ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഗുണ്ടകളല്ല സാര്‍…

ഇര്‍ഫാന്‍ ഹാദി. കെ

“വിദ്യാർത്ഥികളുടെ ഗുണ്ടാവിളയാട്ടം നിയമപരമായി നേരിടേണ്ടതിനു പകരം സദാചാര സംരക്ഷണം സ്വയം ഏറ്റെടുത്ത നോൺ ടീച്ചിങ് സ്റ്റാഫും വിസ്‌മൃതിയിലേക്ക് പോയി. ഇത് തിരിച്ചറിഞ്ഞ ഇടിവണ്ടി ഗ്യാങ്ങുകൾ പുതിയൊരു ആഖ്യാനം മെനഞ്ഞെടുക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ സെക്യൂരിറ്റിക്കാരന്റെ വിഷയത്തിൽ ഉത്തരം പറയേണ്ടിവരുമായിരുന്ന ഗ്യാങ്ങിനു കിട്ടിയ അനുഗ്രഹമായിരുന്നു അടി. പരീക്ഷ കഴിഞ്ഞുള്ള അക്രമാസക്തമായ ആഘോഷം തടഞ്ഞതിന്റെ പ്രതികാരമായി തിരഞ്ഞെടുത്തതാണ് ഹോളി ആഘോഷം.”

ഡോ: പികെ യാസർ അറഫാത്ത് , മാധ്യമം ദിനപത്രത്തില്‍ ഇന്ന് ( 21-03-2018) നിങ്ങൾ എഴുതിയ ലേഖനത്തിലെ വരികളാണ് ഇവ.

ഒന്നാമത് , ഫാറൂഖ് കോളേജിലെ ഈ സംഭവം എഴുതാനും അവലോകിക്കാനും ഒരുങ്ങുന്നതിനും മുമ്പ് നിങ്ങൾ ഫാറൂഖ് കോളേജിലെ ഏതെങ്കിലും ഒരു വിദ്യാർത്ഥിയോട് സംസാരിച്ചിരുന്നോ? അന്നാ സംഭവസ്ഥലത്ത് ഉണ്ടായ ഏതെങ്കിലും വിദ്യാർത്ഥിയോട് അന്വേഷിച്ചിരുന്നോ? സംഭവത്തെ കുറിച്ച് കോളേജ് പ്രിന്സിപ്പാളോ മാനേജ്‌മെന്റോ അതോ നാട്ടുകാരുടെ ജാഗ്രത കമ്മിറ്റിയോ നൽകിയ വിശദീകരണ കുറിപ്പ് മാത്രം കൈപറ്റിയാണോ ഇത് എഴുതിയത്?

എന്ത് ഗുണ്ടാവിളയാട്ടമാണ് അന്ന് അരങ്ങേറിയത്? ഏത് വിദ്യാർത്ഥികളുടെ അക്രമങ്ങളാണ് അന്ന് കാമ്പസിൽ നടന്നത്? തിരുവനന്തപരത്തെ ചെകുത്താൻ വണ്ടിയുമായി താരതമ്യം ചെയ്യാൻ മാത്രം ‘ഹോളി വണ്ടി’ ഫാറൂഖ് കോളേജിൽ ആരെയും കൊന്നിട്ടില്ല സർ. വാഹനമിടിച്ചിട്ടില്ല സർ. ചെയ്‌ത തെറ്റ് മറച്ചുവെക്കാൻ വിദ്യാർത്ഥികൾക്ക് കിട്ടിയ അനുഗ്രഹമായിരുന്നല്ലേ അടി..!
കൊള്ളാം. നിങ്ങളാ വീഡിയോ ദൃശ്യങ്ങൾ കണ്ടിരുന്നോ? വിദ്യാർത്ഥികളെ ഓടിച്ചിട്ട് തല്ലുന്ന നോൺ ടീച്ചിങ് സ്റ്റാഫിനെയും അതിനു കൂട്ടുനിന്ന അധ്യാപകരെയും ( അധ്യാപകരെ നിങ്ങൾ പരാമര്ശിക്കുന്നില്ല എന്നത് വേറെ കാര്യം ) ഇങ്ങനെ തഴുകിയും തലോടിയും ന്യായീകരിക്കുകയാണ് നിങ്ങൾ.

ഞങ്ങൾ ഫാറൂഖ് കോളേജ് വിദ്യാർഥികൾ ഗുണ്ടകളല്ല സാർ , ഞങ്ങളാ ദിവസം യാതൊരു ആക്രമണവും നടത്തിയിട്ടില്ല സാർ . നിങ്ങൾ പറഞ്ഞത് നുണയാണ്. നുണയാണ് എഴുതുന്നത്.

ഫാറൂഖ് കോളേജിന് നേരെയുള്ള ആക്രമണങ്ങളെ കുറിച്ചും പുരോഗമനാട്യക്കാരുടെ കപടതയെ കുറിച്ചുമുള്ള അങ്ങയുടെ വാക്കുകൾ അഭിനന്ദനീയം തന്നെ. കോളേജിനെതിരെ തുടരുന്ന പൊതുബോധത്തിന്റെ വേട്ടയെ കുറിച്ച് നല്ല ബോധ്യമുണ്ട് ഞങ്ങൾക്ക്. അതുകൊണ്ടു തന്നെയാണ് അത്തരം മുദ്രാവാക്യങ്ങളുമായി വന്നവരെ കോളേജ് വിദ്യാർത്ഥിനികൾ തന്നെ തിരിച്ചയച്ചത്. എന്നാൽ അതിന്റെ ചിലവിൽ വിദ്യാർത്ഥികളെ ഗുണ്ടകളാക്കാനും അധ്യാപകരെയും ജീവനക്കാരെയും അത് തടയേണ്ട സംരക്ഷകരും നല്ലപിള്ളകളാക്കാനും ശ്രമിക്കരുത്.

സ്വയം ഭരണത്തിന്റെ ഹുങ്കിൽ ഞങ്ങളുടെ കാമ്പസിൽ തുടരുന്ന വിദ്യാർഥിവേട്ടയെ ചെറുത്തുതോൽപ്പിക്കാൻ തന്നെയാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഞങ്ങളെ മർദിച്ച ജീവനക്കാരെയും അധ്യാപകരെയും സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് വിദ്യാർത്ഥിഐക്യവേദിയുടെ നിലപാടും.

ഫാറൂഖ് കോളേജ് മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍ ഹാദി

Be the first to comment on "ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഗുണ്ടകളല്ല സാര്‍…"

Leave a comment

Your email address will not be published.


*