ഇരട്ടനീതിയാണ് വനിതാക്കമ്മീഷന്. എന്തേ പിള്ളക്കെതിരെ കേസെടുക്കാനാവുന്നില്ലെന്ന് ശ്രീജ നെയ്യാറ്റിന്‍കര

കേരളത്തിലെ വനിതാക്കമ്മീഷന് മൃദുഹിന്ദുത്വ നിലപാടാണെന്നും മുസ്ലിംഭീതി വളര്‍ത്തുകയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനസെക്രടറി ശ്രീജ നെയ്യാറ്റിന്‍കര. ഫ്‌ളാഷ് മോബ് കളിച്ച മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾക്ക് നേരെയുള്ള അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത കമ്മീഷന് എന്ത് കൊണ്ട് കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മുഴുവൻ ബലാൽസംഗം ചെയ്യണമെന്ന്‌ ഫേസ്ബുക്കില്‍ പോസ്റ്റിയ രാധാകൃഷ്ണപിള്ള എന്ന സംഘ് പരിവാരുകാരനെതിരെ മാസങ്ങള്‍ക്ക് മുമ്പ് താന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാനാവില്ലെന്ന് ശ്രീജ ചോദിക്കുന്നു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

” കേരള വനിതാകമ്മീഷൻ കാണിച്ചു കൊണ്ടിരിക്കുന്ന നെറികെട്ട സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് …

ഫ്‌ളാഷ് മോബ് കളിച്ച മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾക്ക് നേരെ തെറിപ്പാട്ട് നടത്തിയവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുന്നു …. വളരെ നല്ല കാര്യം …. കാരണം സ്ത്രീകൾക്ക് നേരെ നടക്കുന്ന വയലൻസിനെ തടയുക എന്നതാണല്ലോ വനിതാ കമ്മീഷന്റെ ഉത്തരവാദിത്തം ….. പക്ഷേ മുസ്ലീങ്ങൾക്ക് നേരെ മാത്രം ഉയരുന്ന നിങ്ങളുടെ ഈ നിയമവടിയുണ്ടല്ലോ അതിന്റെ മുഖം വളരെ വികൃതമാണ് സഖാവ് ജോസഫൈൻ ….. ഞാനൊരു പരാതി നിങ്ങൾക്ക് മുന്നിലെത്തിച്ചിട്ടു മാസങ്ങൾ പിന്നിടുന്നു …കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മുഴുവൻ ബലാൽസംഗം ചെയ്യണമെന്ന്‌ രാധാകൃഷ്ണപിള്ള എന്ന സംഘി നടത്തിയ ആഹ്വാനം …. സ്വമേധയാ കേസെടുത്തില്ല പോട്ടെ പരാതി തന്നു മാസങ്ങൾ കഴിഞ്ഞില്ലേ ഒരു പ്രാഥമിക നടപടിയെങ്കിലും നിങ്ങൾ സ്വീകരിച്ചോ …..?

ഹാദിയ എന്ന സ്ത്രീ സ്വന്തം വീടിനുള്ളിൽ ക്രൂരമായ പീഡനങ്ങൾക്കും ഘർവാപ്പസിക്കും വിധേയയായില്ലേ അത് സംബന്ധിച്ചു എത്രയെത്ര പരാതികൾ നിങ്ങളുടെ മേശപ്പുറത്തെത്തി ഹേയ് സ്ത്രീയെ നിങ്ങൾ ആ പരാതികൾക്ക് പുല്ലുവില കൽപിച്ചോ ? … തൃപ്പൂണിത്തുറ യോഗാകേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ നേരിട്ട് തന്നെ കേരളത്തോട് വിളിച്ചു പറഞ്ഞില്ലേ അത് യോഗാകേന്ദ്രമല്ല ഘർവാപ്പസി കേന്ദ്രമാണെന്നും തങ്ങളവിടെ ക്രൂരമായ ലൈംഗിക പീഡനത്തിനടക്കം ഇരയാകുന്നുവെന്നും … എന്തേ വനിതാകമ്മീഷൻ നടപടിയെടുത്തില്ല …? സ്വമേധയാ വേണ്ട ആ പെൺകുട്ടികളിൽ ചിലർ നൽകിയ പരാതിയെങ്കിലും നേരാംവണ്ണം അന്വേഷിച്ചോ സ്ത്രീയെ നിങ്ങൾ …?

കഴിഞ്ഞ രണ്ടു നാളുകൾക്കു മുൻപല്ലേ എറണാകുളത്ത് ഒരു ദളിത് സ്ത്രീ രാത്രിയിൽ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ പോലീസ് അവളെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന പരിശോധന വരെ നടത്തണമെന്ന് വാശി പിടിച്ചത് .. എന്തേ മാഡത്തിന് ആ വിഷയത്തിൽ സ്വമേധയാ കേസെഴുതാൻ പേന പൊങ്ങിയില്ലേ …. ?

ശ്രീമതി ജോസഫൈൻ ഈ രോഗം വേറെയാണ് …. മുസ്‌ലിം പെൺകുട്ടികളെ തെറി പറഞ്ഞവരുടെ സ്ഥാനത്ത് സംഘപരിവാർ ആയിരുന്നെങ്കിൽ സ്വമേധയാ പോയിട്ട് പരാതി തന്നാൽ പോലും നിങ്ങൾ കേസെടുക്കില്ല എന്ന് ഉറപ്പാണ് … ഹിന്ദുത്വ വയലൻസിനു അങ്ങേയറ്റം ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും എന്നാൽ ഇരകൾ വേട്ടക്കാരാകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ അവർക്കു നേരെ ചാടിവീഴുകയും ചെയ്യുന്ന ഈ കളിയുണ്ടല്ലോ ഇതിന്റെ പേര് മൃദു ഹിന്ദുത്വ എന്നാണ് …. കേരള വനിതാ കമ്മീഷനടക്കം കേരളത്തിൽ മുസ്‌ലിംഭീതി വളർത്തിക്കൊണ്ടിരിക്കുന്നു എന്ന സത്യം വിളിച്ചു പറയാൻ യാതൊരു ഭയവും ഇല്ലെനിക്ക് ….

ഫ്‌ളാഷ് മോബ് കളിച്ചതിന്റെ പേരിൽ മതപൗരോഹിത്യത്തിന്റെ ഇരകളാക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം തന്നെയാണ് …. അശ്ലീല പ്രയോഗങ്ങൾ കൊണ്ടും തെറിപ്പാട്ടുകൾ കൊണ്ടും സ്ത്രീത്വത്തെ അപമാനിച്ച മതാന്ധത ബാധിച്ച രോഗികളെ നിയമം നിലയ്ക്ക് നിർത്തുക തന്നെ വേണം …പക്ഷേ സ്റ്റേറ്റിന്റെ ഈ ഇരട്ടത്താപ്പുണ്ടല്ലോ അത് തുറന്നു കാട്ടാതെ പോകുന്നത് നീതിയല്ല ….”

Be the first to comment on "ഇരട്ടനീതിയാണ് വനിതാക്കമ്മീഷന്. എന്തേ പിള്ളക്കെതിരെ കേസെടുക്കാനാവുന്നില്ലെന്ന് ശ്രീജ നെയ്യാറ്റിന്‍കര"

Leave a comment

Your email address will not be published.


*