മധുവിന്റെ കൊലപാതകം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

പാലക്കാട് അട്ടപ്പാടിയില്‍ ഒരു കൂട്ടം യുവാക്കള്‍ ക്രൂരമായി അടിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ നീതിക്കായുള്ള പ്രക്ഷോഭങ്ങള്‍ വ്യാപകമാവുമ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. മധുവിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുള്ള പരാതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചത്‌. വിഷയത്തില്‍ ഉടന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടും. പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മധുവിന്റെ കുറ്റവാളികളെ രക്ഷപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേ സമയം , മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് തന്നെയെന്ന് തെളിയിച്ച് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും മർദനത്തിൽ വാരിയെല്ല് തകർന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തലയിലും ഗുരുതര പരിക്കുകളുണ്ട്. മരണ കാരണം ആന്തരിക രക്തസ്രാവമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ ഐജി അജിത്ത് കുമാർ പറഞ്ഞു. ഒപ്പം കുറ്റവാളികളെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികളുടെ പ്രതിഷേധം മുക്കാലിയിലും അഗളിയിലും തുടരുകയാണ്.

Be the first to comment on "മധുവിന്റെ കൊലപാതകം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു"

Leave a comment

Your email address will not be published.


*