വെങ്കയ്യ നായിഡു, നിങ്ങള്‍ക്ക് ഫാറൂഖ് കോളേജിലേക്ക് വരാന്‍ അര്‍ഹതയില്ല, വിദ്യാർത്ഥി എഴുതുന്നു

കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അണ്‍വെല്‍കം ചെയ്ത് വിദ്യാര്‍ത്ഥിയുടെ കുറിപ്പ്. മുസ്ലിം വിരുദ്ധതയുടെ ട്രാക്ക് റെക്കോര്‍ഡുള്ള വെങ്കയ്യ നായിഡുവിന് ഫാറൂഖ് കോളേജ് പോലെയുള്ള മലബാറിലെ, വിശിഷ്യാ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസനവോത്ഥാന ഇടപെടലുകളുടെ ചരിത്രമുള്ള കലാലയത്തിലേക്ക് വരാന്‍ അര്‍ഹതയില്ലെന്ന് ഫാറൂഖ് കോളേജ് ബിഎ ഫങ്ഷണല്‍ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിഎ ഫായിസ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫാറൂഖ് കോളേജ് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് തൃശൂര്‍ സ്വദേശി ഫായിസ

ഫായിസയുടെ എഴുത്തിന്റെ പൂർണരൂപം :-

ഫാറൂഖ് കോളേജ് ആരെയാണ് എഴുന്നള്ളിക്കുന്നത്?

ഞങ്ങളുടെ കലാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനമാണ് ശനിയാഴ്ച. അതിഥി വെങ്കയ്യ നായിഡു. ഇന്ത്യയുടെ ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതിയുടെ മേനിയും അധികാരവുമൊക്കെയുണ്ടാവും ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്. പക്ഷെ , അദ്ദേഹം കറകളഞ്ഞ ആർഎസ്എസുകാരനാണ്, ഇപ്പോഴും ആണ്. അതുകൊണ്ടാണല്ലോ , ഉപരാഷ്ട്രപതി സ്ഥാനത്തിരുന്നിട്ടും ആ രാഷ്ട്രീയം പറഞ്ഞത് .

ബിജെപിയിലെ ആര്‍.എസ്.എസ് പ്രതിനിധിയാണ് അതിന്റെ ദേശീയ അധ്യക്ഷൻ കൂടിയായ വെങ്കയ്യ നായിഡു. ചെറുപ്പത്തിൽ ശാഖ വഴി എബിവിപിയില്‍ വര്‍ക്ക് ചെയ്ത് ദേശീയ രാഷ്ട്രീയത്തില്‍ ആർഎസ്എസ് വര്‍ഗീയ കേന്ദ്രത്തിന്റെ പ്രധാന നോമിനിയാണ് നായിഡു. .വാജ്‌പേയിയുടെ മന്ത്രിസഭ മുതല്‍ സജീവ സംഘപരിവാര്‍ വക്താവാണ്. താനൊരു സംഘ്പരിവാറുകാരനാണെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകനായതില്‍ ഇപ്പോഴും അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ പാര്‍ലിമെന്റില്‍ മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച സർ സംഘ് ചാലക്.

ഘര്‍വാപ്പസി ഹിന്ദുവിന്റെ അവകാശമാണെന്നും വര്‍ഷങ്ങളായി വിദേശ സഹായത്തോടെ ഇവിടെ മതപരിവര്‍ത്തനം മറ്റുപലരും നടത്തുന്നുണ്ട് എന്നും എല്ലാ ആർഎസ്എസുകാരെയും പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തു നിന്നിരുന്നു വിഷംതുപ്പിയ പരമ്പര്യമുള്ള ആൾ . ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ സൈബര്‍ സംഘികളുടെ കൂട്ട ആക്രമണമുണ്ടായപ്പോള്‍ രാജ്യസഭയില്‍ അതിനെ ന്യായീകരിക്കുകയും ഇന്ത്യയുടെ വൈസ് പ്രസിഡന്റായപ്പോൾ ആ സ്ഥാനത്തിരുന്നു ഹാമിദ് അൻസാരിയോട് പരോക്ഷമായി രാജ്യം വിടാൻ ആഹ്വനം ചെയ്യുകയും ചെയ്‌ത വെങ്കയ്യ നായിഡു.

അബുസ്സബാഹിന്റെ കലാലയത്തിലെ വിദ്യാർഥികൾ എന്ത് കാരണത്താലാണ് വെങ്കയ്യ നായിഡുമാരെ കയ്യടിച്ചു സ്വാഗതം ചെയ്യുക. ഇന്നാട്ടിലെ സ്വാതന്ത്ര്യത്തിനായി ത്യാഗോജ്ജ്വല പോരാട്ട ജീവിതം നയിച്ച മൗലാനാ മുഹമ്മദലി ജൗഹറിന്റെ ഉപദേശപ്രകാരം മഹാനായ അബുസ്സബാഹ് സ്ഥാപിച്ച കലാലയമാണ് ഫാറൂഖ് കോളേജ്. മലബാറിലെ വിശിഷ്യാ മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ മനോഹരമായ ഇടപെടലുകൾ നിർവഹിച്ച ഒരു കലാലയം അതിന്റെ ചരിത്രപരമായ ഓർമ്മകൾ ഓര്മിച്ചെടുക്കുന്ന ഒരു പരിപാടിയുടെ ഉദ്‌ഘാടകനായി വിളിക്കേണ്ടത് , മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുള്ള വ്യക്തിയെ അല്ല. മുസ്ലിം വംശഹത്യയുടെ രാഷ്ട്രീയം പേറുന്ന വെങ്കയ്യ നായിഡുവിനെ അല്ല, മതസൗഹാര്ദത്തിനും മാനവമൈത്രിക്കും ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗീവര്യന്മാരുടെ വിയർപ്പുകൾ കൊണ്ട് പൊങ്ങിയ ഈ കോളേജ് കവാടം സ്വാഗതം ചെയ്യേണ്ടത് മതവിദ്വേഷത്തിന്റെ ട്രാക്ക് റെക്കോർഡുകൾ ഉണ്ടായിരുന്ന ആളെയുമല്ല.

ഫാറൂഖ് കോളേജിലെ വിദ്യാർത്ഥിയാണ് ഞാൻ . ഫാറൂഖ് കലാലയത്തിൽ വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥി. ഈ കലാലയത്തിലെ വിദ്യാർത്ഥിയെന്ന , രാഷ്ട്രീയബോധ്യമുള്ള വിദ്യാർത്ഥിയെന്ന , ഇന്നാട്ടിലെ പൗരയെന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് പറയുകയാണ്..

മിസ്റ്റർ വെങ്കയ്യ നായിഡു , നിങ്ങൾക്ക് ഫാറൂഖ് കോളേജിലേക്ക് വരാനുള്ള അർഹതയില്ല

അൺ വെൽകം മിസ്റ്റർ വൈസ് പ്രസിഡന്റ്

Be the first to comment on "വെങ്കയ്യ നായിഡു, നിങ്ങള്‍ക്ക് ഫാറൂഖ് കോളേജിലേക്ക് വരാന്‍ അര്‍ഹതയില്ല, വിദ്യാർത്ഥി എഴുതുന്നു"

Leave a comment

Your email address will not be published.


*