ട്രാന്‍സ്ക്ഷേമ പദ്ധതികള്‍: പറഞ്ഞു പറ്റിക്കുകയാണോ സര്‍ക്കാര്‍?

ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ഫൈസല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്

ചിലത് ഓർമ്മിപ്പിക്കാനുണ്ട്

കേരളത്തിൽ ട്രാൻസുകൾക്കായ് ലിംഗമാറ്റ ശസ്ത്രക്രിയക്കായ് സർക്കാർ 2 ലക്ഷം ധനസഹായം നൽകുന്നതായി വാർത്തകൾ കാണുന്നുണ്ട്. പല ആളുകളും അതെല്ലാം ഗംഭീരമായി ആഘോഷിക്കുന്നതും കാണുന്നു.
എന്നാൽ ഇതെല്ലാം നടപ്പിലായിട്ട് പോരെ ആഘോഷങ്ങളൊക്കെയും.

കാരണം, ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യത്തെ ബജറ്റ് അവതരണത്തിൽ തന്നെ 10 കോടി രൂപ ട്രാൻസുകളുടെ ക്ഷേമത്തിനായി മാറ്റിവെച്ചതായി ബഹു: ധനമന്ത്രി ഐസക് തോമസ് സർ പ്രഖ്യാപിച്ചിരുന്നു. അതെവിടെ? അതിനെ കുറിച്ച് കൃത്യമായി ഒന്നും ഇപ്പോഴും അറിവില്ല. ആ പ്രഖ്യാപനവും ഇത്തരം വാർത്തകളിൽ വലിയ പ്രാധാന്യം വഹിച്ചിരുന്നു.

2. അഭിജിത്ത് പുൽപ്പറമ്പത്തിന്റെ ‘അവളിലേയ്ക്കുള്ള ദൂരം’ എന്ന ഡോക്യുമെന്ററിയും ട്രാൻസ് ഫോട്ടോ എക്സിബിഷനും പരിപാടിക്ക് എത്തിയ ഇതേ മന്ത്രി തന്നെ വീടില്ലാത്ത ട്രാൻസുകൾക്ക് ഇ എം എസ് ഭവന നിർമ്മാണ പദ്ധതി പ്രകാരം വീട് വെച്ച് കൊടുക്കും എന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാളിതുവരെ വീടില്ലാത്ത ഒരു ട്രാൻസിനെങ്കിലും വീട് കിട്ടിയതായി യാതൊരറിവും ഇല്ല. ആ പ്രഖ്യാപനവും മാധ്യമങ്ങൾ വാർത്തയാക്കിയതാണ്.

3. എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസുകൾക്കായ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രഖ്യാപിച്ചിരുന്നു. വന്നോ എന്ന് യാതൊരറിവും ഇല്ല. അതും ഗംഭീര വാർത്തയായിരുന്നു. എന്നാൽ ശേഷം കോട്ടയം മെഡി: കോളേജിൽ ഒരു ക്ലിനിക്ക് വന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. അതും വെറും വാർത്തകൾക്കായ് മാത്രം വഴിമാറി.

4. കൊച്ചി മെട്രോയിൽ 23 ട്രാൻസുകൾക്ക് സർക്കാർ ജോലി കൊടുത്തു എന്ന വാർത്തയും ലോകം മുഴുവൻ ആഘോഷിച്ചതാണ്. അതിന്റെ യഥാർത്ഥ അവസ്ഥ ജോലിയിൽ പ്രവേശിച്ച ട്രാൻസുകൾ തന്നെ പങ്കുവെച്ചതാണ്.

5. ഈ അടുത്ത കാലത്ത് മറ്റൊരു പദ്ധതി കൊണ്ടുവന്നു. ട്രാൻസുകൾക്കായ് സ്വയം തൊഴിലിനായി RS – 50000 രൂപ. സ്വയം തൊഴിൽ ചെയ്യാൻ മുന്നോട്ട് വരുന്ന വ്യക്തികൾക്ക് സർക്കാർ ധനസഹായം എന്നത്. അതിനായ് ഒരോ ജില്ലയിലേക്കും സാമൂഹ്യനീതി വകുപ്പ് പ്രൊബേഷണൽ ഓഫീസർമാരെ ചുമതലപ്പെടുത്തുകയും അവർ അപേക്ഷിച്ച ട്രാൻസുകളെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിട്ടുള്ളതുമാണ്. എന്നാൽ നാളിതുവരെ ഒരു അപേക്ഷിച്ച ഒരു കമ്മ്യൂണിറ്റിക്കെങ്കിലും
ധനസഹായം ലഭിച്ചതായി അറിവില്ല.

6. ട്രാൻസ് തിരിച്ചറിയൽ കാർഡ്. അതും വാർത്തകളിൽ നിറഞ്ഞു നിന്ന ഒന്നാണ്. അപേക്ഷിച്ച എത്ര പേർക്ക് കാർഡ് കിട്ടി. ട്രാൻസുകൾക്ക് ആനുകൂല്യങ്ങൾ നേടണമെന്നാൽ ഈ തിരിച്ചറിയൽ രേഖകൾ വേണമെന്നതും അത്യാവശ്യമായി പറയുന്നു.
എന്നിട്ടും അപേക്ഷിച്ചവർക്കൊന്നും ഇതൊന്നും ലഭിച്ചതായി അറിവില്ല.

അപ്പോൾ പറഞ്ഞു വന്നത്, എന്തെങ്കിലും നടപ്പിലാക്കിയിട്ട് പോരെ അതിന്റെ പേരിലുള്ള ആഘോഷങ്ങൾ. അത്രേ ഉദ്ധേശിച്ചുള്ളൂ. കാര്യങ്ങൾ നിഷ്ക്ഷമായി പറഞ്ഞു എന്നു മാത്രം.

Photo – Indian Express