ഇരുട്ടിക്കഴിഞ്ഞാല്‍ അവിടെ നഗരമില്ല

വരിയും വരയും – ഷബ്‌ന സുമയ്യ

ആളും ആരവവുമുള്ള കോഴിക്കോട് ബീച്ചില്‍ നിന്നും തിരക്ക് മടുത്ത് വായിനോട്ടവും കഴിഞ്ഞു കുറച്ചങ്ങോട്ട് മുന്നോട്ടു പോകണം മുഖദാറിലെത്താന്‍.

ഇരുട്ടിക്കഴിഞ്ഞാല്‍ അവിടെ നഗരമില്ല, നിറഞ്ഞു കരയുന്ന കടലും അതില്‍ നേര്‍ത്തു പോകുന്ന നാട്ടു വര്‍ത്തമാനങ്ങളും.

പതഞ്ഞു വരുന്ന തിരകള്‍ നോക്കി കാമുകിയോട് ഫോണില്‍ കവിത പറയുന്ന കാമുകന്മാര്‍, കൂട്ടം കൂടിയിരുന്നു കുറുമ്പ് പറയുന്ന പയ്യന്‍സ്, വാര്‍ദ്ദക്യത്തിന്റെ വേവലാതികള്‍, ഒറ്റക്കായിപ്പോയവരുടെ ഏകാന്തഭജനങ്ങള്‍. ഒക്കെയും കണ്ടു മുന്നോട്ടു പോകുമ്പോള്‍ ഇടക്കൊന്നു നിന്നാല്‍ കുറച്ചു ചില്ലറ തപ്പി കാടമുട്ട കഴിക്കണം. ഒപ്പം പുന്നാരക്കട്ടനും. അതിങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കി നിന്ന് കുടിക്കണം.

അതിനിടയില്‍ വഴിപോക്കരെ നോക്കി കഥകള്‍ ചിന്തിക്കണം. അവിടന്നും പോയിക്കഴിഞ്ഞു ഒടുവിലവിടെ നില്‍ക്കണം. എവിടെ. ഒരു വശത്ത് ഇരമ്പുന്ന കടല്‍, മറുവശത്ത് നിശബ്ദമായുറങ്ങുന്ന ഖബറുകളുടെ ബഹര്‍. അവിടെയിങ്ങനെ ഒന്നും മിണ്ടാതെ അനേകമനേകം മീസാന്‍ കല്ലുകളിലേക്ക് നോക്കി അനുഭവിച്ചു തീര്‍ക്കുന്ന നിമിഷങ്ങളാണ് ഈ കവിതയുടെ അവസാനം. അവിടെ നിന്നാണ് പിന്നെയുമൊരു തുടക്കം….

Be the first to comment on "ഇരുട്ടിക്കഴിഞ്ഞാല്‍ അവിടെ നഗരമില്ല"

Leave a comment

Your email address will not be published.


*