‘ഐ ലവ് മുസ്‌ലിംസ്’ പറഞ്ഞതിന് അവർ ഇരുപതുകാരിയെ കൊന്നു. ബിജെപി നേതാവ് അറസ്റ്റിൽ

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്സാപ്പ് സന്ദേശമയച്ചതിന്റെ പേരിൽ പ്രാദേശിക ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാർത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത്. ജനുവരി 6 ശനിയാഴ്ചയായിരുന്നു സംഭവം. ബികോം വിദ്യാർത്ഥിനിയായ ധന്യശ്രീ, സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശത്തെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തുതും.

ബികോം വിദ്യാർത്ഥിനിയായിരുന്ന ധന്യശ്രീ വെള്ളിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തായ സന്തോഷുമായി വാട്സാപ്പ് ചാറ്റിംഗ് ആരംഭിക്കുന്നത്. കുശലാന്വേഷണത്തിൽ തുടങ്ങിയ ഇരുവരുടെയും ചാറ്റിംഗ് പിന്നീട് ജാതി,മത വിഷയങ്ങളിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് മുസ്ലീം മതവിഭാഗത്തെക്കുറിച്ച് ഇരുവരും സംസാരിച്ചത്. മുസ്ലീംങ്ങളുമായുള്ള എല്ലാ ബന്ധത്തെയും സന്തോഷ് എതിർത്തിരുന്നു. മുസ്ലീംങ്ങളുമായി നമ്മൾ ബന്ധം കാത്തുസൂക്ഷിക്കരുതെന്നും സന്തോഷ് ധന്യശ്രീയോട് ആവശ്യപ്പെട്ടു. എന്നാൽ സന്തോഷിന്റെ വാദങ്ങളെ എതിർത്ത ധന്യശ്രീ, ‘ഐ ലവ് മുസ്ലീംസ്’ എന്നാണ് മറുപടി സന്ദേശമയച്ചത്.

തന്റെ വാദങ്ങളും ആവശ്യങ്ങളും എതിർത്തതിന് പുറമേ, മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതും സന്തോഷിനെ പ്രകോപിപ്പിച്ചു. തുടർന്ന് ധന്യശ്രീ അയച്ച വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രാദേശിക ബിജെപി, വിഎച്ച്പി നേതാക്കൾക്ക് കൈമാറി. പിന്നീട് ഈ സ്ക്രീൻഷോട്ടുകളും ധന്യശ്രീയുടെയും അമ്മയുടെയും ചിത്രങ്ങളും സംഘപരിവാർ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.

സംഭവമറിഞ്ഞ് ബിജെപിയുടെ പ്രാദേശിക യുവനേതാക്കൾ ധന്യശ്രീയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീംങ്ങളുമായി സൗഹാർദ്ദം നിലനിർത്തിയാൽ എല്ലാവരെയും ഇല്ലാതാക്കുമെന്നായിരുന്നു യുവനേതാക്കളുടെ ഭീഷണി. പ്രാദേശിക നേതാവ് അനിൽരാജിന്റെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.

ഭീഷണി സന്ദേശങ്ങളും കൊലവിളികളും വർദ്ധിച്ചതോടെയാണ് ധന്യശ്രീ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞദിവസമുണ്ടായ സംഭവവികാസങ്ങൾ തന്റെ ജീവിതത്തെയും വിദ്യാഭ്യാസത്തെയും നശിപ്പിച്ചെന്ന് കുറിപ്പെഴുതി വച്ചിട്ടാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്.

യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ചിക്കമംഗളൂരു എസ്പി അറിയിച്ചത്. ധന്യശ്രീയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ പ്രാദേശിക ബിജെപി നേതാവ് അനിൽരാജാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർക്ക് വേണ്ടിയും, യുവതിക്കെതിരെ ഭീഷണി മുഴക്കിയ മറ്റുള്ളവർക്ക് വേണ്ടിയും തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

Be the first to comment on "‘ഐ ലവ് മുസ്‌ലിംസ്’ പറഞ്ഞതിന് അവർ ഇരുപതുകാരിയെ കൊന്നു. ബിജെപി നേതാവ് അറസ്റ്റിൽ"

Leave a comment

Your email address will not be published.


*