മെഹബൂബെ മില്ലത്ത്: ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ ഓര്‍മകള്‍ക്ക് പതിമൂന്നാണ്ട്

മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട്. നിരവധി വർഷങ്ങൾ മുസ്ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. മഞ്ചേരി,പൊന്നാനി,  കോഴിക്കോട് എന്നിവിടങ്ങളിലായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു. 2005 ൽ മരണമടഞ്ഞ അദ്ദേഹത്തെ  മഹ്ബൂബെ മില്ലത്ത് എന്ന് രാജ്യത്തെ മുസ്ലിം സമൂഹം സ്നേഹപൂർവം വിളിച്ചു.

1922 നവംബർ 3 ന് മൈസൂരിൽ നിന്ന് ബംഗ്ലുരുവിൽ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് മൈസൂരിലേയും കോലാരിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് തന്റെ ഉദ്യോഗം രാജിവെച്ചു. കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ മറിയം ബായിയാണ് സേട്ടുവിന്റെ പത്നി. ഇവർക്ക് അഞ്ചുമക്കളുണ്ട്.

ഇന്ദിരാഗാന്ധി മുതല്‍ നരസിംഹ റാവു വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരില്‍ നിന്നുണ്ടാവുന്ന ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരേ പാര്‍ലമെന്റിലും പുറത്തും ഗര്‍ജിക്കുന്ന സിംഹമായിരുന്നു സുലൈമാന്‍ സേട്ട്.  അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി ഇല്ലാതാവുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബില്ല് പാര്‍ല്ലമെന്റില്‍ പരസ്യമായി പറിച്ചെറിഞ്ഞ് സേട്ടു സാഹിബ് ഉയര്‍ത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമാണ്.
അടിയന്തരാവസ്ഥയില്‍ മുസ്‌ലിം നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ ഡല്‍ഹിയിലെത്തിയ സുലൈമാന്‍ സേട്ട് കോണ്‍ഗ്രസ് പ്രസിഡണ്ടിനെ നേരിട്ട് കണ്ട് നേതാക്കളെ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം തന്നെകൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സേട്ട് ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കള്‍ പ്രധാനന്ത്രിയായിരുന്ന നരസിംഹറാവുവിനെ കാണാന്‍ പോയി. സംസാരിച്ചു കൊണ്ടിരിക്കെ, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് തന്നെ ചതിക്കുകയായിരുന്നെന്ന് നരസിംഹറാവു വിശദീകരിച്ചു. എന്നാല്‍, കല്യാണ്‍സിങല്ല താങ്കളാണ് രാജ്യത്തെയും ജനങ്ങളെയും ചതിച്ചതെന്നു പറഞ്ഞ് നരസിംഹറാവുവിനു മുമ്പില്‍ സേട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. 1994 ഏപ്രില്‍ 22ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചു.

ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന വര്‍ഗ്ഗീയ ഫാസിസത്തെ ചെറുക്കാന്‍ വിശാല മതേതര ബദല്‍ വേണമെന്ന ആഗ്രഹം എന്നും കൊണ്ടുനടന്ന ധിഷണാശാലിയായ രാഷ്ട്രീയനേതാവായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട്.

Be the first to comment on "മെഹബൂബെ മില്ലത്ത്: ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ ഓര്‍മകള്‍ക്ക് പതിമൂന്നാണ്ട്"

Leave a comment

Your email address will not be published.


*