‘പോരാടുന്നത് വരാനിരിക്കുന്ന തലമുറകളുടെ ആത്മാഭിമാനത്തിനായാണ്.’ ആ ഫലസ്‌തീൻ യുവാവ് പറയുന്നു

ഒരു കൈയിൽ ഫലസ്‌തീൻ പതാകയും മറുകൈയിൽ കല്ലെറിയാനുള്ള കവണയും കറക്കി ഇസ്രായേലി പട്ടാളത്തോട് ആക്രോശിക്കുന്ന ഫലസ്‌തീൻ യുവാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

തുർക്കി വാർത്താ ഏജൻസിയായ അനദോലുവിലെ മുസ്തഫ ഹസ്സൗന ഒക്ടോബർ 22ന് ഇസ്രായേൽ ഉപരോധത്തിനെതിരെ ഗാസ മുനമ്പിൽ നടക്കുന്ന ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ഫ്രഞ്ച് വിപ്ലവകാലത്ത് യൂജിൻ ഡെലാക്രോയിക്സ് വരച്ച ലോകപ്രശസ്തമായ ലിബർട്ടി ലീഡിങ് ദി പീപ്പിൾ എന്ന ചിത്രവുമായുള്ള സാമ്യത ഉയർത്തിക്കാട്ടിയാണ് ചിത്രം പ്രചരിച്ചത്. 7,000ലേറെ തവണയാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.

യാതൊരു സുരക്ഷാ കവചവുമില്ലാതെ ഇസ്രായേലി സൈന്യത്തെ കവണകൊണ്ട് വെല്ലുവിളിക്കുന്ന 20 വയസ്സുകാരനായ അഹദ് അബു അമ്റോ എന്ന യുവാവ് ഇതിനകം തുടരുന്ന ഫലസ്‌തീൻ വിമോചന പോരാട്ടത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു. ഗാസയുടെ പ്രാന്തപ്രദേശമായ അൽ സൈത്തൂനിൽ നിന്നുള്ള അബൂ അമ്റോ എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ വരാറുണ്ട്.

ഒരു ഫോട്ടോഗ്രാഫർ തന്നെ പകർത്തുന്നുണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും ചിത്രം വൈറലായത് സുഹൃത്തുക്കൾ കാണിച്ചുതന്നപ്പോൾ അത്ഭുപ്പെട്ടെന്നും അബൂ അമ്റോ അൽജസീറയോട് പറഞ്ഞു.”ഞാൻ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് എന്റെ ചിത്രങ്ങൾ എടുക്കപ്പെടാനല്ല. പക്ഷെ ഇത് എന്നെ കൂടുതൽ പോരാടാൻ പ്രചോദിപ്പിക്കുന്നുണ്ട്.”

“കൈയ്യിലെന്തിയ ഫലസ്‌തീൻ പതാകയുമായാണ് എന്നും പ്രതിഷേധത്തിന് പോകാറുള്ളത്. ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്നെ ആ പതാകയിൽ പൊതിയണം. ഞങ്ങൾ ആവശ്യപ്പെടുന്നത് സ്വന്തം ഭൂമിയിലേക്ക് തിരികെ മടങ്ങാനുള്ള അവകാശമാണ്. ഞങ്ങൾ പോരാടുന്നത് ഞങ്ങളുടെയും ഇനി വരാനിരിക്കുന്ന തലമുറയുടെയും ആത്മാഭിമാനത്തിനായാണ്.” അബൂ അമ്റോ പറയുന്നു.

എഴുപത് വർഷം മുൻപ് ആട്ടിപ്പുറത്താക്കപ്പെട്ട സ്വന്തം വീടുകളിലേക്കും ഭൂമിയിലേക്കുമുള്ള മടക്കം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏഴു മാസമായി ഇസ്രായേൽ വേലിക്കെട്ടിനു സമീപം തുടരുകയാണ് ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന ജനകീയ പ്രക്ഷോഭം. ഗാസയിലേക്ക് കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്ന ഇസ്രായേലി ഉപരോധം പിൻവലിക്കാനും ആവശ്യം ശക്തമാണ്. പ്രക്ഷോഭം ആരംഭിച്ചതിനുശേഷം മാത്രമായി മാധ്യമപ്രവർത്തകരും സന്നദ്ധപ്രവർത്തകരും അടക്കമുള്ള 250ഓളം പേരെയാണ് ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയത്. കൂടാതെ 18,000ലധികം പേർക്ക് ബോംബാക്രമണത്തിലും വെടിവെപ്പിലും മറ്റുമായി പരിക്കുമേറ്റിട്ടുണ്ട്.

Compiled by Basil Islam , graduate student of Jamia Millia Islamia, New Delhi

Be the first to comment on "‘പോരാടുന്നത് വരാനിരിക്കുന്ന തലമുറകളുടെ ആത്മാഭിമാനത്തിനായാണ്.’ ആ ഫലസ്‌തീൻ യുവാവ് പറയുന്നു"

Leave a comment

Your email address will not be published.


*