ജാമ്യമാണ് നീതി. ഷൈനയ്‌ക്ക് നേരെ തുടരുന്നത് പ്രതികാരവേട്ട

റഷീദ് സിപി

ജാമ്യമാണ് സാമാന്യ നീതി, ജയിൽ അപവാദമാണ്. കെ. അജിതയ്ക്ക് ശേഷം ഏറ്റവുമധികം കാലം ജയിൽ വാസമനുഭവിച്ച ഇടതു പക്ഷ രാഷ്ട്രീയ പ്രവർത്തക പി. എ. ഷൈനയ്ക്ക് നിഷേധിക്കപ്പെടുന്നതും ഈ സാമാന്യ നീതിയാണ്. 2015 മെയ് മാസം അറസ്റ്റ് ചെയ്യപ്പെട്ട ഷൈനയ്ക്കെതിരെ ചുമത്തപ്പെട്ട ഏഴോളം യുഎപിഎ കേസുകളിലെ ആരോപണങ്ങളെല്ലാം വളരെ ലഘുവായിരുന്നിട്ടുകൂടി അവയിൽ ജാമ്യം ലഭിച്ചത് ഈയിടെ മാത്രമാണ്. കേരളത്തിലെ കേസുകളിൽ ജാമ്യം ലഭിച്ചതിനുശേഷം നേരത്തെ തന്നെ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി ഷൈനയുടെ തടവ് ജീവിതം പരമാവധി നീട്ടിക്കൊണ്ടു പോവുക എന്ന പ്രതികാര ബുദ്ധിയാണ് ഇപ്പോൾ ഭരണകൂടം തുടരുന്നത്.

ആദിവാസി മേഖലകളിലും ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങളുമായി തൊഴിലാളികൾക്കിടയിലും വളരെ പരസ്യമായി പ്രവർത്തിച്ചിരുന്ന ഷൈന കള്ള കേസുകൾ ചുമത്തി ഭരണകൂട വേട്ടയാടലുകൾ ആരംഭിച്ചപ്പോൾ അന്യായമായ അറസ്റ്റിലേക്കും ഒരിക്കലുമവസാനിക്കാത്ത തടവറജീവിതത്തിലേക്കും വലിച്ചെറിയപ്പെടുമെന്ന ആശങ്ക ഉയർത്തി ,സ്വന്തം പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ പേരിൽ ആണ് ഒളിവിൽ പോകുന്നത്.സഖാവ് കൃഷ്ണപ്പിള്ളയുടെ പിൻതുടർച്ചയിൽ അവശം കൊള്ളുന്ന ഒരിടതു സർക്കാരിന് അതെങ്ങനെ ക്രിമിനൽ കുറ്റമായി കാണാനാവും.അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് എഴുതിയ കത്തിൽ തനിക്ക് മദനിയുടെ ഗതി വരുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഷൈനയുടെ തടവ് അന്യായമായി നീളുമ്പോൾ അന്ന് അവർ പങ്കുവെച്ച ആശങ്ക ന്യായമായിരുന്നു എന്ന് തെളിയുകയാണ്. കോയബത്തൂരിനടുത്ത് ഒരു വാടക വീടെടുത്ത് താമസിച്ചിരുന്നു എന്ന് കുറ്റം ചുമത്തപ്പെട്ട അവർ പിന്നീട് കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ നടന്ന നോട്ടീസ് വിതരണം ഉൾപ്പെടെയുള്ള കേസുകളിൽ പോലും പ്രതി ചേർക്കപ്പെടുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അനീതി പ്രകടമാണ്.

മറ്റു നിരവധിയായ രാഷ്ട്രീയ തടവുകാരുടേത് പോലെ ഷൈനയുടെ തടവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്. അന്യായമായ ഈ തടവിനെതിരെ നമുക്ക് ശബ്ദമുയർത്താം… ഷൈനയുടെ മോചനം സാധ്യമാക്കാം…

വ്യത്യസ്ത സാമൂഹിക സമര ഇടങ്ങളിലെ സജീവ സാന്നിധ്യമായ റഷീദ് സിപി ജനകീയ മനുഷ്യാവാശ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കൂടിയാണ്

Be the first to comment on "ജാമ്യമാണ് നീതി. ഷൈനയ്‌ക്ക് നേരെ തുടരുന്നത് പ്രതികാരവേട്ട"

Leave a comment

Your email address will not be published.


*