ബാലണ്‍ഡിയോര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്

ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ഡിയോര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അര്‍ഹനായി.

കഴിഞ്ഞ രണ്ടു തവണയും പുരസ്‌കാരം നേടിയ  പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ അന്റോണിയോ ഗ്രീസ്മാന്‍, കൈലന്‍ എംബാപ്പ എന്നിവരെ മറികടന്നാണ് മോഡ്രിച്ച് ആദ്യമായി ബാലണ്‍ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ക്രൊയേഷ്യയുടെ നായകനാണ് ലൂക്കാ മോഡ്രിച്ച്. നിലവിൽ റയൽ മാഡ്രിഡിന്റെ മധ്യനിര കളിക്കാരനായ മോഡ്രിച്ച് ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് ഇന്ന് വിലയിരുത്തപ്പെടുന്നത്

ഏറെ പ്രതിസന്ധികളിലൂടെയാണ് മൈതാനത്തിലുടനീളം പറന്ന് കളിക്കുന്ന ഈ നീളം മുടിക്കാരന്‍ ലോകഫുട്‍ബോളിന്റെ നെറുകയിലേക്ക് നടന്നടുത്തത്.

1991 ‍ഡിസംബറിൽ മോഡ്രിച്ചിന് ആറ് വയസ് ഉളളപ്പോൾ ബാൽക്കൻ യുദ്ധം നടക്കുകയായിരുന്നു. സെർബിയൻ പട ക്രൊയേഷ്യന്‍ ഗ്രാമങ്ങളിൽ ക്രൂരമായ ആക്രമണം അഴിച്ചു വിട്ടു. മോഡ്രിച്ചിന്റെ കുടുംബവും ആ ക്രൂരതയെ അതിജീവിക്കുകയായിരുന്നു.

തന്റെ മുത്തച്ഛനെ അക്രമികൾ കൺമുന്നിൽ വെടിവെച്ചു കൊല്ലുമ്പോൾ നിസഹായതയോടെ നോക്കിനിൽക്കേണ്ടി വരികയായിരുന്നു ആ ആറ് വയസ്സുകാരന്.

തുന്നൽ വേല ചെയ്താണ് മോഡ്രിച്ചിനെ അച്ഛനും അമ്മയും വളർത്തിയത്.

സെർബിയൻ പടയുടെ ക്രൂരത തുടർന്നപ്പോൾ നാടുവിട്ട മോഡ്രിച്ചിന്റെ കുടുംബം എത്തിച്ചേർന്നത് ഒരു അഭയാർത്ഥി ക്യാമ്പിലാണ്.

ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദത്തിലായിരുന്ന ബാല്യകാലത്തെ കുറിച്ച് മോഡ്രിച്ച് ഒരുപാട് തവണ അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. താനും സഹോദരി ജാസ്‌മിനും നിലത്ത് മൈനുകളുണ്ടോ എന്ന് സൂക്ഷിച്ചായിരുന്നു അന്ന്  നടന്നതെന്ന് മോഡ്രിച്ച് പറയുന്നു.

‘യുദ്ധം എന്നെ ശക്തനാക്കി. എന്റെ കുടുംബം എന്നോടോപ്പം ഏറെ നാൾ സഹിക്കുന്നത് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല ‘ മോഡ്രിച്ച് പറയുന്നു.

‘ ഏറ്റവും അധികം എന്നെ മോഹിപ്പിട്ടുളളതും ആ ഇതിഹാസത്തിന്റെ കാൽചലനങ്ങളാകും.’ റൊണാൾഡോ ലൂയിസ് എന്ന ബ്രസീലിയൻ ഇതിഹാസതാരമാണ് ഏറ്റവുമധികം എന്നെ പ്രചോദിപ്പിച്ചിട്ടുളളതെന്നും ക്രൊയേഷ്യൻ നായകൻ പറയുന്നു.

ക്രൊയേഷ്യന്‍ ടീമിലെ സഹതാരവും ബാഴ്‌സയുടെ മധ്യനിരതാരവുമായ ഇവാന്‍ റാക്കിറ്റിച്ച് ലൂക്ക മോഡ്രിച്ചിനെ വിശേഷിപ്പിച്ചത് അന്യഗ്രഹത്തില്‍ നിന്ന് വന്ന താരം എന്നായിരുന്നു.

Be the first to comment on "ബാലണ്‍ഡിയോര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്"

Leave a comment

Your email address will not be published.


*