59 പേരെ ഇനിയും കണ്ടെത്താനായില്ല. ആശങ്കയൊഴിയാതെ പൂന്തുറ

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ആശങ്കയൊഴിയാതെ തീരദേശവാസികള്‍.  പ്രകൃതിക്ഷോഭം കാരണം മൽസ്യബന്ധനത്തിനു പോയവരിൽ അധികംപേരെയും കണ്ടെത്താൻ സാധിച്ചെങ്കിലും പുന്തുറയില്‍ 59 പേരെ ഇനിയും കണ്ടെത്താനായില്ല. പൂന്തുറ സെന്റ് തോമസ് പള്ളിയിലാണ് ‘ഓഖി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മുതൽ പൂന്തുറയിൽ പ്രതിഷേധം ശക്തമായിരുന്നു. അധികൃതർ ആരും തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും കലക്ടർ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവർത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പൂന്തുറയിൽ സന്ദർശനം നടത്തിയിരുന്നു. ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

അതേ സമയം ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിൽ കേരളത്തിൽ മരണം എട്ടായി.  ‘ഓഖി’ ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ തുക ലഭിക്കും. 400 പേരെ രക്ഷപ്പെടുത്തി. 138 പേർ ലക്ഷദ്വീപിൽ. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകും. ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

Be the first to comment on "59 പേരെ ഇനിയും കണ്ടെത്താനായില്ല. ആശങ്കയൊഴിയാതെ പൂന്തുറ"

Leave a comment

Your email address will not be published.


*