‘നിങ്ങളുടെ ഇസ്ലാമോഫോബിയ ഞാൻ തിരിച്ചറിയുന്നുണ്ട്. അതു നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം’ ലാലി പിഎം എഴുതുന്നു

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി പിഎം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്

രണ്ട് മൂന്ന് വര്‍ഷം മുന്‍പ് ഡല്‍ഹി സന്ദര്‍ശിച്ചൊരു വേളയില്‍ രാഷ്ട്രപതിഭവനത്തിനു സമീപത്തൊരൂ പുല്‍തകിടിയിലിരിക്കുമ്പോ സമീപത്തൊരു വഴിയിലൂടെ കുറച്ച് പേര്‍ നടന്നു വരുന്നതു കണ്ടു.. തലയില്‍ തൊപ്പിയും നീണ്ട കുര്‍ത്തപോലൊരു ഡ്രസ്സും വളര്‍ന്ന താടിയും മീശയില്ലാത്ത മേല്‍ചുണ്ടുമൊക്കെയായി..

കണ്ട മാത്രയില്‍ ഞാന്‍ പകുതി കളിയായും പകുതി കാര്യമായും “ഹെന്റമ്മേ.!! ഭീകരര്‍” എന്ന് പറയവേയാണു എന്റെ മോളെന്നോട് കയര്‍ത്തത്.. “ഉമ്മാ നാണമാകുന്നില്ലേ ഇങ്ങനെ സാധാരണക്കാരെപ്പോലെ സംസാരിക്കാന്‍..? അവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ ഡ്രസ്സ് ധരിച്ചുവെന്നല്ലാതെ എന്ത് ഭീകരപ്രവര്‍ത്തനമാണു അവര്‍ നടത്തുന്നത് . ഒരാളുടെ ഡ്രസ്സൊക്കെ നോക്കി അവരെ തീവ്രവാദിയാക്കാന്‍ ഉമ്മായെ ആരാണു പഠിപ്പിച്ചത്? .കൈയ്യില്‍ ചുവന്ന ചരടും നെറ്റിയില്‍ തൊട്ട സിന്ദൂരവുമൊക്കെ കണ്ട് ഒരാള്‍ മതവാദിയെന്നോ ബിജെപ്പിയെന്നോ വിചാരിക്കുന്നതല്ലാതെ നമ്മള്‍ അയാളൊരു ഹിന്ദു തീവ്രവാദിയെന്ന് ഒരിക്കലെങ്കിലും വിചാരിക്കാറുണ്ടോ..? ഇത്രയും വായിക്കുകയും എഴുതുകയും ചെയ്യുന്ന ഉമ്മാക്ക് പൊതുബോധമനസ്സുപോലെയേ സംസാരിക്കാനാവൂന്നുള്ളുവെങ്കില്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്തിനാ” എന്നൊക്കെ അവള്‍ പറയുമ്പോഴാണു എന്റെ മുഖം കുനിഞ്ഞു പോയത്..

അതൊരു ഷോക്കും തിരിച്ചറീവുമായിരുന്നു.. നമ്മളറിയാതെ നമ്മളിലേക്ക് കടന്നു വരൂന്ന ഒട്ടനേകം വ്യാജ പ്രതിബിംബക്കെണികളിലേക്കും അതിന്റെ പൊള്ളത്തരങ്ങളിലേക്കും ആഴത്തില്‍ ചിന്തിപ്പിക്കാന്‍ ആ സംഭവത്തിനു കഴിഞ്ഞു.. അന്ന് അവള്‍ ജെ എന്‍ യു പോലെ രാജ്യത്തെ ബുദ്ധികേന്ദ്രങ്ങളില്‍ പോലും രൂഢമൂലമായിരിക്കുന്ന ഇസ്ലാമോഫോബിയയെ പ്പറ്റി എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു.. ലക്ഷ്മി എന്ന തികച്ചും സവര്‍ണ്ണ ഹിന്ദു നാമത്തിന്റെ ഉടമയാകുമ്പോഴും അവള്‍ ജനിച്ച് വളര്‍ന്ന മതത്തിന്റ പേരില്‍ മാത്രം അപഹാസ്യയാക്കപ്പെട്ട അനേകം കാര്യങ്ങളെപ്പറ്റി.. ഉമ്മാ നമ്മള്‍ മതമുപേക്ഷിക്കുമ്പോഴും അത് നമ്മളെ ഉപേക്ഷിക്കുന്നേയില്ലെന്ന്.. മറ്റൊരു മുസ്ലീം കുട്ടിയോട് കൂട്ടു കൂടിയാല്‍ പോലും അറിയാതെ മറ്റുളളവര്‍ പറയുന്ന കമെന്റുകള്‍ അവളെ ദേഷ്യം കൊള്ളിക്കുന്നതിനെക്കുറിച്ച്..

ഞാനുമാലോചിക്കുകയായിരുന്നു.. നിരീശ്വരവാദിയായ വാപ്പ ചെറുപ്പത്തിലേ മരിച്ചപ്പോ നിര്‍ലോഭമായ സ്നേഹവും സാമ്പത്തിക പിന്തുണയും തന്ന് വളര്‍ത്തിയ എന്റ ഉമ്മച്ചിയുടെ വീട്ടുകാരെക്കുറിച്ച്.. എന്നേ പ്പോലെ വ്ദ്യാഭ്യാസത്തിലോ വായനയിലോ സാമൂഹ്യമുന്നേറ്റത്തിലോ പ്രിവിലേജ്ഡ് ആയിരുന്നില്ല അവര്‍.. മതപരമായ വിശ്വാസാങ്ങളും ആചാരങ്ങളും മാത്രമുണ്ടായിരുന്നൊരു അന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്നവര്‍. അവര്‍ക്ക് വലിയ പുരോഗമനചിന്തയൊന്നുമുണ്ടായിരുന്നില്ലെന്നേയുള്ളു.. എന്നാല്‍ മതം നല്‍കിയൊരാത്മീയതയുണ്ടായിരുന്നു അവര്‍ക്ക്. സ്നേഹവും ദയവും കാരുണ്യവുമുണ്ടായിരുന്നു അവര്‍ക്ക്. ആര്‍ക്കെങ്കിലും അവര്‍ പ്രശ്നമുണ്ടാക്കിയിട്ടില്ല. എന്നിട്ടും ലോകത്തിന്റെ ഏതെങ്കിലും മൂലയില്‍ മതത്തിനുവേണ്ടിയോ അല്ലെങ്കില്‍ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളാലോ കുറച്ച് അറബി പേരുകാര്‍ കലാപകാരികളാകുമ്പോഴെല്ലാം സ്വന്തം മതത്തിന്റെ പേരില്‍ തലകുനിക്കേണ്ടി വരുന്നുണ്ട് അവര്‍ക്ക്.

ഇസ്ലാമോഫോബിയ എന്നതൊരൂ കുറ്റമൊന്നുമല്ല .. എന്നാലതൊരു തെറ്റാണു. തെറ്റിദ്ധാരണയാണു .. സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും പോലെ, നമ്മളറിയാതെ നമ്മള്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുന്നേ ജനിച്ച് കുടിക്കുന്ന മുലപ്പാലോടൊപ്പം നമ്മുടെ രക്തത്തില്‍ കലര്‍ന്ന് നമുക്കൊപ്പം അതു വളരുന്നുണ്ട്..

സ്ത്രീ വിരുദ്ധരോ ദളിത് വിരുദ്ധരോ സമ്മതിക്കുമോ തങ്ങള്‍ പറഞ്ഞത് വിരുദ്ധതയാണെന്ന്.. കാരണം അവരറിഞ്ഞു കൊണ്ട് പറയുന്നതല്ല അത്.. തനിക്ക് മുന്‍പും ഇങ്ങനെയൊക്കെ പറഞ്ഞ് തന്നയാണു ഈ ലോകം നിലനിന്നത്.. ഇത്തരം ആശയങ്ങളൊക്കെയാണു സമൂഹത്തെ നിലനിറുത്തിയത് എന്നവര്‍ തര്‍ക്കിക്കും…

കൂടിവന്നാല്‍ നമ്മളൊക്കെ മനുഷ്യരല്ലേയെന്നവര്‍ സമത്വം വിളമ്പും.. ഒരാള്‍ ഇസ്ലാമോഫോബിയയെ എതിര്‍ത്താല്‍ ഉടന്‍ തന്നെ അയാളെ മതവാദിയാക്കുന്ന തരം പുരോഗമനത്തിലൊന്നും എനിക്കിപ്പോ വിശ്വാസമില്ല.

ഞാന്‍ ഒരൂ ദൈവത്തിലും വിശ്വാസിക്കുന്നില്ലെങ്കിലും പര്‍ദ്ദയിടുന്നില്ലെങ്കിലും അഞ്ച് നേരം നമസ്ക്കരിക്കുന്നില്ലെങ്കിലും നോമ്പെടുക്കുന്നില്ലെങ്കിലും പൊട്ട് തൊടുന്നുണ്ടെങ്കിലും എനിക്ക് മുസ്ലീങ്ങളെപ്പറ്റിയ്ം അവര്‍ക്ക് ഒരു മതേതര രാജ്യത്തില്‍ ആത്മാഭിമാനത്തോടെ വിശ്വാസിയായി ജീവിക്കാനുള്ള അവകാശത്തെ പ്പറ്റിയും സംസാരിക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടെന്ന് ഞാന്‍ കരുതുന്നേയീല്ല..

നിങ്ങളുടെ ഇസ്ലാമോഫോബിയ എനിക്ക് തിരിച്ചറിയാനാ‍ാവുന്നുണ്ട്. അതു നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്നതാണു പ്രശ്നം.

Be the first to comment on "‘നിങ്ങളുടെ ഇസ്ലാമോഫോബിയ ഞാൻ തിരിച്ചറിയുന്നുണ്ട്. അതു നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം’ ലാലി പിഎം എഴുതുന്നു"

Leave a comment

Your email address will not be published.


*