എറണാകുളം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സംഘം ചേര്‍ന്ന് പോലീസ് ഭീകരത അഴിഞ്ഞാടിയത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതീഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

”രാത്രി രണ്ട് മണിക്കാണോടീ പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്?” എറണാകുളം റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന അമൃതയെ വഴിയില്‍ വളഞ്ഞ് പോലീസ് ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്ക് രാവിലെ രണ്ടര മണിക്കുള്ള ട്രെയിനില്‍ പോവാനുളള തയ്യാറെടുപ്പിലായിരുന്നു അമൃത. താന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വരികയാണ് എന്ന് പറഞ്ഞ അമൃതയെ കൊണ്ട് പ്രതീഷിനെ ഫോണില്‍ പോലീസ് വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ” കയ്യിലും കാലിലും ചരടുണ്ടല്ലോ, ഇവള്‍ മാവോയിസ്റ്റാണ് ” എന്നും പോലീസുകാര്‍ അമൃതയെ ചൂണ്ടിപ്പറഞ്ഞു. വടകര സ്വദേശിയായ അമൃത ഉമേഷ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും സാമൂഹ്യ ഇടപെടലുകളിലെ സജീവ സാന്നിധ്യവുമാണ്.

വടകരയില്‍ നിന്നും വീട്ടുകാര്‍ രാവിലെ 11 മണിയോടെ പോലിസ് സ്‌റ്റേഷനിലെത്തുന്നതുവരെ അമൃതയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടിവന്നത് തെറിവിളികളും ശാരീരികാക്രമണങ്ങളുമായിരുന്നു. ബാഗിലുണ്ടായിരുന്ന അമൃതയുടെ സ്വകാര്യഡയറി ഉച്ചത്തില്‍ വായിച്ചും പോലീസുകാര്‍ അപമാനം തുടര്‍ന്നു.

നാരദന്യൂസ് റിപ്പോര്‍ട്ടറായ പ്രതീഷിന് നേരിടേണ്ടി വന്നത് ക്രൂരമായ പോലീസ് ഭീകരതയാണ്. ”ഇവന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നറിയണം” എന്ന് പറഞ്ഞ് പോലീസ് പ്രതീഷിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.

പോലീസ് സ്റ്റേഷനില്‍ നിന്നും ക്രൂരമായ മനുഷ്യാവാഷ ലംഘനങ്ങളാണ് പ്രതീഷിന് അനുഭവിക്കേണ്ടിവന്നത്. പ്രതീഷിന്റെ വസ്ത്രങ്ങളെല്ലാം പോലീസ് നിര്‍ബന്ധിച്ച് അഴിച്ചുമാറ്റി സെല്ലില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രതീഷിന്റെ ഫോണിലെ മൊത്തം വിവരങ്ങളും ഡിലീറ്റ് ചെയ്യുകയും സോഫ്ട് വെയര്‍ തകര്‍ക്കുകയും ചെയ്തു.

പോലീസ് പിന്നീട് പ്രതീഷിനെ വിട്ടയച്ചെങ്കിലും ” നീ വലുതായിട്ട് കളിക്കാന്‍ നില്‍ക്കണ്ട. നിന്റെ തലയില്‍ വലിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കാന്‍ ഞങ്ങള്‍ക്കാകും. മറക്കണ്ട ” എന്ന് പോലീസുകാര്‍ ഭീഷണി മുഴക്കി.

Be the first to comment on "സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ജാതിയധിക്ഷേപവും ഭീകരമര്‍ദ്ദനവും"

Leave a comment

Your email address will not be published.


*