മുസ്‌ലിംകളും മതേതര ആശ്ചര്യചിഹ്നങ്ങളും

സുഹൈൽ അബ്‌ദുൽ ഹമീദ്

ഈയിടെ, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് ഈയുള്ളവൻ കേട്ട രണ്ട് ആശ്ചര്യങ്ങൾ കൊണ്ട് തുടങ്ങാം.

ഒന്ന്, കയ്യിൽ ഇരിക്കുന്ന പുസ്തകം വാങ്ങി തലേക്കെട്ട് നോക്കി ”നിനക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോടാ..!”, എന്ന മതേതരനായ സുഹൃത്തിന്റെ ആശ്ചര്യം.

രണ്ട്, കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ ഇതേ രാഷ്ട്രീയമുള്ള മറ്റൊരു സുഹൃത്ത് അതേ പുസ്തകം മറിച്ച് നോക്കി പിന്നാമ്പുറത്തെ പ്രസാധകരെ കണ്ട്, ”ഓ.!” എന്ന ശബ്ദം പുറപ്പെടുവിച്ച് അരവാക്കിൽ ഒതുങ്ങുന്ന രണ്ടാമത്തെ ആശ്ചര്യം.

പുസ്തകം: ഇസ്ലാമോഫോബിയ (എഡിറ്റർ :ഡോ.ഹിക്മത്തുള്ള)
പ്രസാധകർ: ഇസ്ലാമിക്പബ്ലിഷിങ്ങ്ഹൌസ്

ആദ്യത്തെ ആശ്ചര്യം ‘ഇസ്ലാമോഫോബിയ’ എന്ന Discourse നോടായിരുന്നെങ്കിൽ രണ്ടാമത്തേത്, ‘ഇസ്ലാമിക്പബ്ലിഷിങ്ങ്ഹൌസ്’ എന്ന പ്രസാധന സ്ഥാപനത്തിലേക്കാണ്. രണ്ടിലും ‘ഇസ്ലാം’ എന്ന ശബ്ദമാണ് ആശ്ചര്യത്തിന് ഹേതുവാകുന്നത്. ഇതേ മേളയിൽ തന്നെയാണ് ഹിജാബിട്ട, പർദ്ദയണിഞ്ഞ ഒരു മുസ്ലിം പെൺകുട്ടി സംവിധായകനോട് താങ്കളുടെ സിനിമയിൽ ഇസ്ലാമോഫോബിയ ഇല്ലേ എന്ന് ചോദിക്കുമ്പോൾ മതേതര കാണികൾ കൂക്കുവിളികൾ കൊണ്ട് ആദരിക്കുന്നതും, തല മുതിർന്ന സംവിധായകൻ “കുട്ടി ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നത് ” എന്ന് ഉപദേശിക്കുന്നതും, തട്ടമിട്ട മുസ്ലിം പെൺകുട്ടികളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ഫ്ലാഷ്മോബ് സംഘടിപ്പിക്കപ്പെടുന്നതും.

മേൽപ്പറഞ്ഞ പുസ്തകവും, അതിന്റെ ഭാഗമായ ഒരു article ഉം, അതിൽ പറയുന്ന ചരിത്രപരമായ രണ്ട് ആശ്ചര്യങ്ങളും മറ്റൊരു ആശ്ചര്യത്തോട് ചേർത്ത് വായിക്കാനാണു ഞാൻ ശ്രമിക്കുന്നത്. . മുസ്ലിം ശരീരങ്ങളെ, ചലനങ്ങളെ, വായനയെ, അറിവിനെ, വസ്ത്രധാരണത്തെ, സംസാരത്തെ, ഇടപെടലുകളെ, അഭിപ്രായങ്ങളെ, ദൃശ്യതയെ തന്നെ എങ്ങനെയാണ് മതേതര മലയാളി മോഡേർണിറ്റി ആശ്ചര്യ ചിഹ്നങ്ങൾ കൊണ്ട് നേരിടുന്നത് എന്ന് നോക്കാം

ചരിത്രപരമായ രണ്ട് ആശ്ചര്യങ്ങൾ ഹുദൈഫ റഹ്മാൻ പരിചയപ്പെടുത്തുന്നു. ഒന്ന്, മതേതരനായ വി.കെ.എൻ എന്ന സാഹിത്യകാരന്റെതാണെങ്കിൽ രണ്ടാമത്തേത് സിനിമാ നടനായ, മതേതരത്വത്തിന് സ്വീകാര്യനായ മുസ്ലിം, മാമുക്കോയയുടേതാണ്.
(അവലംബം: മാമുക്കോയആത്മകഥ, മാമുക്കോയ, താഹമാടായി)

സംഭവംഇങ്ങനെ,
വൈക്കം മുഹമ്മദ് ബഷീറിന്റെ മയ്യിത് പരിപാലനത്തിൽ പങ്കെടുക്കാൻ വി.കെ.എൻ എന്ന വടക്കേ കൂട്ടാല നാരായണൻനായർക്ക് പൂതി . എന്നാൽ, മുസ്ലിം പള്ളിയിൽ കയറാനുള്ള ‘ഭയം’, കയറിയാലുള്ളതിനെകുറിച്ചുള്ള കൗതുകം. മാമുക്കോയ നൽകിയ ധൈര്യത്തിൽ ഉള്ളിൽ
കയറിയ ആളെ പള്ളിയിലെ ഉസ്താദ് തിരിച്ചറിയുന്നു . സാഹിത്യത്തെകുറിച്ച് സംസാരിക്കുന്നു. തുടർന്ന്, രണ്ട് ആശ്ചര്യങ്ങൾ . ഒന്ന്, വി.കെ.എൻ : മൗലവിക്ക് പോലും സാഹിത്യം അറിയാം ..!”
രണ്ട്, മാമുക്കോയ, ”മുസ്ലിം എന്ന നിലയിൽ ആ മൗലവിയെ ഓർത്ത് ഞാൻ സന്തോഷിക്കുന്നു..!”

മൗലവിയാണ്, തൊപ്പിയുണ്ട്, താടി, തലേക്കെട്ട്, വെള്ളവസ്ത്രം, അത്തറ്, പള്ളി, കഫിയ (വേണമെങ്കിൽ ആവാം), പക്ഷെ പള്ളിക്കുള്ളിൽ ഇരുന്ന് സാഹിത്യം വായിക്കുന്നു. ദഹിക്കാൻ പ്രയാസം. ഇവിടെ വി.കെ.എൻന്റെ നിരീക്ഷണം രസകരമാണ് ” ഈ കാണുന്ന പള്ളിയിലെ മൗലവിമാരൊക്കെ കുറച്ച് അറബിയും പഠിച്ച്, പിള്ളേരെ പഠിപ്പിച്ച്, പെണ്ണും കെട്ടി നടക്കണ വർഗംന്നാ ഞാൻ വിചാരിച്ചത്. പക്ഷെ ഇവിടെ സ്ഥിതി അതല്ലല്ലോ കോയെ..!” ഇവിടെ, ഒരു exeptionalcase ആണ് വി .കെ.എൻന്.

ഒരു മുസ്ലിം ‘ശവസംസ്കാര’ ചടങ്ങ് നേരിട്ട് കാണാനുള്ള വി.കെ.എൻന്റെ പൂതി മാമുക്കോയക്ക് ആശ്ചര്യമല്ലാതാവുകയും ,അതെ സമയം പുരോഗമനപരവും വിപ്ലവാത്മകവും ആവുന്നു. എന്നാൽ വി.കെ.എൻനെ അറിയും എന്ന മൗലവിയുടെ ‘അറിവ്’, രണ്ട് പേർക്കും രണ്ട് തരത്തിൽ ആശ്ചര്യത്തിന് പാത്രമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ആശ്ചര്യത്തിൽപുരോഗമനാത്മകമായ ഒരുഅഭിമാനവും കൂടി ഉണ്ട്. ആശ്ചര്യത്തിന് ഇരട്ടി മധുരം. ഒരു മലയാളി മുസ്‌ലിം അഥവാ മത പരിഷ്കാരി മുസ്ലിം ഒരു മതം പേറി മുസ്ലിമിനെ കാണുന്ന നോട്ടം ഹുദൈഫ റഹ്മാൻ പറയുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മലയാളീകരിക്കപ്പെട്ട മുസ്ലിം മലയാളീകരിക്കപ്പെടാത്ത മുസ്ലിമിനെ കാണുന്നവിധം. ”ഞങ്ങളെപോലെ നിങ്ങൾ ആവാത്തതാണ് നിങ്ങളുടെ പ്രശ്നം, പരിമിതി”, മുസ്ലിം മത പണ്ഡിതനോട് ‘മലയാളിമുസ്ലിം’ പറയുന്നു.

ഇതോട് ചേർത്തു വായിക്കാൻ ശ്രമിക്കുന്ന സംഭവം/സന്ദർഭം, അനുഭവമാണ്. അത്, ഇങ്ങനെ.
രണ്ട് സുഹൃത്തുക്കളോടൊപ്പം കഥകളൊക്കെ പറഞ്ഞ് ഇങ്ങനെ നടക്കുകയാണ്. തൊട്ടപ്പുറത്ത്, സാഹിത്യ അക്കാദമി. അവൾ, ഒരു അനുഭവം പറയുന്നു..മുഖത്ത്, ആശ്ചര്യം സന്തോഷം.
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു മുസ്ല്യാർകുട്ടി (അനുഭവസ്ഥയുടെ terminology) വന്നിരിക്കുന്നു. തലേക്കെട്ടും, വെള്ളക്കുപ്പായവും ഇട്ടവർ ബാക്കിയുള്ള മനുഷ്യരോട്/അപരിചിതരോട് സംസാരിക്കുന്നവരല്ലല്ലോ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവൾ ഒരു ചിരി സമ്മാനിച്ച്
തന്റെ ആശയ ലോകത്തേക്ക് മടങ്ങുന്നു.. എന്നാൽ, മുസ്ല്യാർകുട്ടി സംസാരിക്കുന്നു.! ഇങ്ങോട്ട്.! ഒരുപാട് കാര്യങ്ങൾ . ട്രെയിൻ ഇറങ്ങുന്നവരെയും. അവൾക്കാണെങ്കിൽ ഒരു പുതിയ സുഹൃത്തിനെ കിട്ടിയതിന്റെ സന്തോഷം. ആശ്ചര്യം.

ട്രെയിനിലും ബസ്സിലും ഒക്കെ യാത്ര ചെയ്യുമ്പോൾ സഹയാത്രികരായ എത്ര പേർ നമ്മോട് സംസാരിക്കാറുണ്ട് .? അല്ലെങ്കിൽ എത്ര പേരോട് നമ്മൾ അങ്ങോട്ട് സംസാരിക്കാറുണ്ട്.? അത് ഓരോരുത്തരുടെയും സംസാരിക്കാനുള്ള, അപരനെ പരിചയപ്പെടാനുള്ള താല്പര്യവും, സമയവും, സ്ഥലവും പോലെ ഇരിക്കും. അതിനാൽ, ആരെങ്കിലും നമ്മളോട് സംസാരിച്ചാൽ തന്നെ അത് ഒരിക്കലും ആശ്ചര്യത്തിന് ഹേതുവാകാറില്ല. തികച്ചും സ്വാഭാവികം മാത്രം. എന്നാൽ ഇത് മുസ്ല്യാർ കുട്ടി.! ഖുർആനും ഹദീസും പഠിക്കുന്നവൻ. ഇവൻ സംസാരിക്കാൻ പാടില്ലാത്തവനാണല്ലോ.? എന്നാൽ ഇവിടെ.? ഈ ബോധ്യം മുസ്ലിം ശരീരങ്ങളെ അപരനായി അവതരിപ്പിക്കുന്ന മഹത്തായ മലയാള സാഹിത്യ സിനിമാ പാരമ്പര്യത്തിന്റെ ഉത്പന്നം തന്നെ.

വി.കെ.എൻന്റെ ആശ്ചര്യവും എന്റെ സുഹൃത്തിന്റെ ആശ്ചര്യവും ഒരേ ബോധ്യത്തിൽ നിന്നുള്ളതാണ്. തലേക്കെട്ടുള്ള വെള്ളക്കുപ്പായക്കാരൻ മൊയ്ല്യാർകാക്ക പൊതുമനുഷ്യരിൽ നിന്നും പൊതുവ്യവഹാരങ്ങളിൽ നിന്നും alien ആയി ജീവിക്കുന്നവരാണ് എന്ന conclusion ആണെങ്കിലോ മലയാളി modernity യുടെ ഭാഗം തന്നെ. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തിന്റെ സംരക്ഷക്കാരല്ലേ അവർ.!

ഹുദൈഫയുടെ വാചകം തന്നെ കടമെടുത്ത് പറയുകയാണെങ്കിൽ, ഒരു മലയാളിക്ക് ങ്ങനെ അത്ഭുതം കൂറിക്കൊണ്ടല്ലാതെ ഒരു മുസ്ലിമിനെ നോക്കാനാകില്ല. മേത്തര് ( ബൗദ്ധരെ അടിച്ചൊതുക്കിയ ശങ്കരീയർ അവരെ വിളിച്ചിരുന്ന പദമത്രെ മ്ലേച്ചർ. അത് ലോപിച്ചാണ് മേത്തർ ആയത് എന്ന് ഡോ :അജയ്ശേഖർ അഭിപ്രായപ്പെടുന്നുണ്ട് ) എന്ന് പറഞ്ഞ് മാറ്റിനിർത്തിയ ഒരു സമുദായത്തെ, കുമാരനാശാന്റെ ക്രൂരമുഹമ്മദീയരെ, മലയാള സിനിമകളിലെ ഒഴിച്ച്കൂടാനാവാത്ത മണ്ടൻകോയമാരെ, ഹൈദർമരക്കാർമാരെ, ബാബുസേട്ട്മാരെ ആശ്ചര്യത്തോടെയല്ലാതെ മലയാളി നോക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഈ അത്ഭുതവും ആശ്ചര്യവും ഇസ്ലാമോഫോബിയയുടെ മലയാളീകരിക്കപ്പെട്ട ഏറ്റവും പ്രാഥമികമായ ചില ഉദാഹരണങ്ങൾ മാത്രം.

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ് ലേഖകൻ

Be the first to comment on "മുസ്‌ലിംകളും മതേതര ആശ്ചര്യചിഹ്നങ്ങളും"

Leave a comment

Your email address will not be published.


*