വെള്ളപ്പൊക്കവും കൃഷിനാശവും – ദുരിതക്കയത്തിലാണ് കുട്ടനാട്

മഴക്കെടുതി മൂലം വലയുകയാണ് കുട്ടനാട്ടുകാര്‍. മട വീണ് ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ നശിച്ചു.വീടുകള്‍ ഒട്ടുമിക്കതും വെള്ളത്തില്‍ മുങ്ങി. ഗതാഗത സൗകര്യങ്ങളെല്ലാം മുടങ്ങി നാട് ഒറ്റപ്പെട്ടു.
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കൈനകരി മഴക്കെടുതി മൂലം തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നു. വാര്‍ത്താ വിതരണ സംവിധാനങ്ങളൊക്കെ തീര്‍ത്തും മുടങ്ങി. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുറേ പേര്‍ ചര്‍ച്ചില്‍ അഭയം പ്രാപിച്ചിരുന്നു. ജലനിരപ്പുയര്‍ന്ന് ചര്‍ച്ച് ഹാളിലേക്കു കൂടി വെള്ളം കയറിയതിനെത്തുടര്‍ന്ന് പള്ളിമേട തുറന്നിരിക്കുകയാണ് പള്ളി അധികൃതര്‍. ആരെങ്കിലും പ്രയാസപ്പെടുന്നുണ്ടെങ്കില്‍ പള്ളിയിലേക്ക് വരാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
കൈനകരിയിലെ 24 പാടശേഖരങ്ങളില്‍ 20 എണ്ണത്തിലാണ് കൃഷിയിറക്കിയിരുന്നത്. ഇതില്‍ ഇപ്പോഴത്തെ ജലനിരപ്പില്‍ ബാക്കിയുള്ളത് ആറെണ്ണമാണ്. ബാക്കി പതിനാലും മടവീണതിനെത്തുടര്‍ന്ന് നശിച്ചു. വിനോദ സഞ്ചാരമേഖലയിലടക്കം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കുട്ടനാടിന്റെ സമൂല വികസനവും വെള്ളപൊക്ക നിയന്ത്രണവും ആയി ബന്ധപെട്ടു തയാറാക്കിയ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്‌ നടപ്പാക്കാതെ പോയതാണ് ഇപ്പോഴുള്ള അവസ്ഥക്ക് കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കായല്‍ കടന്നുകയറി നടത്തിയ വികസനപ്രവര്‍ത്തനങ്ങളും വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ഇത്ര വലിയ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നു പറയുന്നു നാട്ടുകാര്‍. മഴയവസാനിച്ചാലും കിഴക്കൻ മേഖലയില്‍ നിന്നുള്ള വെള്ളം വരുന്നത് തുടരുമെന്നതുകൊണ്ട് ജലനിരപ്പ് ഇനിയും ഉയരും. പെട്ടെന്നുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെങ്കില്‍ വലിയ അപകടങ്ങളിലേക്കാവും അത് വഴിവെക്കുക. ഇപ്പോഴുള്ള വെള്ളം തന്നെ ഇറങ്ങിപ്പോകാന്‍ ഒരാഴ്ചയിലേറെ സമയം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
മണ്ഡലത്തില്‍ ഇത്ര ദുരിതപൂര്‍ണമായ അവസ്ഥയുണ്ടായിട്ടും ജനപ്രതിനിധിയായ തോമസ് ചാണ്ടി പ്രതികരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമുണ്ടാവുന്നുണ്ട്. സ്ഥലം എംഎല്‍എ തോമസ് ചാണ്ടി ഇതുവരെ പ്രദേശം സന്ദര്‍ശിക്കുകയോ വിഷയത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ പ്രദേശത്തെത്തിയിരുന്നു.

Be the first to comment on "വെള്ളപ്പൊക്കവും കൃഷിനാശവും – ദുരിതക്കയത്തിലാണ് കുട്ടനാട്"

Leave a comment

Your email address will not be published.


*