കര്‍ണാടകയിലെ ജനാധിപത്യവിജയവും മുസ്ലിംകളും

അഡ്വ: അമീന്‍ ഹസ്സന്‍

ശരിക്കും നിഷ്‌കളങ്കമായി സന്തോഷിക്കണമെന്നുണ്ട്.ആർത്ത് ചിരിക്കണമെന്നുണ്ട്.ഈ ദിവസം ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്രമേൽ പ്രധാനവുമാണ്.അക്ഷരാർഥത്തിൽ ബിജെപിയുടെ പതനത്തിലും സംഘടനാ താൽപര്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്തും അത്യുജ്വലമായി നിയമപോരാട്ടം നടത്തിയും കോൺഗ്രസ് നേടിയ വിജയത്തിലും.

കോൺഗ്രസ് പൊരുതി നേടിയ വിജയം ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് അവകാശപെടാം.പക്ഷെ നാസർ മഅ്ദനിക്കും സക്കരിയ്യക്കും യദ്യുരപ്പയും സിദ്ദരാമയ്യയും കുമാര സ്വാമിയും പേരിലും കൊടിയിലും മാത്രമുള്ള മാറ്റമായി അനുഭവപെടുന്നുണ്ടാകുന്നില്ലേ?.അതിനിയും അങ്ങനെ തുടരുമെങ്കിൽ നമ്മൾ എങ്ങനെ ആഹ്ലാദിക്കും?.സക്കരിയ്യക്ക് മോചനം ലഭിക്കാതെ നമുക്കവന്റെ ഉമ്മയോട് കർണാടകയിലെ കോൺഗ്രസും ബിജെപിയും തമ്മിലുളള വ്യത്യാസം പറഞ്ഞു ബോധ്യപെടുത്താനാവുമോ?.പരപ്പന അഗ്രഹാര ജയിലറയിൽ ഇരുൾ മൂടി കഴിയുന്ന ചെറുപ്പം നമ്മുടെ ആഹ്ലാദ പ്രകടനങ്ങളോട് നിസ്സംഗമായി,നിസ്സഹായമായി കൊഞ്ഞനം കുത്തുന്നുണ്ടാവില്ലേ?.അതിനാൽ അതിയായി ആഹ്ലാദിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും നിസ്സഹായത മാത്രമാണ് ഉള്ളിൽ പതയുന്നത്.

മുസ്ലീം സമുദായം ജനാധിപത്യത്തിന് വേണ്ടി,ബിജെപിയെ തോൽപ്പിക്കാൻ ത്യാഗം സഹിക്കണമെന്നാണ് എല്ലാരും പറയുന്നത്.സംഘപരിവാർ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ അതിന്റെ ആദ്യത്തെയും ഒന്നാമത്തെയും ഇരകളായ സമുദായത്തെ മുന്നിൽ നിർത്താൻ കോൺഗ്രസും മതേതര പാർട്ടികളും തയ്യാറാവുകയാണ് വേണ്ടത്.ആ രാഷ്ട്രീയ ആവിശ്യം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാൻ മുസ്ലീം സംഘടനകൾക്ക് സാധിക്കുമെങ്കിൽ അത് നടക്കുമായിരിക്കും. അല്ലാത്ത പക്ഷം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഇരകളായി തുടരാനാണ് നമ്മുടെ വിധി.ഇനിയെങ്കിലും മാറണം കോൺഗ്രസ്.പോലീസ് ഭരിക്കുന്നത് ആർ എസ് എസ് തന്നെയാണെങ്കിൽ, കോൺഗ്രസുകാരന്റെ തലക്കുള്ളിലും സംഘിബോധം മാത്രമാണെങ്കിൽ, ആ മാറ്റത്തെ സാങ്കേതികമായ ജനാധിപത്യ വിജയം എന്ന് മാത്രമെ വിളിക്കാനാവൂ.

Be the first to comment on "കര്‍ണാടകയിലെ ജനാധിപത്യവിജയവും മുസ്ലിംകളും"

Leave a comment

Your email address will not be published.


*