മുഖം മിനുക്കി ഷാർജ അൽ മുൻതസ പാർക്ക്

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ റൈഡുകളും വിശേഷങ്ങളുമൊരുക്കി ഷാർജ അൽ മുൻതസ പാർക്ക് . നൂറു മില്യൻ ദിര്ഹം ചിലവിട്ടാണ് അറുപതിലധികം റൈഡുകൾ ഒരുക്കുന്നത്. യുഎഇയിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന അൽ മുൻതസ വാട്ടർ ആൻഡ് അമ്യൂസ്‌മെന്റ് പാർക്ക് .

പ്രിൻസസ് പേൾസ് എന്ന ആശയത്തിലാണ് വാട്ടർ തീം പാർക്ക് സജ്ജീകരിക്കുന്നത്. ഒരേ സമയം 7000 സഞ്ചാരികളെ ഉൾക്കൊള്ളാവുന്ന പാർക്കിൽ ഇരുന്നൂറിലേറെ പേരെ ഉൾക്കൊള്ളുന്ന വെവ് പൂൾ, കുട്ടികൾക്കായുള്ള സ്ലൈഡുകള് എന്നിവയടക്കം 35 പുതിയ റൈഡുകളാണുള്ളത്. മണിക്കൂറില് ആയിരം പേരെ ഉൾക്കൊള്ളാവുന്ന ഭക്ഷണശാലയും മറ്റു ആധുനിക സൗകര്യങ്ങളുമുണ്ടാവും.

ഐലൻഡ് ഓഫ് ലെജന്ഡ്സ്” എന്നു പേരിട്ട അമ്യൂസ്മെന്റ് പാർക്ക് ഒരേ സമയം 10000 സഞ്ചാരികളെ ഉള്ക്കൊള്ളാവുന്ന വിധത്തിലാണ് നവീകരിച്ചിരിക്കുന്നത്. ഒന്പത് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവല് എക്സ്പീരിയന്സാണ് മുഖ്യ ആകർഷണം. ഈ സഞ്ചാരത്തിനായി നാല്പ്പതു കോച്ചുകളുള്ള പ്രത്യേക ട്രെയിനും ഒരുക്കിയിട്ടുണ്ട്. 1500 അതിഥികളെ ഉൾക്കൊള്ളുന്ന ഭക്ഷണശാല, ചെറിയ കുട്ടികൾക്കായുള്ള പ്രത്യേക പാർക്ക് എന്നിവയുമുണ്ട്.

“ടിയുവി സെർറ്റിഫിക്കേഷൻ ഉള്ള ലോകോത്തര സുരക്ഷാ സംവിധാനങ്ങളാണ് അൽ മുൻതസ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം അതിഥിയ്ക്കാവശ്യമുള്ള ആധുനിക സൗകര്യങ്ങളുമുണ്ട്. ഷാര്ജയിലെത്തുന്ന സഞ്ചാരികൾക്കും ഇവിടെ താമസിക്കുന്നവർക്കും ഏറ്റവും മികച്ച സഞ്ചാരാനുഭവങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വൈകുന്നേരങ്ങളിലെ പ്രത്യേക ഷോ, വര്ഷം തോറും ഉത്സവങ്ങൾ എന്നിങ്ങനെ ഒട്ടനവധി പുത്തന് അനുഭവങ്ങൾ അണിയറയിൽ അവസാന ഘട്ടത്തിലാണ്” – ഷുറൂഖ് സി.ഒ.ഒ അഹ്മദ് അൽ കസീർ , അൽ മുൻതസപാർക്ക് മാനേജർ ഖാലിദ് ഇബ്രാഹിം അൽ ഖസീർ എന്നിവർ പറഞ്ഞു.

ഷാർജ ഫ്ലാഗ് ഐലൻഡിൽ നടന്ന പത്രസമ്മേളനത്തിലാണ് മുൻതസ പാർക്കിലെ പുതിയ ആകർഷണങ്ങൾ അനാവരണം ചെയ്തത്. നവീകരിച്ച വാട്ടർ തീം പാർക്ക് ഫെബ്രുവരിയിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.

 

Be the first to comment on "മുഖം മിനുക്കി ഷാർജ അൽ മുൻതസ പാർക്ക്"

Leave a comment

Your email address will not be published.


*