ജെഎൻയുവിൽ ഇടതിന് മിന്നും വിജയം.തകർന്ന് എബിവിപി. ബാപ്‌സയ്ക്ക് കൗൺസിലർ

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് മിന്നും ജയം. പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും ലെഫ്റ്റ് യൂണിറ്റി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇടത് ഐക്യം

എന്‍ സായ് ബാലാജി (എ.ഐ.എസ്.എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്.എഫ്.ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് പുതിയ യൂണിയൻ അമരക്കാർ.

എ.ബി.വി.പിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളിലും ഇടതുസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജയം നേടിയത്

ബാപ്‌സയുടെ ആദ്യജയം

ജെഎൻയുവിലെ ദലിത് ബഹുജൻ വിദ്യാർത്ഥിമുന്നണിയായ ബിർസ അംബേദ്‌കർ ഫുലേ സ്റ്റുഡൻസ് അസോസിയേഷൻ (ബാപ്‌സ) മികച്ച മത്സരം കാഴ്ചവെച്ചു. സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് എയ്സ്തെറ്റിക്‌സ് കൗൺസിലറായി ബാപ്‌സയുടെ സഞ്ജയ് കുമാർ വിജയിച്ചു. ബാപ്‌സയുടെ ജെഎൻയുവിലെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാണിത്. യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലിം വിദ്യാർഥിസംഘടനകളായ എസ്ഐഒ, എംഎസ്എഫ്  തുടങ്ങിയ സംഘടനകൾ ബാപ്‌സക്കായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.

എൻഎസ്‌യുഐ പാനലിൽ മലയാളിക്ക് വിജയം

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ കൗൺസിലറായി മലയാളിയായ വിഷ്‌ണു പ്രസാദ് കെ ജയിച്ചു.

കരുത്ത് തെളിയിച്ചു ആർജെഡി

ജെഎൻയുവിലെ മുൻ വിദ്യാർത്ഥിനേതാവ് കനയ്യ കുമാറിലും എ ഐ എസ് എഫിലും ജാതീയത ആരോപിച്ചു എഐഎസ്എഫ് വിട്ട് ആർജെഡിയിൽ അംഗത്വം നേടിയ ജയന്ത് ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകര്ഷണമായിരുന്നു. ആർജെഡി പാനലിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്ത് അഞ്ഞൂറിനടുത്ത് വോട്ടുകൾ നേടി. പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഏറ്റവും കൂടുതൽ കയ്യടികൾ നേടിയത് ജയന്തായിരുന്നു.

അക്രമം അഴിച്ചുവിട്ടു എബിവിപി

എ.ബി.വിപി കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെണ്ണല്‍ വീണ്ടും ആരംഭിച്ചത്. തോല്‍വി ഉറപ്പാക്കിയതിനെ തുടര്‍ന്ന് എ.ബി.വിപി പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് ക്യാമ്പസില്‍ അഴിച്ചുവിട്ടത്. എബിവിപി ഗുണ്ടായിസത്തിനെതിരെ ജെഎൻയുവിലെ എല്ലാ വിദ്യാർഥിസംഘടനകളും ഒന്നിച്ചു പ്രതിഷേധിച്ചു.

Photo: Thashreef KP

Be the first to comment on "ജെഎൻയുവിൽ ഇടതിന് മിന്നും വിജയം.തകർന്ന് എബിവിപി. ബാപ്‌സയ്ക്ക് കൗൺസിലർ"

Leave a comment

Your email address will not be published.


*