ലേശം നാണം വേണം അതിന്, പോലീസിനെ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നവരോട് 

Representative Image

മൃദുല ഭവാനി

കുറേ നേരമായി ഇത് സഹിക്കുന്നു, “നാരദയുടെ ക്രെഡിബിലിറ്റി”. പ്രതീഷിന്റെ സഹപ്രവര്‍ത്തക എന്ന നിലയില്‍, നാരദാ ന്യൂസ് റൂമിലിരുന്ന് ജോലി ചെയ്യുന്ന ഒരു സ്ത്രീ എന്ന നിലയില്‍, സിപിഎം ന്യാ.തൊഴിലാളികളുടെ ആക്രമണം നേരിടുന്ന മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്.

നിങ്ങള്‍ എങ്ങനെയാണ് ഒരു മനുഷ്യനെ അളക്കുന്നത്? ഒരു ഹ്യുമന്‍ ബീയിങ്ങിനെ, അയാളുടെ ഇടപെടലുകളെ, അയാള്‍ പറയുന്ന കാര്യങ്ങളെ, അയാള്‍ ഇടപെടുന്ന മനുഷ്യരെ, അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ, അയാളുടെ സാമൂഹ്യസാഹചര്യങ്ങളെ, അയാളുടെ ക്ലാസ്, കാസ്റ്റ് പൊസിഷനെ ഒക്കെ അളന്നുതൂക്കം നോക്കിയാണോ നിങ്ങള്‍ അയാളോട് ഐക്യപ്പെടുന്നത്? ആക്രമിക്കപ്പെടുന്ന ഒരാളുടെ കൂടെ നില്‍ക്കുമ്പോള്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെയും അയാളുടെ ജോലിയെയുമൊക്കെ ഓഡിറ്റ് ചെയ്യുന്നത് എന്തുതരം നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ്? ഇത്തരം ”എങ്കിലും, പ്രതീഷിന്റെ കൂടെയാണ്” പറച്ചിലുകള്‍ക്ക് ഒട്ടും ആത്മാര്‍ത്ഥതയില്ല കോമ്രേഡ്‌സ്. മറ്റൊന്നും പറയാനില്ലെങ്കില്‍ വായുംപൂട്ടി ഇരുന്നൂടെ?

ഇതില്‍ ഓരോ വരി എഴുതുമ്പോഴും ഞാന്‍ എന്നെത്തന്നെ പരിശോധിക്കുന്നു, നിങ്ങള്‍ ചെയ്‌യുന്ന ന്യായീകരണത്തൊഴില്‍ ഞാന്‍ ഒരിക്കലും ചെയ്യില്ല എന്ന പൂര്‍ണബോധ്യത്തോടെയുമാണ് എഴുതുന്നത്. പ്രതീഷ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത് ഒറ്റക്കായിരുന്നെങ്കില്‍ പ്രതീഷിന്റെ ടെസ്റ്റിമണി നിങ്ങള്‍ വിശ്വാസത്തിലെടുക്കില്ലേ? ന്യായീകരണ തൊഴിലാളി ആണെന്ന് സ്വയം സമ്മതിക്കുന്നതുകൊണ്ടോ കവര്‍ ഫോട്ടോ മാറ്റുന്നതുകൊണ്ടോ നിങ്ങള്‌ടെ ന്യായീകരണ ഇടപെടലുകളും അതിലുള്ള വയലന്‍സും ഇല്ലാതാകുന്നില്ല.

എന്തിനുവേണ്ടിയാണ് നിങ്ങള്‍ പിണറായി വിജയനോട് ഇത്രമാത്രം ഭക്തിപൂര്‍വ്വം പെരുമാറുന്നത്? സുഡാപ്പികള്‍ക്ക് വേണ്ടി എഴുതിയാല്‍ എത്രകിട്ടും എന്ന ടോണില്‍ ചോദിക്കട്ടെ പിണറായിയെ ന്യായീകരിച്ചാല്‍ ദിവസം എത്ര കിട്ടും? അമൃത എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്ന് നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം എന്താണെന്ന് പ്രതീഷിനെയും പ്രതീഷ് ജോലിചെയ്യുന്ന മാധ്യമസ്ഥാപനത്തെയും ഓഡിറ്റ് ചെയ്യുന്നതിനിടയില്‍ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? സ്ഥാപനത്തിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ സദാചാര പൊലീസിങ്ങിന് വിധേയമായാല്‍ ഏതൊരു മാധ്യമസ്ഥാപനവും ചെയ്യുന്നതുപോലെ നാരദ അത് വാര്‍ത്തയാക്കി. അത് നുണയല്ലെന്ന് തെളിയിക്കേണ്ടുന്ന ഒരു ഫ്രാക്‌ചേര്‍ഡ് പൊസിഷനിലേക്ക് നാരദയെ തള്ളിയിടുന്നത് ആരുടെ താല്‍പര്യം ആണ് എന്ന് വ്യക്തമാണ്.

പൊലീസ് അതിക്രമം അതിശയോക്തിയാണ് എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ മാത്രം എളുപ്പബുദ്ധികളല്ല അത് കാണുന്നവര്‍. ഇതുപോലെ ഒറ്റക്കും അല്ലാതെയും നടന്നിരുന്ന യുവാക്കളെ, മാവോയിസ്റ്റെന്ന് ലേബല്‍ ചെയ്ത്, പ്രത്യേകിച്ച് ചുരുണ്ടമുടിയും അലക്കാത്ത ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നവരെ അധികാര ധാര്‍ഷ്ട്യത്തോടെ സ്‌റ്റേഷനിലേക്ക് നടത്തിച്ച പൊലീസുകാരെ കേരളം ഇതിനുമുമ്പും കണ്ടിട്ടുണ്ട്. ഷാഹിദും ഉദയനുമൊക്കെ അങ്ങനെ നടക്കേണ്ടിവന്നവരാണ്.

ബര്‍സ എന്ന സ്ത്രീ രാത്രി നേരത്ത് നടന്നുപോകുമ്പോള്‍ അതൊരു സാമൂഹ്യസുരക്ഷാ പ്രശ്‌നമാകുന്നത് എങ്ങനെയാണ്? ആര് ആരെയാണ് സംരക്ഷിക്കുന്നത്? ബര്‍സയുടെ സ്വാതന്ത്ര്യം ആരുടെ ചോരയെയാണ് തീപിടിപ്പിക്കുന്നത്? സംരക്ഷകരാകാന്‍ എളുപ്പമാണ്, ആത്മാവിന്റെ അല്ല, ശരീരത്തിന്റെ. നിങ്ങള്‍ക്കൊരിക്കലും ഞങ്ങളുടെ ആത്മാവിന് സുരക്ഷ നല്‍കാന്‍ കഴിയില്ല. നിങ്ങള്‍ കണക്കു വെച്ചിരിക്കുന്ന ചുറ്റളവുകളിലാണ് സംരക്ഷിക്കപ്പെടുക. ഇറങ്ങി നടക്കുന്ന ശരീരത്തിനാണ് ‘സംരക്ഷണം’ നല്‍കുക. ആക്രമിക്കപ്പെട്ട സ്ത്രീ പരാതി നല്‍കണമെങ്കില്‍ പോലും അച്ഛന്റെ അനുമതി വേണം. എന്തിന്? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വന്തം നിലയ്ക്ക് പരാതി നല്‍കാനും പറ്റില്ലേ?

ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു സംവിധാനത്തെയാണ് നിങ്ങള്‍ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നത്, ലേശം നാണം വേണം അതിന്. അത്രയേറെ സ്ത്രീകളെ ഇരപ്പെടുത്തിയ പൊലീസ് ആണ്. ജിഷ്ണുവിന്റെ അമ്മ, വിനായകന്റെ അമ്മ, ചിത്രലേഖ, ഹാദിയ തുടങ്ങി എത്രയോ സ്ത്രീകളടക്കം ബര്‍സ വരെ…ഇതിനെല്ലാം തലപ്പത്തിരിക്കുന്നത് ഡേവിഡ് ഹെഡ്‌ലിയുടെ മൊഴിയനുസരിച്ച, കൂടുതല്‍ അന്വേഷണം നടത്താതെ ഇസ്രത് ജഹാന്‍ എന്ന പെണ്‍കുട്ടി തീവ്രവാദിയാണെന്ന് പ്രഖ്യാപിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീക്ക് പാതിരാക്ക് തെരുവില്‍ ഐസ്‌ക്രീം തിന്നാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ബെഹ്‌റ വാചാലനാകാറുണ്ട്. ആ ബെഹ്റയോടാണ് ചോദിക്കുന്നത്, ഈ ദളിത് സ്ത്രീക്ക് സംഭവിച്ചതിന് നിങ്ങള്‍ക്ക് മറുപടിയുണ്ടോ?

ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരം ഉണ്ടെന്ന് നിങ്ങളാരും അഭിനയിക്കരുത്. ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരമൊന്നുമില്ല. നാളെ ഞാന്‍ ഇതേരീതിയില്‍ എറണാകുളത്തെ സദാചാര പൊലീസിങ്ങിന് ഇരപ്പെട്ടാല്‍ എനിക്ക് നേരിടേണ്ടിവരുന്നതും ഈ ഓഡിറ്റിങ് തന്നെയാകില്ലേ?

Be the first to comment on "ലേശം നാണം വേണം അതിന്, പോലീസിനെ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നവരോട് "

Leave a comment

Your email address will not be published.


*