ചിത്രലേഖയുടെ അതിജീവനസമരം ബോളിവുഡ് സിനിമയാവുന്നു

കണ്ണൂരിലെ തന്റെ പ്രദേശത്തെ പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകർ ഒരു പതിറ്റാണ്ടിനടുത്തായി തുടരുന്ന ജാതീയമായ അപമാനങ്ങളെ അതിജീവിക്കുന്ന ദളിത് പ്രവർത്തകയും ഓട്ടോ ഡ്രൈവറുമായ ചിത്രലേഖയുടെ ജീവിതം സിനിമയാവുന്നു. ഫ്രാസെർ സ്‌കോട്ട് എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരനാണ് ചിത്രലേഖയെക്കുറിച്ചു ഹിന്ദിയിൽ സിനിമ ചെയ്യാൻ പോകുന്നുവെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഒപ്പം ഫ്രാസെർ സ്‌കോട്ടിന്റെ പ്രോജക്ടിനെ പരിചയപെടുത്തികൊണ്ട് ബോളിവുഡിലെ പ്രമുഖ സംവിധായകൻ ശേഖർ കപൂർ ചിത്രലേഖയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തു. തന്റെ മികച്ച സിനിമകളിലൊന്നായ ബാണ്ടിറ്റ് ക്വീനിനെ ഓർമപ്പെടുത്തുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്നും അവരുടെ ജാതീയതയോടുള്ള അതിജീവനവും പോരാട്ടവും ഒരു പ്രോത്സാഹനമാണെന്നും ശേഖർ കപൂർ പറയുന്നു.

ചിത്രലേഖയുടെ സമരത്തെ കുറിച്ചും അവർ അനുഭവിക്കുന്ന ജാതീയ അക്രമങ്ങളെ കുറിച്ചും പരിചയപെടുത്തിത്തന്ന ചലച്ചിത്ര പ്രവർത്തകൻ രൂപേഷ് കുമാറിന് നന്ദി പറഞ്ഞ ഫ്രാസെർ സ്‌കോട്ട് സിനിമയുടെ മറ്റുവിവരങ്ങൾ പങ്കുവെച്ചില്ല.

” പുലയച്ചി ഓട്ടോ ഓടിക്കരുത് ” തുടങ്ങിയ ജാതീയമായ വാദങ്ങളുമായായിരുന്നു ചിത്രലേഖയെ മുമ്പ് സി ഐ ടി യു പ്രവർത്തകർ നേരിട്ടത്. ചിത്രലേഖയുടെ വീടിനും ഓട്ടോറിക്ഷക്കും നേരെ നിരവധി അതിക്രമങ്ങളുണ്ടായി. സമരം ചെയ്‌ത്‌ നേടിയെടുത്ത സർക്കാർ സഹായവും ചിത്രലേഖയ്ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിലും സിപിഎം പ്രവർത്തകർ ചിത്രലേഖയെ നേരിട്ടത് ജാതീയ അവഹേളനങ്ങളും അസഭ്യവർഷങ്ങളും കൊണ്ടായിരുന്നു.

Be the first to comment on "ചിത്രലേഖയുടെ അതിജീവനസമരം ബോളിവുഡ് സിനിമയാവുന്നു"

Leave a comment

Your email address will not be published.


*