ഇൽഹാൻ, റാഷിദ… അമേരിക്കൻ കോൺഗ്രസ്സിൽ ചരിത്രം കുറിച്ച് ആദ്യ മുസ്‌ലിം വനിതകൾ

ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ മുസ്​ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു.

ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇൽഹാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്.

മിനിസോട്ടയിൽ നിന്നായിരുന്നു ഇൽഹാൻ ഒമറി​​ൻ്റെ വിജയം. 37 വയസ്സാണ്. ആഭ്യന്തര യുദ്ധത്തെ തുടർന്ന്​ സോമാലിയയിൽ നിന്ന്​ 14ാം വയസിലാണ്​ ഒമർ യു.എസിലെത്തുന്നത്​. ഡെമോക്രാറ്റിക്​ ഫാർമർ ലേബർ പാർട്ടിയിലുടെയാണ്​ അവർ രാഷ്​ട്രീയത്തിലെത്തിയത്​​.

ഒരുപാട് ‘ആദ്യത്തേത്’ എന്ന പ്രത്യേകതകളോടെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. നമ്മുടെ സ്റ്റേറ്റിനെ കോൺഗ്രസ്സിൽ പ്രതിനിധീകരിക്കുന്ന വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യസ്ത്രീ, ഹിജാബ് ധരിക്കുന്ന ആദ്യ സ്ത്രീ, കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഭയാർത്ഥി, കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം വനിതകളിൽ ഒരാൾ. കുടുംബങ്ങളെ ഒന്നിച്ചുനിർത്താൻ , അഭയാർത്ഥികളെ സംരക്ഷിക്കാൻ, അഭയാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരെ നമ്മൾ പൊരുതും. സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശത്തിനായി പൊരുതും. കാലാവസ്ഥ വ്യതിയാനത്തിനെതിരെയും.

ഇൽഹാൻ വിജയാഘോഷവേളയിൽ പറഞ്ഞു.

മിഷിഗണിൽ നിന്നാണ് റാഷിദ ​​ ജയിച്ച്​ കയറിയത്​. 42 കാരിയാണ്. ഫലസ്​തീൻ സ്വദേശികളുടെ മകളാണ്​ റാഷിദ ​. 2008 മിഷിഗണിൽ നിന്ന്​ വിജയിച്ച്​ അവർ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ്​ ഭരണകൂടത്തി​​ൻ്റെ നയങ്ങൾക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വൻകിട കോർപ്പറേഷനുകൾക്ക്​ നികുതിയിളവ്​ നൽകുന്നതിനെതിരെയും റാഷിദ പ്രതിഷേധിച്ചു.

റാഷിദയുടെ വിജയത്തെ തുടർന്ന് അവരുടെ ഫലസ്‌തീൻ വെസ്റ്റ് ബാങ്കിലെ കുടുംബവീട്ടിൽ വിജയാരവങ്ങളുണ്ടായി. അയൽവാസികൾക്ക് മധുരങ്ങൾ വിതരണം ചെയ്‌തായിരുന്നു ആഘോഷം.

Be the first to comment on "ഇൽഹാൻ, റാഷിദ… അമേരിക്കൻ കോൺഗ്രസ്സിൽ ചരിത്രം കുറിച്ച് ആദ്യ മുസ്‌ലിം വനിതകൾ"

Leave a comment

Your email address will not be published.


*