കുറെ പ്രാണനു വേണ്ടി ഉള്ള പിടച്ചിലായിരുന്നു ഒക്കെ , തീരദേശവാസികളോട് നാം ചെയ്യുന്നതെന്താണ്?

സൈക്ലോൺ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സ്വദേശിയും എൻജിനീയറിങ് വിദ്യാർത്ഥിയുമായ ആനന്ദ് ആർ എം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്. ഏറെ സാമൂഹ്യപ്രാധാന്യമുള്ള കുറിപ്പായതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു

സൈക്ലോൺ ദുരന്തവും കാണാതായ മത്സ്യത്തൊഴിലാളി ജീവിതങ്ങളും രാഷ്ട്രീയ വൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ, തീരത്ത് പ്രത്യേകിച്ച് തിരുവനന്തപുരത്തെ തീരത്ത് ഉള്ളവർക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് പൊതുസമൂഹം കേൾക്കുന്നത് നന്നായിരിക്കും. ഈ പോസ്റ്റില് പറയുന്നത് മനുഷ്യന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത ചുഴലിക്കാറ്റിനെ പറ്റിയോ അത് റിപ്പോർട്ട് ചെയ്യാൻ വൈകിയ സംവിധാനങ്ങളെയോ പറ്റി അല്ല. പകരം ദുരന്തം സംഭവിച്ച ശേഷം രക്ഷാപ്രവർത്തനങ്ങൾ പരാജയപ്പെട്ടതിനെ പറ്റിയും ചില സംവിധാനങ്ങളുടെ മനപൂർവ്വം ആയ അലംഭാവത്തെ പറ്റിയും ആണ്. ചുഴലി കാറ്റ് ആഞ്ഞു വീശിയ ശേഷം ഉള്ള ഓരോ ദിവസങ്ങളിലൂടെ കടന്നു പോകാം. നവംബർ ഇരുപത്തോൻപതിനും അതിനു മുന്നേയും ആയി ഒത്തിരി ബോട്ടുകൾ കടലിൽ പോയിരുന്നു. ചുഴലി കാറ്റ് ആഞ്ഞു വീശിയ ദിനം കരയിൽ ഉണ്ടായ നാമമാത്ര നാശനഷ്ടങ്ങൾ മത്സരിച്ചു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോട് കുറെ മനുഷ്യർ അറിയാവുന്ന ഭാഷയില് വിളിച്ചു പറയുന്നുണ്ടായിരുന്നു ഞങ്ങടെ ഉറ്റവരും ഉടയവരും കടലില് പോയിട്ട് തിരികെ വന്നിട്ടില്ല എന്ന്. ഏറെ വൈകിയാണ് മാധ്യമങ്ങള് കടലില് പോയി തിരികെ വരാത്തവരെ പറ്റി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് തന്നെ.

ഇനി പൊതു സമൂഹവും മാധ്യമങ്ങളും എന്തിനേറെ രക്ഷാപ്രവര്ത്തനം നടത്തേണ്ടുന്ന ഏജൻസികൾ വരെ ഈ ദുരന്തത്തിൽ മനസ്സിലാക്കാതെ പോയ വസ്തുത ഉണ്ട്. അതായത് എല്ലാവരും ഒരേ വലുപ്പം ഉള്ള വള്ളങ്ങളിൽ ആല്ല കടലിൽ പോയത്. ഔട്ട് ബോർഡ് എഞ്ചിന് ഉള്ള കുഞ്ഞു വള്ളങ്ങൾ അല്ലെങ്കിൽ ഫൈബർ ബോട്ടുകൾ വളരെ വേഗം കമരുകയോ തകർന്ന് പോകുകയോ ചെയ്യുന്നതാണ്. എന്നാൽ ദിവസങ്ങളോളം കടലിൽ തങ്ങാൻ പറ്റുന്ന വലിയ ബോട്ടുകൾക്ക് അപകട സാധ്യത ഒരല്പം കുറവാണ്. രക്ഷാ പ്രവര്ത്തനത്തിൽ പ്രയോരിറ്റി കൊടുക്കേണ്ടത് ചെറു വള്ളങ്ങളിൽ പോയവർക്ക് ആണ്. വലിയ ബോട്ടുകളൾ താരതമ്യേനെ സുരക്ഷിതം ആയി കടല് ശാന്തം ആകുമ്പോള് കരക്ക് അടുക്കാന് കഴിയും (എഞ്ചിന് കേടായില്ലെങ്കിൽ). നേവിയും കോസ്റ്റ് ഗാർഡും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി ഇരുന്നത് ചെറു വള്ളങ്ങളിൽ പോയവർക്കായിരുന്നു. എന്നാൽ നമ്മുടെ പി ആർ വർക്കുകൾ കൂടുതലും നൂറു കണക്കിന് വലിയ ബോട്ടുകളെ രക്ഷിച്ചതില് ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതും ആഘോഷിച്ചതും. അവരിൽ പലരും വെള്ളവും ആഹാരവും മാത്രമാണ് ചോദിച്ചിരുന്നത് എന്നത് ശ്രദ്ധിക്കണം. ഇനി ചെറു വള്ളങ്ങളിലെക്ക് മടങ്ങി വരാം. തിരുവനന്തപുരം തീരത്ത് നിന്നും പോയ നൂറ്റി അന്പതിലധികം ചെറു വള്ളങ്ങളില് തകരാത്തവ ഒക്കെ തിരികെ വന്നു. തകർന്നവയിൽ ഉണ്ടായിരുന്നവർ ഭൂരിഭാഗവും ബോട്ടിലോ അല്ലെങ്കിൽ കന്നാസിലോ പിടിച്ചു കിടന്നു രണ്ടും മൂന്നും ദിവസം ജീവന് പിടിച്ചു നിർത്തി.

കടൽതീരത്തുള്ളവർ റോഡ് ഉപരോധിച്ചതും പ്രതിഷേധിച്ചതും ഒക്കെ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം മനസ്സിലാക്കാൻ. ദുരന്തമുണ്ടായ അന്ന് മുതൽ തീരദേശ വാസികൾ വിഴിഞ്ഞം കോസ്റ്റ് ഗാർഡിനോടും മറ്റ് അധികാരികളോടും മേല്പ്പറഞ്ഞ ആളുകളെ തേടി പോകാന് അപേക്ഷിക്കുകയായിരുന്നു. എന്നാല് കോസ്റ്റ് ഗാർഡ് അത് പലപ്പോഴും നിസംഗമായി അവഗണിച്ചു. ഉയർന്ന തിരകളെ ഭയന്ന കോസ്റ്റ് ഗാർഡിനോട് ജനങ്ങൾ ചോദിച്ചത് കെട്ടുറപ്പുള്ള ബോട്ടുകള് വിട്ടു നൽകാൻ ആയിരുന്നു. അവർ സ്വയം അന്വേഷിക്കാം എന്ന് വരെ പറഞ്ഞു നോക്കി. പക്ഷെ അതും നിരസിക്കപ്പെട്ടു. അവിടം മുതലാണ് ജനങ്ങള് പ്രകൊപിതർ ആകാൻ തുടങ്ങുന്നത്. തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലുകൾ പലതും കേവലം പത്ത് നോട്ടിക്കൽ മൈലുകൾക്കുള്ളിൽ അവസാനിച്ചു. ഓർക്കുക ചെറു വള്ളങ്ങൾ പോലും മുപ്പത്തിനു മുകളില് നോട്ടിക്കല് മൈല് ദൂരെ ആണ് മീന് പിടിക്കാന് പോകുന്നത്. ഇതിനുപരിയാണു നിരന്തരം ആയി വരുന്ന നുണ വാർത്തകൾ. കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി എന്ന് അവകാശപ്പെടുന്നവരെയും ജപ്പാൻ കപ്പൽ രക്ഷപ്പെടുത്തിയവരും ഒക്കെ കൊണ്ട് വരുന്നതും കാത്ത് തീരത്ത് നിന്നവർ, വഞ്ചിക്കപ്പെടുന്നു എന്ന് തോന്നിയാൽ പിന്നെ എങ്ങിനെ ആണ് പ്രതികരിക്കുക? അവർ അധികാരികളെ കാണണം എന്ന് ആവശ്യപ്പെട്ടത് അവർക്കറിയാവുന്ന ഭാഷയിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചു കടലിൽ പെട്ടവരെ രക്ഷപ്പെടുത്താൻ ആയിരുന്നു അല്ലാതെ നഷ്ടപരിഹാരം വാങ്ങാനോ ഭിക്ഷ യാജിക്കാനോ ആയിരുന്നില്ല.

വീണ്ടും രക്ഷാപ്രവർത്തനത്തിലേക്ക് വരാം. കോസ്റ്റ് ഗാർഡ് ബോട്ടിന് ജനങ്ങള് കല്ലെറിഞ്ഞത് അവരുടെ നിസംഗത കാരണം ആയിരുന്നു. തീരത്തോട് ചേർന്ന് മാത്രം പെട്രോളിംഗ് നടത്തുകയും ഉദ്യോഗസ്ഥൻ ചർദ്ദിച്ചു എന്ന പേരിൽ പെട്രോളിംഗ് നിർത്തി മടങ്ങി വരുകയും ഒക്കെ ചെയ്തവർ മത്സ്യത്തൊഴിളികൾ ചൂണ്ടി കാട്ടിയ സ്ഥലങ്ങളിൽ ഒന്നും പോയി അന്വേഷിക്കാൻ തയ്യാറായില്ല. രക്ഷപ്പെട്ട ഒരു വ്യക്തി പറയുന്നത് ഇങ്ങനെ. അദ്ദേഹത്തെ കോസ്റ്റ് ഗാർഡ് കയറ്റി വരുമ്പോള് കണ്ട മറ്റ് മൂന്നു പേരെ ഉയർന്ന തിരകൾ കാരണം ഭയപ്പെട്ട് കയറ്റാതെ തിരികെ പോന്നു. അദ്ദേഹം അവരെയും രക്ഷപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ “താൻ തന്റെ കാര്യം നോക്കിയാൽ മതി” എന്ന താക്കീത് ആണ് ലഭിച്ചത്. ഇതിനിടക്ക് മത്സ്യത്തൊഴിലാളികള് മറ്റ് പല ഇടങ്ങളിലും ആയി ലഭിച്ച വലിയ ബോട്ടുകളിൽ സ്വന്തം നിലയിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. പലരും വിജയിച്ചു. മൂന്നാം ദിവസം രക്ഷപ്പെടുത്തിയ കുറച്ചു പേര് പറഞ്ഞത് രക്ഷാ ബോട്ട് വരുന്നതിനും അരമണിക്കൂര് മുന്നേ ആണ് കൂടെ ഉള്ള ആള് താഴ്ന്നു പോയത് എന്ന്. ഞായാറാഴ്ച സ്വന്തം ആയി അറുപതോളം വള്ളങ്ങള് ഇറക്കി രക്ഷാപ്രവർത്തനത്തിന് പോകാൻ അവരെ പ്രേരിപ്പിച്ചത് മേൽപ്പറഞ്ഞ നിസംഗതയും അലംഭാവവും ഒക്കെ കാരണം ആയിരുന്നു. എന്നിട്ട് അവർ കൊണ്ട് വന്നത് ഭൂരിഭാഗവും മൃതദേഹങ്ങള് ആയിരുന്നു. അതിലെ ദുഖകരമായ സത്യം എന്താണ് എന്ന് വച്ചാൽ, അവയിൽ പലതും മണിക്കൂറുകൾക്ക് മുന്നെ മാത്രം മരിച്ചവ ആയിരുന്നു. ഒരുപക്ഷെ മത്സ്യതൊഴിലാളികളെ ആദ്യമേ തന്നെ രക്ഷാപ്രവര്ത്തനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലോ, കെട്ടുറപ്പുള്ള വലിയ ബോട്ടുകൾ അവർക്ക് വിട്ടു കൊടുത്തിരുന്നെങ്കിലോ അതുമല്ലെങ്കിൽ കോസ്റ്റ് ഗാർഡ് ആത്മാർഥം ആയി തിരച്ചിൽ നടത്തിയിരുന്നെങ്കിലോ ഇന്ന് ജീവനോടെ ഇരിക്കെണ്ടവർ ആയിരുന്നു അവരൊക്കെ. മൂന്നു ദിവസത്തിനപ്പുറം കുടിക്കാനും കഴിക്കാനും ഇല്ലാതെ അസ്ഥി തുരക്കുന്ന തണുത്ത വെള്ളത്തില് പൊങ്ങു തടി പോലെ രക്ഷകർ വരും എന്ന് കരുതി അവർ കിടന്നുട്ടണ്ടായിരുന്നു. കൂടെ ഉള്ളവർ ഓരോരുത്തരായി താണ് പോകുന്നത് പാതി തുറന്ന കണ്ണുകളില് കണ്ടു കൊണ്ട് അവസാന നിമിഷം വരെ അവർ മരണത്തോട് പോരുതിയിട്ടുണ്ടായിരുന്നു.

ഇനി കരയില് ഉള്ളവര് ശാന്തരായി ഇരിക്കും എന്ന് പ്രതീക്ഷിക്കാൻ തക്കതായി എന്താണ് ഉള്ളത്? കണ്ട്രോൾ റൂമുകളിൽ വിളിച്ചാല് ഒരേ മറുപടി. അവർക്ക് ഒന്നും അറിയില്ല. വാട്സ് ആപ് ഗ്രൂപ്പുകളില് വരുന്ന മെസ്സേജുകളുടെ അടിസ്ഥാനത്തില് നമ്മുടെ വേണ്ടപ്പെട്ടവര് എവിടെ എങ്കിലും എത്തിയോ എന്നറിയാൻ വിളിച്ചു നോക്കുക എന്നതല്ലാതെ മറ്റ് സാധ്യതകളൊന്നും മുന്നില് ഉണ്ടായിരുന്നില്ല. കയ്യിൽ കിട്ടിയ നമ്പരുകൾ ഒക്കെ വച്ച് ഞാനും വിളിച്ചു ലക്ഷദ്വീപിലും മഹാരാഷ്ട്രയിലും ഒക്കെ. രക്ഷപെട്ടവരെ പറ്റി വരുന്ന ഓരോ പേരുകളിലും ഞാനും നോക്കുന്നുണ്ട് എനിക്ക് വേണ്ട കുറെ പേരുകൾ.

ഇത് സർക്കാരിന്റെ കുഴപ്പം അല്ല. ഒരു അപകടം ഉണ്ടാകുന്ന സമയത്ത് ചെയ്യാൻ കഴിയുന്നവ ഒക്കെ ഏത് സർക്കാരും ചെയ്യും. ഇവിടത്തെ പ്രശ്നം മുഖ്യമന്ത്രി തീരത്ത് പോകാൻ വൈകിയതോ അല്ലെങ്കിൽ അവരെ സന്ദർശിക്കാത്തതോ ഒന്നും അല്ല. ഡിസാസ്റ്റർ മാനെജ്മെന്റ് എന്നൊന്ന് നമുക്ക് ശരിയായ വിധം ഇല്ല. അതിൽ തന്നെ കടലും ആയി ബന്ധപ്പെട്ടു ഉള്ള പ്രവർത്തനങ്ങളിൽ അറിവുള്ളവർ ഉണ്ടോ എന്നത് തന്നെ സംശയം ആണ്. അപകടങ്ങൾ ഉണ്ടായ ശേഷം ആണ് പലപ്പോഴും ഞാൻ ഉൾപ്പെടെ ഉള്ളവർ അതിന്റെ പ്രതിവിധികളെ പറ്റി ചിന്തിക്കുന്നത്. മുകളിൽ പറഞ്ഞ ചില ഏജൻസികൾ പരാജയപ്പെട്ടതിനാൽ മാത്രം പലർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. വെറും പ്രകൃതി ദുരന്തം എന്ന നിലയിൽ ഇതിനെ ലേബൽ ചെയ്യുന്നത് തീരദേശ വാസികളോട് ചെയ്യുന്ന ക്രൂരതയായിരിക്കും. കൃത്യ സമയത്ത് വേണ്ട വിധം തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ ഒരുപാട് ജീവൻ നമുക്ക് രക്ഷിക്കാമായിരുന്നു. ഔദ്യോഗിക സംവിധാനങ്ങൾ അപകടം നടക്കുമ്പോൾ നുണ പറയുന്നത് ആണ് മറ്റൊരു പ്രധാന വിഷയം. പലരെയും പലയിടത്തും രക്ഷിച്ചതായും മറ്റും തെറ്റായ വാര്ത്തകള് ഔദ്യോഗികം ആയി തന്നെ പ്രചരിക്കപ്പെടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ആലോചിക്കണം.

കാലങ്ങളായി ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ ഒന്ന് കൂടി ഇവിടെ ആവർത്തിക്കാം. കോസ്റ്റ് ഗാർഡ് തീര സുരക്ഷ തുടങ്ങിയ മേഖലകളിൽ മത്സ്യത്തൊഴിലാളികളെ തന്നെ പരിശീലനം നൽകി എടുക്കുക. കടലുമായി അറിവുള്ള സമുദായങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ പ്രസ്തുത തസ്തികകളിലേക്ക് പരിഗണിക്കുക. മറ്റൊന്ന് ഫിഷറീസ് മന്ത്രാലയം. ഈ രാജ്യത്തിന്റെ വലിയൊരു അതിർത്തിയും കടലിനാൽ ചുറ്റപ്പെട്ടതാണ്. കോടിക്കണക്കിനു ആളുകള് ഉപജീവനത്തിനായി കടലിനെ ആണ് ആശ്രയിക്കുന്നത്. കടൽ ഇന്ത്യയുടെ ജിഡിപി ക്ക് നല്കുന്ന പങ്കിന്റെ ഒരംശം പോലും അതിനു കാരണക്കാരയാ മുക്കുവർക്ക് ലഭിക്കുന്നില്ല. അതിനാല് ഇപ്പോൾ കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിൽ പ്രവര്ത്തിക്കുന്ന ഫിഷറീസ് വകുപ്പിനെ സ്വതന്ത്ര മന്ത്രാലയം ആക്കി മാറ്റണം.

മുകളിൽ എഴുതിയവ എല്ലാം തന്നെ കക്ഷി രാഷ്ട്രീയ ഭേദമന്യേ രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ടിരുന്നവരും രക്ഷപ്പെട്ടു വന്നവരും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും മുക്കുവരായ രാഷ്ട്രീയ പ്രവര്ത്തകരോട് ചർച്ച ചെയ്തും കൂടിയാലോചിച്ചും എഴുതിയതാണ്. അതായത് വ്യക്തിപരമല്ല പൊതു അഭിപ്രായം കൂടിയാണിത്. മുക്കുവർ റോഡ് ഉപരോധിക്കുക വഴി ആർക്കെങ്കിലും സമയനഷ്ടമോ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായെങ്കില് ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു. കുറെ പ്രാണനു വേണ്ടി ഉള്ള പിടച്ചിലായിരുന്നു ഒക്കെ.

Be the first to comment on "കുറെ പ്രാണനു വേണ്ടി ഉള്ള പിടച്ചിലായിരുന്നു ഒക്കെ , തീരദേശവാസികളോട് നാം ചെയ്യുന്നതെന്താണ്?"

Leave a comment

Your email address will not be published.


*