‘ഫാസിസ്റ്റുകൾ അലറുന്ന കാലമാണ്. ജയ് ശ്രീറാമിന്‌ പ്രത്യഭിവാദ്യം പറയില്ല.’ കെഇഎൻ എംഎൻ കാരശ്ശേരിയോട്

‘ഈ ചോദ്യം ചോദിക്കുന്നവർ ഇന്ത്യയിൽ തന്നെയാണോ ജീവിക്കുന്നത്? , ഫാസിസ്റ്റുകളുടെ ഈ അലർച്ചയുടെ നടുക്കുനിന്നിട്ടു ജയ് ശ്രീറാമിന് പ്രത്യഭിവാദ്യം ചെയ്യാൻ ഒരിക്കലും തയ്യാറല്ല …’ ഒരാള്‍ ജയ് ശ്രീറാം എന്ന് അഭിവാദ്യം ചെയ്താല്‍ അതേ വാക്യത്തില്‍ തിരിച്ചും അഭിവാദ്യം ചെയ്യുമോയെന്ന് കെ.ഇ.എന്നിനോട് ചോദിച്ച എം എൻ കാരശ്ശേരിക്ക് മറുപടി നൽകി കെഇഎൻ. ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുമായി പൊരുത്തപ്പെട്ടുപോകുന്ന മർദ്ദിതപക്ഷത്തുനിന്നുള്ള എല്ലാ അനുഷ്‌ഠാനങ്ങളെയും ആഘോഷങ്ങളെയും അഭിവാദ്യരീതികളെയും കലവറയില്ലാതെ പിന്തുണക്കുക എന്നതാണ് തന്റെ നിലപാടെന്നും കെഇഎൻ പറയുന്നു.

കെ.ഇ.എന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗത്തോടുള്ള വിമര്‍ശനമായാണ് കാരശ്ശേരി ഫേസ്ബുക്കിലൂടെ ഈ ചോദ്യം ഉന്നയിച്ചിരുന്നത്. ഇനിമുതല്‍ അസ്സലാമു അലൈക്കും എന്നൊരാള്‍ അഭിവാദ്യം ചെയ്താല്‍ തിരിച്ച് സലാം മടക്കുമെന്ന് അഭിമുഖത്തിൽ കെഇഎൻ പറഞ്ഞിരുന്നു. ഏറെ നാളത്തെ ആലോചനയുടേയും ആശയക്കുഴപ്പത്തിന്റെയും അവസാനമാണ് അതിലേക്ക് എത്തുന്നതെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ഇതിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് കാരശ്ശേരി തന്റെ ചോദ്യം ചോദിക്കുന്നത്. ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍, സ്വാമി ശരണം തുടങ്ങിയ രീതികളില്‍ അഭിവാദ്യം ചെയ്യുന്നവരുണ്ട്. അങ്ങനെ ചെയ്താല്‍ കെ.ഇ.എന്‍ അതേ വാക്കുകളില്‍ പ്രത്യഭിവാദ്യം ചെയ്യുമോ? ” എന്നായിരുന്നു എംഎൻ കാരശ്ശേരിയുടെ ചോദ്യം. ഇത് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുത്വ ഭീകരസംഘങ്ങൾ ജയ് ശ്രീറാമെന്നും ജയ് ഹനുമാനെന്നും അലർച്ചയുടെ സ്വരത്തിൽ മുഴക്കുകയും വിളിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എംഎൻ കാരശ്ശേരിയുടെ ചോദ്യം ആരുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതാണ് എന്നതായിരുന്നു ഉയർന്ന വിമർശനം

മീഡിയവൺ വ്യൂ പോയിന്റിൽ ഗോപീകൃഷ്‌ണനുമായുള്ള അഭിമുഖത്തിലാണ് കെഇഎൻ എംഎൻ കാരശ്ശേരിക്ക് മറുപടി നൽകുന്നത്.

കെ ഇ എന്നിന്റെ വാക്കുകളിലൂടെ :

” എന്റെ അഭിമുഖത്തിൽ കാര്യങ്ങൾ വളരെ കൃത്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷെ എന്റെ ചില സുഹൃത്തുക്കളുടെ വാദമുഖങ്ങൾ കേൾക്കുമ്പോൾ അവരീ നാട്ടിലല്ല ജീവിക്കുന്നത് എന്ന് തോന്നിപ്പോവും. ഉദാഹരണമായി ജയ് ശ്രീറാം , ജയ് ഹനുമാൻ എന്നുള്ളതിന് കെഇഎൻ അതേപോലെ പ്രത്യഭിവാദ്യം ചെയ്യുമോ എന്നാണ് ചോദിക്കുന്നത്. ആ ചോദ്യത്തോട് വളരെ ലളിതമായി പ്രതികരിക്കാം , കാരണം ജയ് ശ്രീറാം , ജയ് ഹനുമാൻ , അസ്സലാമു അലൈക്കും , ലാൽസലാം എന്നൊക്കെ പ്രകടിപ്പിക്കുന്നത് ഒരേ തരത്തിലുള്ള സൗഹൃദം ആണെങ്കിൽ തീർച്ചയായും അതേ തരത്തിൽ പ്രത്യഭിവാദ്യം ചെയ്യാം. എന്നാൽ ജയ് ശ്രീറാം എന്നുള്ളത് ഒരു അലർച്ചയുടെ രൂപം സ്വീകരിക്കുമ്പോൾ , അത് വിളിക്കാത്തവരെ നിർബദ്ധിപ്പിച്ചു വിളിപ്പിക്കും എന്നും അല്ലെങ്കിൽ നിങ്ങളെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ല എന്നും , നിങ്ങൾ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഞങ്ങൾ പറയും പോലെ ജയ് ശ്രീറാം എന്ന്‌ പറയണമെന്നും ഫാസിസ്റ്റുകൾ അലറുന്നതിന്റെ നടുക്കുനിന്നു എന്തായാലും ജയ് ശ്രീറാം എന്നതിന് പ്രത്യഭിവാദ്യമായിട്ട് ജയ് ശ്രീറാം എന്ന് പറയാൻ ഇന്ത്യയിലെ ഒരു ജനാധിപത്യവാദിയും സന്നദ്ധമാവില്ല. ”

Be the first to comment on "‘ഫാസിസ്റ്റുകൾ അലറുന്ന കാലമാണ്. ജയ് ശ്രീറാമിന്‌ പ്രത്യഭിവാദ്യം പറയില്ല.’ കെഇഎൻ എംഎൻ കാരശ്ശേരിയോട്"

Leave a comment

Your email address will not be published.


*