”ഇന്ത്യയിൽ വന്നത് ആത്മഹത്യ ചെയ്യാനല്ല, ജീവിതം തിരിച്ചു പിടിക്കാനാണ്. പക്ഷേ…”

ലിഗയുടെ മരണത്തെ ആത്മഹത്യയോ സ്വാഭാവിക മരണമോ ആക്കി മാറ്റരുതെന്നു സഹോദരി ഇലീസ്. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ലീഗയുടെ മരണം അസ്വാഭാവികമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതായി സഹോദരിയും ഭർത്താവ് ആൻഡ്രൂസും വ്യകത്മാക്കിയത്. ലിഗ തനിച്ചു എത്തിപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ഇടത്ത് വെച്ചാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞങ്ങളും വായിച്ചിരുന്നു, അതിൽ അസ്വാഭാവിക മരണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നിലുള്ള സത്യം പുറത്തു വരണം. അതിനു എല്ലാവരും സഹായിക്കണം – അവർ കൂട്ടിച്ചേർത്തു.

കാണാതായി പത്തു ദിവസം കഴിഞ്ഞതിനു ശേഷമാണു പോലീസ് കാര്യമായി അന്വേഷിക്കാൻ തുടങ്ങിയത്. ഉദ്യോഗസ്ഥർ ഞങ്ങളുടെ അപേക്ഷകൾ കാര്യമായെടുത്തില്ല. കേരളത്തെയോ ഇന്ത്യയെയോ മാത്രമായി പഴിക്കേണ്ടതില്ലെന്നും, ലോകത്തു എവിടെ വേണമെങ്കിലും നടക്കാവുന്ന കാര്യമാണിതെന്നും അവർ പറഞ്ഞു. ലീഗയുടെ മരണം ആത്മഹത്യ ആയിക്കൂടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ലിഗ ഇന്ത്യയിൽ വന്നത് ജീവിതം തിരിച്ചുപിടിക്കാനാണ്, നശിപ്പിച്ചു കളയാനല്ല. ആത്മഹത്യ ചെയ്യാനാണെങ്കിൽ ഇത്രയും ദൂരം സഞ്ചരിച്ചു വരണോ, നാട്ടിൽ നിന്ന് തന്നെ അവൾക്കത് ചെയ്യാമായിരുന്നല്ലോ എന്നായിരുന്നു ഇലീസിന്റെ മറുപടി.

ഉറക്കമില്ലായ്മ അലട്ടിയിരുന്ന ലിഗ മുൻപ് സ്വന്തം നാട്ടിൽ വെച്ച് രണ്ടു പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവിടെ എത്തിയതിനു ശേഷം, ചികിത്സകൾ ഫലം ചെയ്തു തുടങ്ങി. നല്ല ഉറക്കവും ഉന്മേഷവും ആരോഗ്യവും അവർക്കുണ്ടായിരുന്നു. കാണാതാകുന്ന ആ ദിവസം ഉന്മേഷത്തോടെയാണ് സംസാരിച്ചത്. അങ്ങനെ ഉള്ള അവൾ സ്വയം ജീവൻ വെടിയുമെന്നു വിശ്വസിക്കാൻ ഒരു നിർവഹവുമില്ല. നടക്കുന്നതിനിടെ അവൾക്ക് വഴി തെറ്റിക്കാണും. തെറ്റായ ആരെയെങ്കിലും വിശ്വസിച്ചു പോയിട്ടുണ്ടാവും…വാർത്താ സമ്മേളനത്തിൽ ഇലീസ് പറഞ്ഞു.

അന്വേഷണത്തിൽ സഹായിച്ചവർക്കും സുരേഷ് ഗോപി എംപിയുടെ പിന്തുണക്കും പ്രത്യേകം നന്ദി പറഞ്ഞ ആൻഡ്രൂസ്, കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ അത് അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

Be the first to comment on "”ഇന്ത്യയിൽ വന്നത് ആത്മഹത്യ ചെയ്യാനല്ല, ജീവിതം തിരിച്ചു പിടിക്കാനാണ്. പക്ഷേ…”"

Leave a comment

Your email address will not be published.


*