ജീവ കെജെ മികച്ച നവാഗത സംവിധായിക. നോയിഡ ഫിലിം ഫെസ്റ്റിൽ റിക്ടർ സ്കെയിലിന് അംഗീകാരം

റിക്ടർ സ്കെയില്‍ 7.6 സംവിധായിക ജീവ കെ ജെക്ക് നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ്‌ . തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചലച്ചിത്രമേളയിലാണ് മലയാളിയായ ജീവ മികച്ച നേട്ടം സ്വന്തമാക്കിയത്.

മിനിമൽ സിനിമ’ കോഴിക്കോട്ട് നടത്തിയ സ്വതന്ത്ര ചലച്ചിത്രമേളയായ IEFFK യിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ കാഴ്ച ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവത്തിലും ‘റിക്‌റ്റർ സ്കെയിൽ 7 .6’ പ്രദർശനം ഉണ്ടായിരുന്നു.

സിനിമയെ കുറിച്ച് സതീഷ് പി ബാബു എഴുതുന്നു : ”റോഡുകളിൽ വാഹനങ്ങൾക്കടിയിൽപ്പെട്ട് ചത്തരഞ്ഞ പൂച്ചകളോടും നായ്ക്കളോടുമൊക്കെ ‘എന്തിനു റോഡിലിറങ്ങി ‘യെന്ന ,മനുഷ്യന്റെ അഹങ്കാര – അരാഷ്ട്രീയ ചോദ്യത്തെ മനുഷ്യൻ മനുഷ്യരിലേക്ക് തന്നെ എറിഞ്ഞു തുടങ്ങുന്നതിന്റെ രാഷ്ട്രീയമാണ് റിക്ടർ സ്‌കെയിൽ 7.6 ചർച്ചചെയ്യുന്നത് .വേറൊരു വിധത്തിൽ പറഞ്ഞാൽ അധികാരം, അരികുവത്ക്കരിക്കപ്പെട്ടവരുടെ ആവാസവ്യവസ്ഥയെ റാഞ്ചി കൊണ്ട് പരിസ്ഥിതിയുടെ കടയ്ക്കൽ വെട്ടി ആത്മരതിയടയുന്നതിന്റെ നേർകാഴ്ചകൾ. മാനസികനില തെറ്റിയെന്ന പൊതുബോധത്തിൽ ചങ്ങലക്കിടപ്പെട്ട ഒരഛനും സമൂഹo അപകർഷതക്കടിമപ്പെടുത്തിയ ,ഒന്നു ചിരിക്കാൻ പോലും അറിയാത്ത മകനും തമ്മിലുള്ള മുഷിപ്പൻ കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിന്റെ അന്തർധാര . കലാസംവിധാനത്തിലും കഥപറച്ചിലിലും തിരക്കഥയിലുമൊക്കെ മുൻവിധികളെ പ്രീണിപ്പിക്കുന്ന ഘടകങ്ങളുണ്ടെങ്കിലും അവസാനത്തെ ഒരൊറ്റ ഷോട്ടിലൂടെ ആ പരിക്കുകളൊക്കെ ഭേദമാവുന്നു .2014ൽ മികച്ച രണ്ടാമത്തെ നടനുള്ള (ക്രൈം നമ്പർ 89 -സുദേവൻ ) സംസ്ഥാന അവാർഡ്‌ ജേതാവായ അശോക് കുമാറാണ് അഛനായ് അഭിനയിക്കുന്നത് .( മുഖ്യധാരാ സിനിമാക്കാരുടെ സവർണ്ണബോധത്തിന്റെ ബലിയാടാണോ ഈ പ്രതിഭ ? ) മകനായി മുരുകനും മികച്ച പ്രകടനം . സിനിമയുടെ താളവും ഓളവും രാഷ്ട്രീയവും പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ സംവിധായിക ജീവ കാണിച്ച പ്രാഗത്ഭ്യം മികച്ച വരുംകാല സൃഷ്ടികൾക്ക് പ്രതീക്ഷ നൽകുന്നു”

Be the first to comment on "ജീവ കെജെ മികച്ച നവാഗത സംവിധായിക. നോയിഡ ഫിലിം ഫെസ്റ്റിൽ റിക്ടർ സ്കെയിലിന് അംഗീകാരം"

Leave a comment

Your email address will not be published.


*