‘ഇത് ഞങ്ങടെ വീട്. ഞങ്ങടെ കാവ്’ തുരുത്തിയിലെ കുട്ടികൾ ഭരണകൂടത്തോട് പറയുന്നു

“ഇത് ഞങ്ങടെ വീട്
ഞങ്ങടെ കാവ്
ഞങ്ങടെ മാത്രം നാട്
അത് എങ്ങനെയങ്ങനെ എങ്ങനെ കാക്കുമെന്ന് ഞങ്ങൾക്കറിയാം ”

44 ദിവസമായിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്ന തുരുത്തി കോളനിയുടെ,കുട്ടികളുടെ നിരാഹാര സമരത്തെക്കുറിച്ച് , അതിജീവനത്തിനായുള്ള പോരാട്ടത്തെ കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററി കാണാം.

കണ്ണൂർ പാപ്പിനിശ്ശേരിയിലെ തുരുത്തിയിലെ പൊരുതുന്ന മക്കൾക്ക് പറയാനുള്ളത് ഡോക്യൂമെന്ററി രൂപത്തിൽ തയ്യാറാക്കിരിക്കുന്നത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ സ്‌നേഹ എയ്ഞ്ചൽ ആണ്. സ്നോവിയ, ബിന്ദുജ, അനുപമ, ഷിൻന എന്നീ കുട്ടികളാണ് ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നത്.

കണ്ണൂർ വളപട്ടണം പുഴയുടെ തീരത്തുള്ള തുരുത്തി ദലിത് കോളനിയിൽ ഉള്ള മുപ്പതോളം കുടുംബങ്ങളാണ് ദേശീയപാത വികസനത്തിന് എതിരായി കഴിഞ്ഞ ഒരു മാസമായി അതിജീവനസമരം നയിക്കുന്നത്. മുഴുവന്‍ കുടുംബങ്ങളെയും കുടിയിറക്കുന്ന രീതിയിലെ അലൈന്‍മെന്റുമായാണ് അധികൃതർ മുന്നോട്ടു വന്നത്. ഇവിടം ജീവിക്കുന്ന ദലിത് കുടുംബങ്ങള്‍ കുടിയറക്കപ്പെടുന്നതിനോടൊപ്പം വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതുമാണ് തുരുത്തിയിലൂടെയുള്ള ഈ ദേശീയപാത വികസനം

നിലവിലുള്ള അലൈന്‍മെന്റില്‍ വന്ന വളവ് ഒഴിവാക്കിയാല്‍ മുഴുവൻ കുടുംബങ്ങളും രക്ഷപ്പെടുമെന്ന് അറിയിച്ചപ്പോള്‍ അലൈന്‍മെന്റിന് മേല്‍ ചര്‍ച്ചയില്ലെന്നായിരുന്നു മറുപടിയെന്നും സമരക്കാർ പറയുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും തുരുത്തിയിലെ നിലവിലുള്ള എല്ലാ പ്രവൃത്തികളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. താൽക്കാലിക വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന തുരുത്തി നിവാസികൾ എന്നാൽ അവസാനവിധി വരുന്നത് വരെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന ‘വികസനത്തിനെതിരെ’ തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ തുരുത്തിയിലെ കുട്ടികളുടെ സംഘം ഇന്ന് മന്ത്രി എകെ ബാലനെ സന്ദശിച്ചു.

‘ഇതാണോ താങ്കൾ പറഞ്ഞ എല്ലാം ശരിയാകുന്ന NO:1 കേരളം?’ തുരുത്തിയിൽ നിന്നും ഡിഗ്രി വിദ്യാർത്ഥിനി ശിൽന കെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്നു.

കഴിഞ്ഞ ഒരു മാസമായി കുടിൽ കെട്ടി സമരം തുടരുകയാണ് തുരുത്തിയിലെ നിവാസികൾ. മെയ് 9ന് സര്‍വ്വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച ഇരുപതോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്

” മുപ്പതോളം ദലിത്‌ കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയിൽ നിന്നും ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും പുഴയിൽ നിന്നും ഓർമകളിൽ നിന്നും കാവിൽ നിന്നും പലായനം ചെയ്യുന്നത്. നഷ്ടം ഈ കൊട്ടിഘോഷിക്കുന്ന കേരളത്തിന് മാത്രമാണ്.” ചലച്ചിത്രപ്രവർത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാർ പറഞ്ഞു

Be the first to comment on "‘ഇത് ഞങ്ങടെ വീട്. ഞങ്ങടെ കാവ്’ തുരുത്തിയിലെ കുട്ടികൾ ഭരണകൂടത്തോട് പറയുന്നു"

Leave a comment

Your email address will not be published.


*