നിപ്പ: സേവന സന്നദ്ധനായി ഡോ. കഫീൽ ഖാൻ. നാളെ കേരളത്തിലെത്തും

കോഴിക്കോട്ടെ നിപ്പ ബാധിത മേഖലയിൽ സേവനത്തിനു സന്നദ്ധത അറിയിച്ച ഗോരഖ്‌പുരിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ നാളെ കേരളത്തിലെത്തും.

തനിക്ക് കോഴിക്കോട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കഫീല്‍ ഖാന്‍ ഫേസ്ബുക്കിലൂടെയാണ്  മുന്നോട്ടുവന്നത്.

‘ഫജര്‍ നമസ്‌കാര ശേഷം ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും എനിക്ക് പറ്റുന്നില്ല. നിപ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ തയ്യാറാണ്. അതിന് അല്ലാഹു എനിക്ക് അറിവും കരുത്തും നല്‍കട്ടെ.’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കോഴിക്കോട്ടേക്ക് സ്വാഗതം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിച്ച മുഖ്യമന്ത്രി ഡോ. കഫീൽ ഖാൻ ഉൾപ്പെടെ സന്നദ്ധത അറിയിച്ചവർക്ക് അവസരം നൽകുന്നതിൽ സന്തോഷമേ ഉള്ളുവെന്നു ഫെയ്സ്ബുക്കിലും ട്വിറ്ററിലും കുറിച്ചു.

കഴിഞ്ഞവർഷം ഗോരഖ്‌പുർ ബാബാ രാഘവദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴുപതിലേറെ കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എട്ടുമാസം കള്ളക്കേസ് ചുമത്തി കഫീൽ ഖാനെ യുപി സർക്കാർ ജയിലിൽ അടച്ചിരുന്നു. ഡോ. കഫീൽ കഴിഞ്ഞമാസം അവസാനമാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തെ യുപി സർക്കാർ മനഃപൂർവം കേസിൽ കുടുക്കിയതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.

Be the first to comment on "നിപ്പ: സേവന സന്നദ്ധനായി ഡോ. കഫീൽ ഖാൻ. നാളെ കേരളത്തിലെത്തും"

Leave a comment

Your email address will not be published.


*