നജീബ് തിരിച്ചുവരും. ‘നജീബുമാര്‍’ കൂടെയുണ്ടെന്ന് സഹോദരി

ഒരുദിവസം എന്റെ സഹോദരന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് നജീബിന്റെ സഹോദരി സദഫ് മുഷ്റഫ്. ദല്‍ഹിയില്‍ ഇന്ന് ആയിരങ്ങള്‍ പങ്കെടുത്ത യുവ ഹുങ്കാർ റാലിയില്‍ സംസാരിക്കുകയായിരുന്നു സദഫ് മുഷ്റഫ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ഒരു നജീബിനെയാണ് കാണാതായത്. ഇന്ന് ആയിരക്കണക്കിന് നജീബുമാരെ എനിക്കറിയാം.’ സദഫ് പറഞ്ഞു.

യുപിയിൽ ആദിത്യനാഥ് സർക്കാർ ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കുക, ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, യുവാക്കൾക്ക് നരേന്ദ്രമോദി സർക്കാർ വാ​ഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ആവശ്യങ്ങളുയർത്തിയായിരുന്നു യുവ ഹുങ്കാർ റാലി.

നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തി ഇന്ത്യന്‍ ഭരണഘടനയുടേയും മനുസ്മൃതിയുടേയും കോപ്പികള്‍ നല്‍കി ഏതെങ്കിലും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടാനായിരുന്നു സമരക്കാരുടെ ലക്ഷ്യം. എന്നാൽ സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് തടഞ്ഞു.

അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നീ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാറ്റിവെച്ചാണ് ലൗജിഹാദും പശുവും ഘര്‍വാപസിക്കും ബിജെപി ഇടം നല്‍കുന്നതെന്ന് ജിഗ്നേഷ് മെവാനി പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകരായ അഖില്‍ ഗോഗോയ്, പ്രശാന്ത് ഭൂഷണ്‍ , ഹര്‍ഷ് മന്ദര്‍ , നഹാസ് മാള ,
വിദ്യാര്‍ഥി നേതാക്കളായ റിച്ചാ സിങ് , ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ്, കനയ്യകുമാര്‍, എ.എം.യു വിമന്‍സ് കോളജ് പ്രസിഡന്റ് നബ, ഭീം ആര്‍മി നേതാവ് വിനയ് രതന്‍, ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ പൂജന ശുക്ല, ബി.എച്ച്.യുവിലെ ശന്തനു, ഫിലിംമേക്കര്‍ നകുല്‍ സ്വാഹ്നെ, പിഞ്ച്രതോഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Be the first to comment on "നജീബ് തിരിച്ചുവരും. ‘നജീബുമാര്‍’ കൂടെയുണ്ടെന്ന് സഹോദരി"

Leave a comment

Your email address will not be published.


*