‘ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. മധൂ..മാപ്പ് ‘ . മമ്മൂട്ടിയുടെ പ്രതികരണം

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായി പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ജാതികേരളത്തിന്റെ ഈ ക്രൂരതയോട് പ്രതിഷേധിച്ച് മധുവിന്റെ നീതിക്കായുള്ള സമരത്തോട് ഐക്യപ്പെട്ടു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

Be the first to comment on "‘ വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. മധൂ..മാപ്പ് ‘ . മമ്മൂട്ടിയുടെ പ്രതികരണം"

Leave a comment

Your email address will not be published.


*