യുപിയിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയത് അഖ്‌ലാഖ് കേസ് അന്വേഷിച്ച പോലീസുകാരനെ

ഉത്തർപ്രദേശിൽ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയത്  ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിൻറെ കൊലപാതകം അന്വേഷിച്ച പോലീസുകാരനെ. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ സ്യാനയിലാണ് സംഭവം.

സംഭവസ്ഥലത്ത് പശുക്കളെ കശാപ്പ് ചെയ്‌തെന്ന പ്രചാരണത്തെ തുടർന്ന് ആൾക്കൂട്ടം അക്രമാസക്തമായി പ്രതിഷേധിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. പശുക്കളുടെ ശരീരഭാഗങ്ങളുമേന്തി നാനൂറോളം പേര്‍ റോഡ് ഉപരോധിക്കുകയും സംഭവസ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പോലീസ് സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി. അക്രമകാരികളുടെ കല്ലേറിൽ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ പ്രതിഷേധക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഫോറൻസിക്ക് ലാബിലേക്ക് മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ച പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാര്‍ സിങായിരുന്നു. പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചു എന്ന കള്ളപ്രചാരണം നടത്തിയായിരുന്നു ഹിന്ദുത്വവാദികൾ അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്.

സുബോധ് കുമാര്‍ സിങ്ങിനെ അക്രമകാരികൾ ഉന്നം വെച്ചിരുന്നതായി പോലീസ് ഡ്രൈവർ പറഞ്ഞു. പോലീസുകാരൻ്റെ മൃതദേഹം പോലീസ് വാഹനത്തിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപെടുന്നുണ്ട്.

സംഭവസ്ഥലത്ത് ഇരുപത്തഞ്ചോളം പശുക്കളെ കൊന്നിട്ട് ഉപേക്ഷിച്ചു സംഘ്പരിവാർ പ്രവർത്തകർ കലാപത്തിന് ആസൂത്രണം ചെയ്യുകയായിരുന്നു എന്നും വാദങ്ങളുണ്ട്. തൊട്ടടുത്തു നടക്കുന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനെയവരാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്ന വ്യാജപ്രചാരണവും തീവ്രഹിന്ദു സംഘടനകൾ പ്രചരിപ്പിക്കുന്നുണ്ട്.

Be the first to comment on "യുപിയിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയത് അഖ്‌ലാഖ് കേസ് അന്വേഷിച്ച പോലീസുകാരനെ"

Leave a comment

Your email address will not be published.


*