ഞങ്ങളീ കേരളത്തിൽ ജീവിക്കുകയല്ല , ഓരോ നിമിഷവും അതിജീവിക്കുകയാണ്. ട്രാൻസ്‌ഫോബിക്ക് കേരളത്തെ കുറിച്ച് പ്ളിങ്കു സംഗീത്

Plinku Sangeeth

കേരളത്തിലെ ട്രാൻസ്‌ജെൻഡർ അവകാശസമരങ്ങളുടെ ഇടങ്ങളിൽ സജീവ സാന്നിധ്യമായ പ്ളിങ്കു സംഗീത് എഴുതുന്നു

സ്ത്രീവേഷം ധരിച്ചും, അധിക്ഷേപങ്ങൾ അതിജീവിച്ചും, സ്വന്തം ശരീരത്തിലും, ലൈഗീകതയിലും, ജീവിതത്തിലും ,തിരഞ്ഞെടുപ്പുകൾ ഉണ്ടാക്കിയെടുത്തും, പോലീസിന്റെയും പൗരസമൂഹത്തിന്റെയും മൂല്യങ്ങളോടും അവകാശ ലംഘനങ്ങളോടും നിരന്തരമായി കലഹിച്ചും ഇടപെട്ടും ജീവിക്കുന്ന ട്രാൻസ്‍ജൻഡർ കമ്മ്യൂണിറ്റി നേടിയെടുത്ത വിസിബിലിറ്റിയിൽ അസൂയകൊണ്ടാണോ കേരളപൊലീസിന് ഞങ്ങളോട് ഇത്ര വാശിയും ശത്രുതയും എന്ന് അറിയില്ല.

കുറച്ചു നാളുകളായി ഒരു കമ്മ്യൂണിറ്റിയെയാകെ പോലീസ് അക്രമത്തിനും ചൂഷണങ്ങൾക്കും വിധേയരാക്കികൊണ്ടിരിക്കുകയാണ്. ഞങ്ങൾ ജീവിക്കുകയല്ല, ഓരോ ദിവസവും അതിജീവിക്കുകയാണ്. കൊച്ചിൻ മെട്രോ ജോലി നൽകിയും ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‍ജൻഡർ പോളിസി ഉണ്ടാക്കിയും ട്രാൻസ്‌ജൻഡേഴ്സിനെ ഉദ്ധരിച്ചു കുമ്മനടിച്ചു ലോകത്തിന്റെ പുരോഗമന നെറുകയിൽ എത്തിയ LDF സർക്കാരിനോട് പറയട്ടെ,  ഞങ്ങൾ ഇവിടെ അരക്ഷിതരാണ്. നിങ്ങളുടെ പോലീസ് ഞങ്ങളെ വേട്ടയാടുകയാണ്, നീതി നിഷേധിക്കുകയാണ്, “ഞങ്ങൾക്ക് ജീവിക്കാൻ ആഗ്രഹമുണ്ട്”.

FACT 1
2016 ജൂലൈ 04
എറണാകുളം

എറണാകുളം നഗരത്തിൽ 2 ട്രാൻസ്‌ജൻഡേഴ്സിനെ ക്രൂരമായി പോലീസ് മർദിച്ചു. പ്രതിഷേധങ്ങൾക്കും പ്രകടനകൾക്കും ഒടുവിൽ ചർച്ചകൾക്ക് ശേഷം രാത്രി 11 മണിക്ക് ശേഷം ട്രാൻസ്‌ജൻഡേഴ്സിനെ എറണാകുളം നഗരത്തിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊച്ചി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.അന്ന് അടികിട്ടിയവർക്ക് വേദനിച്ചു എന്നല്ലാതെ; നടപടികൾ ഉണ്ടാകും എന്ന് പറഞ്ഞു കേട്ടതല്ലാതെ,ഒന്നും LDF സർക്കാർ വന്നു ശരിയാക്കിയത് കണ്ടില്ല. അന്ന് ഞങ്ങൾ അവിടെ ആവശ്യപെട്ടതു “ഞങ്ങൾക്ക് സംരക്ഷണം വേണം എന്നാണ്.  “അത് നടപ്പിലാക്കി തരാന്‍ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് transgender friendly അല്ലാത്ത ഒരു transgender policy ഞങ്ങൾക്ക്?

FACT 02
2017 മാർച്ച് 18
തൃശൂർ

താമസ സ്ഥലമായ ബാംഗ്ലൂർ നഗരത്തിലേക്ക് മടങ്ങാൻ സ്വന്തം നാടായ തൃശ്ശൂരിൽ നിന്നും ബസ് കാത്തു നിന്ന മൂന്ന് ട്രാൻസ്‌ജൻഡേഴ്സിനെ തൃശൂർ പോലീസ് ഒരു കാരണവുമില്ലാതെ ലാത്തി വീശി തല്ലി.അതി ക്രൂരമായി മർദ്ദനമേറ്റവർ തൃശൂർ ഗവണ്മെന്റ് ആശുപത്രിയിൽ ചെന്നപ്പോൾ Transfriendly കേരളത്തിലെ ഡോക്ടർ അവർക്കു ചികിത്സ നിഷേധിച്ചു. മറ്റൊന്നുമല്ല Racism ആയിരുന്നു അത്.പുച്ഛം തോനുന്നു ഇൗ Heterosexual സമൂഹത്തിൽ ഉള്ള മാന്യന്മാരോട്. പ്രിവിലേജുകളുടെയും അധികാരത്തിന്റെയും മുകളിൽ ഇരുന്നു ഞങ്ങളെ നന്നാക്കാൻ ഇറങ്ങുമ്പോൾ ഓർക്കുക നിങ്ങളുടെ ഐഡിയൽ എന്ന് നിങ്ങൾ കാണുന്ന സൊസൈറ്റിയുടെ മൊറാലിറ്റിയിലേയ്ക്ക് കടന്നു വരാൻ ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങൾക്കു ഞങ്ങളുടേതായ pleasure ഉള്ള ഒരു culture ഉണ്ട്.

FACT 3
2017 ജൂലൈ 06
എറണാകുളം

തങ്ങളെ കവർച്ച ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടിച്ചു നിർത്തി തെളിവുകൾ സഹിതം പോലീസിനെ വിളിച്ചു വരുത്തി ഏല്പിച്ചപ്പോൾ രാത്രി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പോലീസുകാർ ഒരു കാര്യവുമില്ലാതെ കസ്റ്റഡിയിൽ എടുത്തത് 16 ട്രാൻസ്‌ജൻഡേഴ്സിനെ. അതിൽ പോലീസ് ഫാബ്രിക്കേറ്റഡ് FIR ആറ് ട്രാൻസ്‍ജൻഡർ സുഹൃത്തുക്കളെ വിയൂർ സെൻട്രൽ ജയിലിലേക്കു റിമാൻഡ് ചെയ്തു. കുറ്റം ചെയ്തവനെ പിടിച്ചുനൽകിയവർ കുറ്റക്കാർ. എന്തിനായിരുന്നു അത് ? നിങ്ങളുടെ നേരമ്പോക്കോ ? അന്ന് റിമാന്ഡിലായവർ ജാമ്യത്തിൽ വന്നത് 20 ദിവസങ്ങൾക്കു ശേഷം.

FACT 04
2017 ഓഗസ്റ്റ് 12 – 15 ദിവസങ്ങൾ
ആലുവ ഗൗരി

കേരളത്തിലെ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയെ നടുക്കിയ സംഭവമായിരുന്നു ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട ട്രാൻസ്‍ജൻഡർ ഗൗരി. മരണശേഷം മൂന്ന് ദിവസങ്ങൾ കഴിഞ്ഞു ജീർണിച്ച അവസ്ഥയിൽ ലഭിച്ച മൃതദേഹം കേരളത്തിൽ ജീവിക്കുന്ന ട്രാൻസ്‌ജൻഡേഴ്സിന് മുന്നിൽ ഞങ്ങളുടെ സുരക്ഷയെപറ്റി ഞങ്ങളോട് തന്നെ ഉള്ള ഒരു ചോദ്യമായി മാറി. അന്ന് ഗൗരിയോട് പോലീസ് കാണിച്ച ക്രൂരത മറക്കുന്നില്ല. അന്വേഷണത്തിന്റെ അവസാനം കുറ്റക്കാരിയായി അവർ പറഞ്ഞത് ഗൗരിയെ, സ്വയം രക്ഷക്ക് പിടിച്ചുപറിക്കാരിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച യുവാവ് നിരപരാധി. വെല്‍ സ്ക്രിപ്റ്റഡ് ആയി അവർ ആ കേസ് ഒഴിവാക്കി. ഗൗരിയുടെ മരണത്തെ കുറിച്ച് പിന്നെ ആരും അന്വേഷിച്ചില്ല ,അവൾക്കു കുടുംബം ഇല്ല, നാട് എവിടെയാണ് അറിയില്ല, അനൃദേശക്കാരിയായിരുന്നു. അവളെ മറന്നു.

FACT 05
2017 ഓഗസ്റ്റ് 15
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ.

സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി ജീവൻ രക്ഷിക്കാൻ കത്തിമുനയിൽ നിന്നും ഓടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കയറിയ അനുഭവമാണ് എനിക്കും എന്റെ സുഹൃത്ത് ദീക്ഷയ്കും ഉണ്ടായത് . എറണാകുളത്ത് പോലീസിന്റെ സപ്പോട്ടോടു കൂടി ട്രാൻസ്‌ജൻഡേഴ്സിനിടയിൽ ലൈംഗീക, സാമ്പത്തിക ചൂഷണങ്ങൾ ചെയ്യുന്ന കുറച്ചു സംഘങ്ങൾ ഉണ്ട്. അവർക്കെതിരെ പോലീസിൽ പരാതി പെട്ടിട്ടു കാര്യമില്ല. പരാതി നൽകിയ എന്റെ സുഹൃത്ത് ദീക്ഷയെയും,കാവ്യയെയും ദിവസങ്ങൾക്കുളിൽ അവർ ഉപദ്രവിക്കാൻ ശ്രമിച്ചു. സംസ്ഥാനത്തെ ഓരോ വ്യക്തിയെയും അവന്റെ സ്വത്തിനെയും സംരക്ഷിക്കാൻ നിയമപ്പെടുത്തിയ പോലീസിൽ നിന്നുമാണ് ഞങ്ങൾ ട്രാൻസ്‍ജൻഡർ കമ്മ്യൂണിറ്റി ഇപ്പോൾ സംരക്ഷണം ആവശ്യപെടുന്നത്.

FACT 06
2017 ഓഗസ്റ്റ് 08
തിരൂർ – മലപ്പുറം

മലപ്പുറം ജില്ലയിൽ തിരൂരിലും ട്രാൻസ്‌ജൻഡേഴ്സിന് നേരെ അക്രമം ഉണ്ടായി. മനുഷ്യത്വരഹിതമായി അവരെ അടിച്ചോടിക്കുകയാണ് അവിടെ ഉണ്ടായത്.

FACT 07
2017 നവംബർ 03
എറണാകുളം

യൂബർ ടാക്സി ഡ്രൈവറായ നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ എറണാകുളത്തു കമ്മ്യൂണിറ്റിക്കുള്ളിൽ നിന്നും സാമ്പത്തിക/ലൈംഗീക ചൂഷണങ്ങൾ നടത്തിപ്പോരുന്ന ഒരാളുടെ പരാതിയിന്മേൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ CI നാലുപേരെ അറസ്റ്റ് ചെയ്തു.നിരന്തരമായി കമ്മ്യൂണിറ്റി അവരുടെ അധികാരത്തിനു കീഴിലാക്കാൻ ശ്രമിക്കുന്ന സംഘങ്ങളിലെ ഒരാളും, ഞങ്ങളുടെ വിസിബിലിറ്റി കണ്ണുകടി മാത്രമാകുന്ന കേരളപോലിസും ചേർന്ന് നിർമിച്ച ഒരു റോബെറി കേസ് 4 ട്രാൻസ്‍ജൻഡർ സുഹൃത്തുക്കളെ വിയൂർ സെൻട്രൽ ജയിലിലേക്കു എത്തിച്ചു. അതിൽ ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാർ ഇല്ലാത്തതിനാൽ ഇപ്പോഴും രണ്ടുപേർ ജയിലിൽ ആണ്. ഫാബ്രിക്കേറ്റഡ് കേസുകളിൽ നിരന്തരമായി ട്രാൻസ്‌ജൻഡേർസ് കുറ്റവാളികൾ ആണെന്ന് കോടതിയിൽ സ്ഥാപിച്ചു ജാമ്യനടപടികൾ കർശനമാക്കി.

FACT 08
2017 ഡിസംബർ 28
കാലിക്കറ്റ്

സാക്ഷരതാ മിഷൻ സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ പ്രോഗ്രാമിന്റെ കലോത്സവത്തിൽ പങ്കെടുത്തു തിരിച്ചു വന്ന രണ്ടു ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളെ പോലീസ് അതി ക്രൂരമായി തല്ലി ചതച്ചു, നിലത്തിട്ടു ചവിട്ടി ഇഴച്ചു. “നീ ഒക്കെ മരിക്കണം, നിനക്കൊന്നും ഇവിടെ ജീവിക്കാൻ അവകാശമില്ല എന്ന് കോഴിക്കോട് കസബ സ്റ്റേഷൻ SI പറഞ്ഞു. മർദിച്ചു അവശരാക്കിയ അവരെ ആ രാത്രി വഴിയിൽ ഉപേക്ഷിച്ചു പോയി. അതേ സമയം ഒരാഴ്ച മുൻപ് തങ്ങളുടെ പേരിൽ നൽകിയ കള്ള കേസ് പിൻവലിക്കാൻ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിയ 5 ട്രാൻസ്‍ജൻഡർ സുഹൃത്തുക്കളോട് അവിടത്തെ SI രണ്ട് ഓപ്ഷന്‍ നൽകി , അവരെ വെടിവെച്ച് കൊല്ലണോ അതോ നാട്ടുകാരെ കൊണ്ട് തല്ലിക്കൊല്ലിക്കണോ??

എവിടെ ആയാലും പോലീസ് ഞങ്ങളെ വേട്ടയാടുകയാണ്. Transfriendly എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ പേരിൽ വാർത്തകളിൽ നിറയുമ്പോഴും ട്രാൻസ്‌ജൻഡേഴ്സിന്റെ ദൃശ്യത കേരളത്തിൽ ഉണ്ടാകരുത് എന്ന് കേരളാപോലീസിനും ആഭ്യന്തര വകുപ്പിനും നിര്‍ബന്ധം ഉണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നു.

FACT 09
എറണാകുളം

2018 ജനുവരി 05. ഒരു ദിവസം ഒരാൾ 300 – 400 രൂപ നൽകി കൂട്ടമായി ഒരു മുറിയിലാണ് അവിടെ ഐശ്വര്യ ലോഡ്‌ജിൽ അവർ താമസിച്ചിരുന്നത്.പകൽ സമയങ്ങളിൽ ലോഡ്‌ജിന്‌ റിസപ്ഷൻ ഭാഗത്തേക്ക് വരരുത്, ആവശ്യ സാധനങ്ങൾ റിസെപ്ഷനിസ്റ് മേടിച്ചു നൽകും, അവരെ കാണാൻ മറ്റാരും അവിടെ വരരുത്, ട്രാൻസ്‍ജൻഡർ കമ്മ്യൂണിറ്റിയിലെ മറ്റു അംഗങ്ങൾ വന്നാൽ കൂടി പ്രശ്നം. ട്രാൻസ്‌ജൻഡേർസ് ആയതു കൊണ്ട് മാത്രമാണ് എന്റെ സുഹൃത്തുക്കൾക്ക് അവരുടെ സ്വന്തം വീടോ സുരക്ഷിതമായി ഉറങ്ങാൻ ഒരു താമസ സ്ഥലമോ ലഭിക്കാത്തത്. അതിൽ അവർ എന്ത് തെറ്റ് ചെയ്തു? അങ്ങനെ ഉള്ള അവസ്ഥയിൽ കിടക്കാൻ ഒരു ഇടം കിട്ടുന്നത് തന്നെ ഭാഗ്യം. ആ കിട്ടുന്ന ലോഡ്‌ജിൽ മറ്റെന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾ അന്വേഷിക്കാറില്ല.

ഈ സംഭവം നടക്കുന്നതിനും രണ്ടു ദിവസം മുൻപ് എറണാകുളം സെന്‍ട്രല്‍ ; പോലീസ് സ്റ്റേഷൻ SI ട്രാൻസ്‌ജൻഡേഴ്സിനെ താമസിപ്പിക്കാൻ സാധിക്കില്ല അവരെ ഇറക്കിവിടണം എന്ന ഭീഷണിയും ആയി ലോഡ്ജ് അധികൃതരെ സമീപിച്ചിരുന്നു. നിരന്തര വേട്ടയാടലിന്റെ ക്ലൈമാക്സ് ആയിരുന്നു ഈ റെയ്‌ഡും തുടർന്നുള്ള ഓൺലൈൻ പെൺ വാണിഭ റാക്കറ്റിലെ ട്രാൻസ്‍ജൻഡർ ബന്ധവും. മസാല ചേർക്കുന്ന പോലീസ് തിരക്കഥാകൃത്തുക്കളോട് ‘അതിൽ നിങ്ങളുടെ ഈ മൊറാലിറ്റി നിറഞ്ഞ സൊസൈറ്റിയിൽ ഇനിയും ജീവിക്കേണ്ട ഒരു പെൺകുട്ടി ഉണ്ട്, തന്റെ സഹോദരിയെ കാണാൻ വന്നവൾ .വേട്ടക്കാർക്ക് വേട്ടയാടാൻ ഇരകളുടെ എണ്ണം കൂടാനാണോ അവളെയും പ്രതി ചേര്‍ത്തത്.

കേരളസർക്കാറിനോട് കൂടി ചിലത് പറയാനുണ്ട്. ട്രാൻസ്‌ജെൻഡർ പോളിസി കാരണം സാമൂഹിക നീതി വകുപ്പ് , സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നീ മേഖലകളിൽ നിന്നും എന്തൊക്കെയോ സേവനങ്ങൾ നിങ്ങൾ ഔദാര്യമായി ഞങ്ങൾക്ക് നൽകി. അത് നിങ്ങൾ തന്നതാണ് ,നിങ്ങളുടെ hetrosexual ലോജിക്കിൽ നിന്നും ചിന്തിച്ചു നിങ്ങൾ ഐഡിയൽ ആയി കാണുന്ന സൊസൈറ്റിയിൽ ഞങ്ങളെ എത്തിക്കാനുള്ള ശ്രമം. അതൊന്നുമല്ല ഇപ്പോൾ ഞങ്ങളുടെ ആവശ്യം. ധൈര്യമായി കിടന്നുറങ്ങാൻ, സുരക്ഷിതരാണ് എന്ന് ഞങ്ങള്‍ക്ക് ഉറപ്പു വരുത്താൻ ഞങ്ങളുടെയായ ഒരു സ്ഥലം, അത് ഞങ്ങൾക്കു വേണം. ഞങ്ങൾ വ്യത്യസ്തരാണ് നിങ്ങളെ പോലെ അല്ല; ഞങ്ങൾ ഞങ്ങളുടെ sex -നെ പറ്റിയും ജൻഡർ-നെ പറ്റിയും,sexuality -യെ പറ്റിയും തുറന്നു പറയുന്നവരാണ്. അത് നിങ്ങളുടെ മൊറാലിറ്റിക്കു ചേരുന്നില്ല എന്നുണ്ടോ? എങ്കില്‍ അത് നിങ്ങളുടെ പ്രശ്നമാണ്.

Be the first to comment on "ഞങ്ങളീ കേരളത്തിൽ ജീവിക്കുകയല്ല , ഓരോ നിമിഷവും അതിജീവിക്കുകയാണ്. ട്രാൻസ്‌ഫോബിക്ക് കേരളത്തെ കുറിച്ച് പ്ളിങ്കു സംഗീത്"

Leave a comment

Your email address will not be published.


*