UAE ജോലിക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടെനിന്ന് വാങ്ങണം?

യു.എ.ഇ ജോലി – സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ പോകണം. ആയിരം രൂപ കൊടുക്കണം.

യു.എ.ഇയിൽ തൊഴിലെടുക്കണമെങ്കിൽ ഇനി മുതൽ നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന കാര്യം ഏകദേശം എല്ലാവർക്കും അറിയാമായിരിക്കും. ‘എന്ത്’, ‘എങ്ങനെ’ എന്നീ കാര്യങ്ങൾ ഇന്നലയോടെ കുറച്ചു കൂടി വ്യകതമായിട്ടുണ്ട്. കേരളത്തിലെ യുഎഇ കോൺസുൽ ജനറലും ഡിജിപി ഓഫീസും സ്ഥിരീരികരിച്ച വിവരങ്ങൾ പ്രകാരം കാര്യം ഇങ്ങനെയൊക്കെയാണ്:

അതതു ജില്ലാ പോലീസ് മേധാവികളുടെ പക്കൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. അത് ഓരോരുത്തരുടെയും പ്രദേശത്തിന് അനുസരിച്ചു റൂറൽ എസ്പിയോ സിറ്റി പോലീസ് കമ്മീഷണറോ ആവാം.

ഈ ഓഫീസിൽ ചെന്ന്, പാസ്പോര്ട്ട് കോപ്പിയും മറ്റു തിരിച്ചറിയൽ രേഖകളും വെച്ച്, നിശ്ചിത ഫോർമാറ്റിലുള്ള സ്വഭാവ സര്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കണം. ഇത് വരെയുള്ള വിവരങ്ങൾ വെച്ച് ‘മറ്റു തിരിച്ചറിയൽ രേഖകൾ’ എന്തൊക്കെയാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല – മിക്കവാറും ആധാറും വേണ്ടി വരും ! അതുകൊണ്ട് ആധാറില്ലാത്തവർ ആദ്യം അതുണ്ടാക്കി വെക്കുന്നത് നന്നാവും.

അപേക്ഷ മാത്രം പോരാ – ആയിരം രൂപയും അപേക്ഷാ ഫീസ് ആയി അടക്കണം. തുടർന്ന് അപേക്ഷകന്റെ ബാക്ഗ്രൗണ്ട് പരിശോധിച്ച ശേഷം ഇതേ ഓഫീസ് തീരുമാനിക്കും; സ്വഭാവം നല്ലതാണോ അല്ലയോ എന്ന്.

അപേക്ഷകന്റെ പേരിൽ ഇത് വരെ കേസുകളൊന്നും ഇല്ലെങ്കിൽ , ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന്റെ ഡാറ്റാ ബേസിൽ ക്ളീൻ റെക്കോർഡ് ആണെങ്കിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കുറച്ചു ദിവസം കൊണ്ട് തന്നെ (എത്ര ദിവസമെന്നു കൃത്യമായി പറഞ്ഞിട്ടില്ല ! ) സർട്ടിഫിക്കറ്റ് കിട്ടും.

ഇനിയഥവാ, അപേക്ഷകന്റെ പേരിൽ കേസുകൾ വല്ലതുമുണ്ടെങ്കിൽ, എന്നെങ്കിലും രജിസ്റ്റർ ചെയ്തത് ഡാറ്റ ബേസിൽ കണ്ടെത്തിയാൽ, അപേക്ഷ സ്പെഷ്യൽ ബ്രാഞ്ചിനും അപേക്ഷകന്റെ പോലീസ് സ്റ്റേഷനും കൈമാറും. അന്വേഷണത്തിന് ശേഷം അവരാണ് ഈ അപേക്ഷയുടെ മേൽ അവസാന വാക്ക് പറയുക.

ഈ സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയും കേരള ഡിജിപിയുടെ ഓഫീസും സ്ഥിരീരികരിച്ച പ്രാഥമിക വിവരങ്ങൾ ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. പലയിടത്തും ‘തഹസിൽദാറാണ് ഈ സർട്ടിഫിക്കറ്റ് കൊടുക്കുക’ എന്ന മട്ടിലൊക്കെയുള്ള ഇത് സംബന്ധിച്ച അവ്യകതമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാൻ ശ്രമിക്കുക.

Be the first to comment on "UAE ജോലിക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടെനിന്ന് വാങ്ങണം?"

Leave a comment

Your email address will not be published.


*