‘2019 ൽ മോഡി ഗവൺമെന്റ് വീഴും’. നജീബ്, രോഹിത്ത്, ജുനൈദിന്റെ മാതാക്കൾ ഒന്നിച്ചുപറയുന്നു

Photo: Shaheen Abdula/Maktoob

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും എബിവിപി പ്രവര്‍ത്തകരുടെ സംഘടിത അക്രമണത്തിനു ശേഷം നജീബ് അഹ്‌മദിനെ കാണാതായിട്ട് രണ്ടു വർഷം തികയുന്ന സാഹചര്യത്തിൽ നജീബിനെ കണ്ടെത്തുക എന്നാവശ്യപ്പെട്ട് യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റിൻറെ നേതൃത്വത്തിൽ നടന്ന പാർലിമെന്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.

തിങ്കളാഴ്ച്ച പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്, ജുനൈദിന്റ ഉമ്മ സൈറ,  ഗുജറാത്തിൽ കാണാതായ മാജിദ് തെബായുടെ ഭാര്യ അഷിയാന തേബ എന്നിവർ പങ്കെടുത്തത് വിദ്യാർത്ഥികൾക്കും ആക്ടിവിസ്റ്റുകൾക്കും ആവേശമായി

നജീബ് കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ്, ആർ.ജെ.ഡി, എസ് പി, സിപിഐ, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീഗ് , സിപിഐ-എംഎൽ പ്രതിനിധികളും ജെഎൻയു, അലീഗഢ് യൂണിവേഴ്‌സിറ്റി , ജാമിയ മില്ലിയ വിദ്യാർത്ഥിനേതാക്കളും പറഞ്ഞു. നജീബിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എല്ലാവരും പ്രഖ്യാപിച്ചു.

ഞാൻ ഇവിടെ ഒറ്റയ്ക്കല്ല. മൂന്ന് അമ്മമാർ ഇവിടെയുണ്ട്. എന്റെ കൂടെ. ‘സബ് കെ സാത്ത് സബ് കെ വികാസ്’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണകക്ഷിയെ ഞാൻ വെല്ലുവിളിച്ചു. നിങ്ങൾ ഇവിടെ വന്ന് എന്റെ കൂടെ നിൽക്കുക. പക്ഷേ അവരിൽ ആരും തന്നെ ഇവിടെ എത്തിയില്ല. രാജ്യത്താകമാനം നിരവധി മർദ്ദിതരായ ജനങ്ങളുണ്ട്. അവർക്കൊന്നും ദില്ലിയിലെത്താനായില്ല. ഡൽഹിയിലെ ജെഎൻയുവിൽ നജീബ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിരവധി ആളുകൾക്കും സംഘടനകൾക്കും എന്നോടൊപ്പം നിൽക്കാൻ കഴിഞ്ഞു. പക്ഷേ ഡൽഹിയിൽ വരാത്ത നിരവധി അമ്മമാർ ഉണ്ട്. അതിനാൽ നിങ്ങൾ അവരോടൊപ്പം ചെന്ന് അവരോടൊപ്പം നിൽക്കുക. അമ്മമാരുടെ വേദന എല്ലായിടത്തും ഒരേപോലെയാണ്. നിങ്ങൾ എന്നോടൊത്തു ചേർന്നതു മുതൽ ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളാണ്. നിങ്ങൾ എന്റെ മക്കളാണ്, ഞങ്ങൾ നിങ്ങളുടെ സഹോദരനെ മടക്കിത്തരും. ഈ സർക്കാർ ഇല്ലാതാകാൻ പോകുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം. (പ്രാർത്ഥനാവേളയിൽ) 2019 ൽ പുതിയ ഭരണകൂടം വരും, അവർ ഞങ്ങളെ സന്തോഷിപ്പിക്കും, നമ്മുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തും. എന്റെ കണ്ണീർ ഉണങ്ങിപ്പോയിട്ടില്ല. ഞാൻ ഇവിടെ കരയുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ കരയുമ്പോൾ ഞാൻ ദൈവസന്നിധിയിൽ നിലകൊള്ളുന്നു, അവൻ എന്റെ സംരക്ഷകനാണ്, അവൻ എന്നെ ശ്രദ്ധിക്കും

ഫാത്തിമ നഫീസ്‌ വികാരഭരിതമായ തന്റെ പ്രസംഗത്തിൽ പറഞ്ഞു. തന്റെ മകനെ നിങ്ങളെന്താണ് ചെയ്തത് എന്ന് രാജ്യത്തെ ഭരണകൂടത്തോട് നിരന്തരം രണ്ടു വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുകയാണ് നജീബ് അഹമ്മദിനെ മാതാവ് ഫാതിമ നഫീസ്. നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘ്പരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും സജീവസാന്നിധ്യമാണ്‌ നജീബിന്റെ മാതാവ്