‘ഒരിക്കൽ കൂടി എന്റെ മക്കൾ ഒന്നിക്കും.’ നജീബിന്റെ ഉമ്മ പറയുന്നു

‘എന്റെ നജീബിനെ കുറിച്ച് കൊറേ ഓർമ്മകളാണ് . ഈ ഫോട്ടോവിൽ എന്റെ മൂന്നു മക്കളും ഒന്നിച്ചുണ്ട്. ഇൻഷാ അല്ലാഹ് , അതേ പോലെ ഈ മൂന്നു സഹോദരങ്ങളും ഒന്നിച്ചിരിക്കുന്ന ഒരു ദിവസം വരും. നിസ്സാഹയനായ ഈ ഉമ്മ പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും കാത്തിരിക്കുകയാണ്. ‘

നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ട്വിറ്ററിൽ താനും ഭർത്താവും നജീബടക്കമുള്ള മൂന്നു മക്കളും ഒന്നിച്ചുള്ള പഴയകാല ഫോട്ടോ ഷെയർ ചെയ്‌ത്‌ എഴുതിയ വരികളാണിവ.

രാജ്യത്തുടനീളം ഫാത്തിമ നഫീസ് എന്ന മാതാവിന്റെ ചോദ്യങ്ങൾ മുഴങ്ങാൻ തുടങ്ങിയിട്ട് രണ്ടു വർഷമാവുകയാണ്.

2016 ഒക്ടോബർ 15നാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് നജീബ് അഹമ്മദ് എന്ന MSc Biotechnology വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകരുടെ സംഘടിത ആക്രമണത്തിന് ശേഷം കാണാതാവുന്നത്. അന്ന് മുതൽ ഇന്ന് വരെ നജീബിന്റെ കുടുംബവും രാജ്യത്തെ വിദ്യാർത്ഥി സമൂഹവും അവൻ എവിടെയാണ് എന്ന് ഭരണകൂടത്തിനും നിയമവ്യവസ്ഥക്കും നേരെ ആവർത്തിച്ച് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ ഒരു മറുപടി തരാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

കേസ് അവസാനിപ്പിക്കുന്നുവെന്നു സിബിഐ

കഴിഞ്ഞ ദിവസം , തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹ്‍മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു. ‘ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവാണ്. നജീബ് അഹ്‍മദിനെ ഇതുവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല ‘ സിബിഐ കൌണ്‍സെല്‍ നിഖില്‍ ഗോയല്‍ പറയുന്നു.

ഹോസ്റ്റല്‍ വാര്‍ഡനും സെക്യൂരിറ്റിയുമടക്കം തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള 18 പേരെ സിബിഐ ചോദ്യം ചെയ്തിട്ടേയില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറയുന്നു. നജീബിനെ കാണാതാകും മുമ്പ് അവനെ ഭീഷണിപ്പെടുത്തിയിരുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കേസിൽ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥ തുടർന്ന ഡൽഹി പോലീസിൽ നിന്ന് 2017 മെയ് 16 ന് ഹൈക്കോടതി കേസ് സിബിഐ ക്ക് കൈമാറി.കേസ് ആദ്യം അന്വേഷിച്ച ഡൽഹി പൊലീസ് ഏഴുമാസവും ഇരുട്ടിൽ തപ്പുകയായിരുന്നു. നജീബിന്റെ തിരോധാനത്തിന്റെ ഒന്നാം വാർഷികത്തിൽ , 2017 ഒക്ടോബറിൽ സിബിഐ കേസിൽ താല്പര്യക്കുറവ് കാണിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി തന്റെ മകന് വേണ്ടി അലമുറയിടുന്ന മാതാവിനോട് ക്ഷമ പാലിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

Be the first to comment on "‘ഒരിക്കൽ കൂടി എന്റെ മക്കൾ ഒന്നിക്കും.’ നജീബിന്റെ ഉമ്മ പറയുന്നു"

Leave a comment

Your email address will not be published.


*