സോജാ രാജകുമാരീ.. അനശ്വരഗായകൻ സൈഗാളിനെ ഓർത്ത് ഗൂഗിൾ ഡൂഡിൽ

‘പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍നിന്ന മുഗ്ധ
സൗന്ദര്യത്തെ ഉണര്‍ത്തരുതേ…ഉണര്‍ത്തരുതേ’

സോജാ രാജകുമാരീ… എന്ന ഗാനം മാത്രം ഓർത്താൽ മതി സൈഗാളിനെ ഓർക്കാൻ.  അനശ്വര ഗായകനും അഭിനേതാവുമായ കെ എൽ സൈഗാൾ എന്ന കുന്ദൻലാൽ സൈഗാളിന്റെ നൂറ്റിപതിനാലാം ജന്മദിന വാർഷികം ഇന്ന് . ഹൃദയഹാരിയായ ഗാനങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ സൈഗാളിനെ ഗൂഗിൾ ഡൂഡിലിൽ ചിത്രീകരിച്ചു ആദരിച്ചു.

ഒന്നര പതിറ്റാണ്ട് മാത്രം നീണ്ടുനിന്ന തന്റെ സിനിമാജീവിതത്തിൽ 36 സിനിമകളിൽ അഭിനയിച്ച സൈഗാൾ നൂറ്റമ്പതോളം സിനിമാഗാനങ്ങളും ആലപിച്ചു. അഭിനയിച്ച സിനിമകളിൽ 28 എണ്ണം ഹിന്ദി/ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹം ആലപിച്ച 188 ഗാനങ്ങളിൽ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു.

ജമ്മുവിലെ നവ സഹാറിൽ 1904 ഏപ്രിൽ 11നാണ്‌ സൈഗാൾ ജനിച്ചത്. സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ നിമിത്തം സംഗീതാഭ്യസനം നടത്താൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. ദാരിദ്ര്യം കാരണം ചെറുപ്പത്തിൽതന്നെ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടി വന്ന അദ്ദേഹം ജീവിക്കാൻ വേണ്ടി റെയിൽവേ ടൈംകീപ്പറായി ജോലിക്കു ചേർന്നു. പിന്നീട് റമിങ്ടൺ ടൈപ്പ് റൈറ്റർ കമ്പനിയിൽ സെയിൽസ്മാനും ഹോട്ടൽ മാനേജരുമൊക്കെയായി അദ്ദേഹം ജോലിചെയ്തു.ഈ സമയത്തെല്ലാം തന്നെ സംഗീതത്തൊടുള്ള അടങ്ങാത്ത ഭ്രമം അദ്ദേഹത്തിന്റെ ഉള്ളിൽ ഊണ്ടായിരുന്നു. 1930-ൽ കൽക്കത്തയിലെ ന്യൂ തിയറ്ററിന്റെ പ്രധാന ചുമതലക്കാരനായ ബി.എൻ. സിർക്കാർ സൈഗാളിനെ അവിടേക്ക് ക്ഷണിച്ചതൊടെ ആ ജീവിതത്തിൽ വഴിത്തിരിവുണ്ടായി.

ന്യൂ തിയറ്ററിൽവെച്ച് പ്രശസ്ത സംഗീതസംവിധായകന്മാരായ ആർ.സി. ബോറൽ, പങ്കജ് മല്ലിക്ക്, കെ.സി.ഡേ, പഹാഡി സന്യാൽ തുടങ്ങിയവരുമായുണ്ടായ അടുപ്പം അദ്ദേഹത്തിന്‌ നിരവധി അവസരങ്ങൾ ലഭിക്കാൻ കാരണമായി. 1932-ൽ പുറത്തിറങ്ങിയ ഉറുദു സിനിമയായ “മൊഹബ്ബത്ത് കെ ആൻസൂ” ആണ്‌ അദ്ദേഹത്തിന്‌ ജനശ്രദ്ധ നൽകിയ ആദ്യത്തെ സിനിമ. 1933-ൽ പുറത്തിറങ്ങിയ “പുരാൺ ഭഗത്ത്” എന്ന ചിത്രത്തിൽ അദ്ദേഹം നാലു ഭജനുകൾ ആലപിക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്‌ ഏറെ പ്രശസ്തി നേടിക്കൊടുത്തു. 1935-ൽ പുറത്തിറങ്ങിയ ദേവദാസിൽ പ്രധാന കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചതോടെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ പ്രഥമ സ്ഥാനം നേടി. ന്യൂ തിയറ്റർ നിർമ്മിച്ച ഏതാനും ബംഗാളി സിനിമകളിലും തുടർന്ന് അദ്ദേഹം അഭിനയിക്കുകയുണ്ടായി. “തെരുവു ഗായകൻ” എന്ന ഹിന്ദി സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച “ബാബുൽ മോറ” എന്ന ഗാനം ഒരേസമയം നടനെന്ന നിലയിലും ഗായകനെന്ന നിലയിലും അദ്ദേഹത്തെ പ്രശസ്തനാക്കി. 1941-ൽ ബോംബെയിലേക്ക്‌ പോയ സൈഗാൾ രഞ്ജിത്ത് മൂവിടോൺ നിർമ്മിച്ച് “ഭക്ത് സൂർദാസ്”(1942), “താൻസെൻ”(1943) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Be the first to comment on "സോജാ രാജകുമാരീ.. അനശ്വരഗായകൻ സൈഗാളിനെ ഓർത്ത് ഗൂഗിൾ ഡൂഡിൽ"

Leave a comment

Your email address will not be published.


*