കേരളസർക്കാരും കാണിക്കുന്നത് RSS ഫാഷിസ്റ്റുകളുടെ സ്വഭാവമെന്നു ജിഗ്നേഷ് . ജാതിമതിൽ പ്രക്ഷോഭകരെ വിട്ടയക്കണമെന്നു ആവശ്യം

ആര്‍എസ്എസ് ഫാഷിസ്റ്റുകളുടെ ബ്രാഹ്മണിക്കല്‍ മനോഭാവം തന്നെയാണ് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാർ പ്രകടമാക്കുന്നതെന്നു ജിഗ്നേഷ് മേവാനി.വടയമ്പാടി ഭജനമഠം ജാതിമതിലിനെതിരായി പ്രക്ഷോഭം നടത്തിയ ദലിത് ആക്ടിവിസ്റ്റുകളേയും റിപ്പോർട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ” കേരള സര്‍ക്കാർ അങ്ങയറ്റത്തെ ജനാധിപത്യവിരുദ്ധതയും അധികാരഹുങ്കുമാണ് കാണിക്കുന്നത്. ജനാധിപത്യ ശബ്ദങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്താനും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനുമുള്ള നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇവരെ അടിയന്തരമായി നിരുപാധികം മോചിപ്പിക്കാനും പീഡിപ്പിച്ചതിന് മാപ്പ് പറയാനും കേരള സര്‍ക്കാര്‍ തയ്യാറാകണം.” മേവാനി പറഞ്ഞു

ഫാഷിസ്റ്റുകളെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണെന്നും ജിഗ്നേഷ് മേവാനി തന്റെ പ്രസ്താവനയിൽ പറഞ്ഞു. ” ജാതിവിവേചനത്തിനും മിച്ചഭൂമി സവര്‍ണജാതിക്കാര്‍ കയ്യേറുന്നതിനും എതിരെയാണ് അവിടെ പ്രതിഷേധം നടക്കുന്നത്. ജാതിമതില്‍ കഴിഞ്ഞ വര്‍ഷം തകര്‍ത്തിരുന്നെങ്കിലും അവര്‍ണജാതിക്കാര്‍ ഇവിടേയ്ക്കുള്ള പ്രവേശനം ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഗുരുതരമായ നിയമലംഘനവും ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയുമാണിത്. ഇത്തരത്തിലുള്ള ജാതി വിവേചനങ്ങളെ എന്നോ തടയേണ്ടിയിരുന്നതും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുള്ളതുമാണ്. എന്നാല്‍ ഇത് ചെയ്യുന്നതിന് പകരം ഒരു വര്‍ഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നവരെ അടിച്ചമര്‍ത്താനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.” മേവാനി കൂട്ടിച്ചേർത്തു

അതേ സമയം , വടയമ്പാടി ഭജന മഠത്ത് ഇന്നലെ രാവിലെ വാർത്ത ലൈവ് ചെയ്യുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്ത ന്യൂസ്‌പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരി, ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജഗോപാൽ ആശ സമര സമിതി പ്രവർത്തകനും കെ പി എം എസ് നേതാവുമായ ശശി വടയമ്പാടി എന്നിവരുടെ ജാമ്യാപേക്ഷ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാദം കേൾക്കാൻ നാളത്തേക്ക് മാറ്റി. ഇന്ന് ഉച്ചയോടു കൂടി ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റിമാന്റ് ചെയ്തു കാക്കനാട് സബ് ജയിലിലേക്ക് അയച്ച ഇവരോടൊപ്പം നേരത്തെ അറസ്റ്റിലായ സമര പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന ജാമ്യമില്ലാ കുറ്റമാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്.

Be the first to comment on "കേരളസർക്കാരും കാണിക്കുന്നത് RSS ഫാഷിസ്റ്റുകളുടെ സ്വഭാവമെന്നു ജിഗ്നേഷ് . ജാതിമതിൽ പ്രക്ഷോഭകരെ വിട്ടയക്കണമെന്നു ആവശ്യം"

Leave a comment

Your email address will not be published.


*