ഒരു പായയില്‍ നാല് പേര്‍ കിടന്നുറങ്ങുമ്പോള്‍ ഒരാളില്ലാതായാല്‍… വിനായകന്റെ അച്ഛന്‍ സംസാരിക്കുന്നു

തന്റെ മകന് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോവുമെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി. കേരളപോലീസിന്റെ ക്രൂരമായ ജാതീയ പീഡനത്തിന്റെ ഇര വിനായകന്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് തൃശൂരില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണന്‍ കുട്ടി.

മുടിനീട്ടിവളർത്തിയെന്നു പറഞ്ഞും വ്യാജാരോപണങ്ങൾ ചുമത്തിയും കേരളാപോലീസ് ക്രൂരമായി മർദ്ധിക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു വിനായകനെന്ന ദലിത് യുവാവിനെ. നിരന്തരമായ പോലീസ് പീഡനത്തെ തുടർന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു പത്തൊമ്പതുകാരനായ വിനായകൻ.

വിനായകന്റെ അച്ഛന്റെ വാക്കുകളിലൂടെ :

”പ്രിയ സുഹൃത്തുക്കളേ , എന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞാന്‍ വിനായകന്റെ അഛനാണ്. ഞാന്‍ ഇന്നലെയും ഇവിടെ വന്നിരുന്നു. ഞാനും എന്റെ കുടുംബവുമടക്കം ഇവിടെ വന്നിരുന്നു. നീതിക്ക് വേണ്ടിയിട്ട്. ഇവര്‍ എന്നോട് പറഞ്ഞു. ഇന്നും ഇവിടെ പരിപാടിയുണ്ട്. എന്റെ മോന്‍ വിനായകന്റെ നീതിക്ക് വേണ്ടിയിട്ടാണ്.

എന്റെ മോന്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ എനിക്ക് ഒരു നീതിയും ലഭിച്ചിട്ടില്ല. എന്റെ മകന്‍ , ഒരു തെറ്റും ചെയ്യാത്ത മകനാണ്. എന്റെ മകനെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും ഇന്നു വരെ ചെയ്തിട്ടില്ല.

ഞാന്‍ ഇന്നലെയും പറഞ്ഞിരുന്നു. എന്റെ മകന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് പോലീസ് പിടിച്ചുകൊണ്ടുപോയത് എന്നാണ് എനിക്കറിയേണ്ടത്. എന്റെ മകന്‍ മാല കട്ടോ? വേറെ വല്ലതും മോഷ്ടിച്ചോ? എന്ത് ചെയ്തു? എന്ത് കുറ്റം ചെയ്തിട്ടാണ് എന്റെ മകനെ പിടിച്ചുകൊണ്ടുപോയി ഇത്ര ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്.

എന്റെ മകന് വേണ്ടി ഞാന്‍ ഈ തൃശൂരിന്റെ മണ്ണില്‍ വന്നിട്ട് നിങ്ങളോട് കേണപേക്ഷിക്കുകയാണ്. എല്ലാവരും എന്നെ സഹായിക്കണം. സഹായിക്കണമെന്ന് വെച്ചാല്‍ എന്റെ മോന്റെ നിരപരാധിത്വം തെളിയിപ്പിക്കണം. ഞാന്‍ മരിക്കുന്നതിന് മുമ്പായി നിങ്ങള്‍ അത് നേടിത്തരണം.

മൂന്നര സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്ടിലാണ് ഞങ്ങള്‍ നാലുപേര്‍ , രണ്ടു മക്കളും അച്ഛനും അമ്മയും ഒന്നിച്ച് ജീവിച്ചിരുന്നത്. ഒരു പായയില്‍ നാല് പേര്‍ കിടന്നുറങ്ങുമ്പോള്‍ ഒരാളില്ലാതായാല്‍ അത് നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാവില്ല. കുടുംബത്തിലെ ഈ അച്ഛനും എന്റെ ഭാര്യക്കും എന്റെ മകനുമടക്കം…

എന്റെ മകന് നീതി കിട്ടണം. നീതി കിട്ടിയേ പറ്റൂ. അതിനായി ഏതറ്റം വരെ പോകാന്‍ ഞാന്‍ തയ്യാറാണ്. ”

2017 ജൂലായ് 17 നു പാവറട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് ശാരീരികമായും മാനസികമായും ക്രൂരമായ മർദ്ധനങ്ങളാണ് വിനായകൻ അനുഭവിച്ചത്. കള്ളനും പിടിച്ചുപറിക്കാരനുമാക്കി അധിക്ഷേപിച്ചു. നിറവും ജാതിയും പറഞ്ഞു പരിഹസിക്കപ്പെട്ട വിനായകൻ രണ്ടാം നാൾ ജീവനൊടുക്കുകയായിരുന്നു.

Be the first to comment on "ഒരു പായയില്‍ നാല് പേര്‍ കിടന്നുറങ്ങുമ്പോള്‍ ഒരാളില്ലാതായാല്‍… വിനായകന്റെ അച്ഛന്‍ സംസാരിക്കുന്നു"

Leave a comment

Your email address will not be published.


*