വാഗൺ കൂട്ടക്കൊലക്ക് 97 വയസ്സ്. മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജിയുടെ വാക്കുകളിലൂടെ…

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഞെട്ടലുളവാക്കുന്ന അധ്യായമായ വാഗണ്‍ കൂട്ടക്കൊലക്ക് 97 വയസ്. വിദേശാധിപത്യത്തോട് രാജിയാകാന്‍ ഒരിക്കലും സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ ജനങ്ങൾക്കെതിരെ ബോധപൂര്‍വ്വമായി ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരമായ നരഹത്യയായിരുന്നു വാഗണ്‍ കൂട്ടക്കൊല.

നവംബര്‍ 20ന് രാവിലെ, നാല് വീതം തടവുകാരെ കാളവണ്ടിയുടെയും കഴുതവണ്ടികളുടെയും ഇടയില്‍ കെട്ടിയിട്ട് നൂറ് കണക്കിന് പോരാളികളെ നിലത്തുരച്ച് കിലോമീറ്ററുകള്‍ താണ്ടിയ യാത്ര. വേഗതക്കനുസരിച്ച് മുന്നിലും പിന്നിലുമുള്ള കൂര്‍ത്ത മുനകളില്‍ ശരീരം തറച്ച് വേദനയില്‍ പുളകം കൊള്ളിച്ച മണിക്കൂറുകള്‍. ഓടിയും ചാടിയും കുന്നും മലയും വയലും താണ്ടി യാത്ര സന്ധ്യയോടെ തിരൂരിലെത്തി. തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ മദ്രാസ് സൗത്ത് കമ്പനിക്കാരുടെ എംഎസ്എം-എല്‍വി 1711-ാം നമ്പര്‍ വാഗണില്‍ മനുഷ്യക്കൂട്ടങ്ങളെ കുത്തിനിറച്ചു. ചരക്കു സംഭരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ച ഇരുമ്പ് തകിട് കൊണ്ട് ചുറ്റപ്പെട്ട ബോഗിയിലായിരുന്നു 90 പേരെ കുത്തി നിറച്ചത്. ശ്വാസം വലിക്കാന്‍ കഴിയാത്ത രീതിയില്‍ മരണപ്പുക തുപ്പി രാത്രി ഒമ്പതിന് വാഗണ്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടു. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ ദാഹജലവുമില്ലാതെ മണിക്കൂറുകള്‍. വണ്ടി ഷൊര്‍ണ്ണൂരും ഒലവക്കോട്ടും പതിനഞ്ച് മിനുറ്റ് നിറുത്തിയപ്പോഴും അവരുടെ ദീനരോദനം കേള്‍ക്കാന്‍ ബ്രിട്ടീഷ്പട്ടാളം തയ്യാറായില്ല. 180 കിലോമീറ്റര്‍ അകലെയുള്ള പോത്തന്നൂര്‍ എത്താതെ ബോഗിതുറക്കില്ലെന്ന വാശിയിലായിരുന്നു ഹിച്ച്‌കോക്കും സംഘവും. പുലര്‍ച്ചെ വണ്ടി തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗണ്‍ തുറന്നപ്പോള്‍ മരണ വെപ്രാളത്തില്‍ പരസ്പരം മാന്തിപൊളിച്ചും കണ്ണുകള്‍ തുറിച്ചുമുള്ള ദാരുണ കാഴ്ച. 64 ശരീരങ്ങള്‍ മരണത്തിന് അപ്പോഴേ കീഴ്‌പ്പെട്ടിരുന്നു

വാഗൺ കൂട്ടക്കൊലയിൽ നിന്നും കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകൾ .

നവംബർ നാലാം തിയ്യതി എന്നെയും സഹോദരൻ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു കൊണ്ട് പൊയി. മൂത്ത ഇക്കാക്ക മൊയ്‌തീൻ കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാൽ അറസ്റ്റു ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ , ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എം.എസ്.പി ക്യാമ്പിലായിരുന്നു ആദ്യം കൊണ്ട് പോയത്. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോൾ പാലം പൊളിച്ചുവെന്നതായിരുന്നു കുറ്റം. ദിവസത്തിൽ ഒരു നേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്. ഇടയ്ക്കിടെ ബൈണട്ട് മുനകൾ കൊണ്ട് പട്ടാളക്കാർ മർദ്ദിക്കും. അങ്ങനെ ഹേഗ് ബാരക്കിൽ ഒരുആഴ്ച്ച കഴിഞ്ഞു.നവംബർ 20നു രാവിലെ നാല് പേരെ വീതം കൂട്ടിക്കെട്ടി.

കഴുത വണ്ടിയും കാളവണ്ടിയും തയ്യാറായി നിന്നിരുന്നു. പട്ടാളം ആയുധങ്ങളുമായി ഇവയിൽ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിർത്തി വണ്ടികൾ ഓട്ടം തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാൽ പട്ടാളക്കാർ ബൈണട്ട് കൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തിൽ മുറിവുകൾ. കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരെയും പ്ലാറ്റ്ഫോമിലിരുത്തി. ഞങ്ങള് ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളർന്നു ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നിൽ നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാൻ തന്നത്. വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറ് നിന്നും ഒരു വണ്ടി വന്നു. അതില് ഞങ്ങളെ തലക്കാണിയിൽ (തലയിണയിൽ) പഞ്ഞിനിറക്കുന്നത് പോലെ കുത്തി കയറ്റി. നൂറു പേർ കയറിയപ്പോഴേക്കും വാതിൽ അടച്ചു. ഇത്രയും പേർക്ക് ഉൾക്കൊളളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലിൽ മേൽക്കുമേൽ നിലം തൊടാതെ ഞങ്ങൾ നിന്നു. ശ്വാസം മുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തു വിളിച്ചു. ഞങ്ങൾ വാഗൺ ഭിത്തിയിൽ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു. ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വർഗത്തിലായിരുന്നു. ഈ ദ്വാരത്തിൽ മാറി മാറി മൂക്ക് വെച്ച് ഞങ്ങൾ പ്രാണൻ പോകാതെ പിടിച്ചു നിന്നു.

എന്നിട്ടും കുറെ കഴിഞ്ഞപ്പോൾ ബോധം നഷ്ടപ്പെട്ടു . രാവിലെ നാല് മണിക്കാണ് വണ്ടി തമിഴ്നാട്ടിലെ പോത്തന്നുരിൽ എത്തിയത്. ബെല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ട് പോയിരുന്നത്. പോത്തന്നൂരിൽ നിന്നും ആ പാപികൾ വാതിൽ തുറന്നു. മുറിക്കുള്ളിൽ കണ്ട ആ ഭീകര ദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു. അറുപത്തിനാല് പേരാണ് കണ്ണ് തുറിച്ചു ഒരു മുഴം നാക്ക് നീട്ടി മരിച്ചു കിടന്നത്. അറുപതു മാപ്പിളമാരും നാല് തിയ്യന്മാരും. മത്തി വറ്റിച്ചത് പോലെ ആയിരുന്നു ആ ദൃശ്യം. വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവൻ അവശേഷിക്കുന്നവര് പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചു. അതിനു മുമ്പേ എട്ടു പേർ കൂടി മരിച്ചിരുന്നു. മരിച്ചവരെ ഏറ്റെടുക്കാൻ പോത്തന്നൂർ സ്റ്റേഷന് മാസ്റ്റർ തയ്യാറായില്ല. അതിനാൽ അവരെ തിരൂരിലേക്ക് തന്നെ മടക്കി കൊണ്ട് വന്നു കോരങ്ങത്തു ജുമാമസ്ജിദ് ഖബറസ്ഥാനിയിൽ മറവുചെയ്തു. കൂടെയുണ്ടായിരുന്ന തിയ്യന്മാരായ നാലുപേരെ മുത്തൂരിലും സംസ്കരിച്ചു.

 

Be the first to comment on "വാഗൺ കൂട്ടക്കൊലക്ക് 97 വയസ്സ്. മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജിയുടെ വാക്കുകളിലൂടെ…"

Leave a comment

Your email address will not be published.


*