“ആലായാല്‍ തറ വേണം…”- രചന കാവാലമല്ല! വെട്ടിയാര്‍ പ്രേംനാഥെന്ന എഴുത്തുകാരന്‍

സാഹിത്യചോരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകളാണ് മലയാള സാഹിത്യലോകത്തു നിന്ന് പുറത്തുവരുന്നത്. ദീപ നിശാന്തിന്റെ കവിതാമോഷണ വിവാദത്തിനു ശേഷം ഉയരുന്ന പേരുകളില്‍ മലയാളി മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ കാവാലം നാരായണപ്പണിക്കരുടേതുമുണ്ട്. മോഷ്ടിക്കപ്പെട്ടു എന്നു പറയുന്ന രചനകളാവട്ടെ, പാടിയും ഏറ്റുപാടിയും പ്രശസ്തമായതും. ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണെമെന്ന നാടന്‍പാട്ട്, കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ എന്ന പ്രശസ്തസിനിമാ പാട്ട് എന്നിവയെല്ലാം കാവാലം മോഷ്ടിച്ചതാണെന്നാണ് ആരോപണം. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ ഈ പാട്ടുകള്‍ ശേഖരിച്ച വെട്ടിയാര്‍ പ്രേംനാഥ് എന്ന ദലിത് ഗവേഷകന്റെ മകളാണ് പ്രതിപക്ഷം ഡോട്ട് ഇന്‍ എന്ന മാധ്യമത്തിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഫോക് ലോര്‍ ഗവേഷകനായ വെട്ടിയാര്‍ പ്രേംനാഥ് വര്‍ഷങ്ങളോളം നീണ്ട അന്വേഷണത്തിലൂടെയും ഗവേഷണത്തിലൂടെയും നാലായിരത്തിലധികം നാടന്‍പാട്ടുകളും മുന്നൂറ്റിയമ്പതിലേറെ നാടന്‍കലകളും പുറത്തുകൊണ്ടുവന്നു. രാജ്യത്തുടനീളം സഞ്ചരിച്ചായിരുന്നു അദ്ദേഹത്തിന്റെ അധ്വാനം. അടിയാള ജീവിതത്തിന്റെ ചരിത്രം രചിക്കാന്‍ പാകത്തിലുള്ള കണ്ടെത്തലുകള്‍ എല്ലാം പക്ഷേ ജീവിതപരാധീനതകള്‍ കാരണം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിനായില്ല. പ്രസിദ്ധീകരിക്കപ്പെട്ട കുറച്ചെണ്ണമാവട്ടെ, സവര്‍ണ അധികാരികളുടെ പരിഹാസത്തിനും അക്രമത്തിനുമിടയാക്കി.

അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഈ ഗവേഷണങ്ങള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി. ഒരു വിദഗ്ധ സമിതിയുടെ പരിഗണനക്കു വിട്ട സര്‍ക്കാര്‍, അവര്‍ തെരഞ്ഞെടുത്ത ചില രചനകള്‍ പുറത്തിറക്കുകയും ചെയ്തു. ആ പരിശോധന കമ്മിറ്റിയിലുണ്ടായ ചുമ്മാർചൂണ്ടലും, പ്രൊഫ: വി. ആനന്ദക്കുട്ടൻ നായരും രചനകള്‍ മോഷ്ടിച്ചുവെന്ന് പ്രതിപക്ഷം ഡോട്ട് ഇന്നിലെ ലേഖനത്തില്‍ വെട്ടിയാര്‍ പ്രേംനാഥിന്റെ മകള്‍ പ്രമീള പ്രേംനാഥ് പറയുന്നു. ആനന്ദക്കുട്ടന്‍ നായര്‍ പുറത്തിറക്കിയ പുസ്തകത്തില്‍ വെട്ടിയാര്‍ പ്രേംനാഥിന്റെ നിരവധി കണ്ടെത്തലുകള്‍ സ്വന്തം പേരില്‍ ഉള്‍പ്പെടുത്തി. ആലായാല്‍ തറ വേണം, ആലിയാലി മണപ്പുറത്ത് ഒരു മത്തേം തയ്യും എന്നിവ കാവാലത്തിന്റെ രചനകളായാണ് പുറത്തുവന്നത്.

1961-63 ൽ വെട്ടിയാര്‍ പ്രേംനാഥ് കേരള സംഗീത നാടക അക്കാദമിയിൽ റിസർച്ച് സ്‌കോളറായി പ്രവർത്തിച്ചിരുന്നു. അതേ കാലയളവിലാണ് കാവാലം നാരായണപ്പണിക്കർ സംഗീത നാടക അക്കാദമി സെക്രട്ടറിയായി നിയമിതനാകുന്നത്. അന്നു സമര്‍പ്പിച്ച ശേഖരത്തിലെ ചില നാടന്‍പാട്ടുകളാണ് പിന്നീട് കാവാലത്തിന്റെ പേരില്‍ അറിയപ്പെട്ടതെന്നും പ്രമീള പറയുന്നു.

‘കറുത്ത പെണ്ണേ’ എന്നു തുടങ്ങുന്ന നാടന്‍ പാട്ട് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറിയ ഈ ഗാനം പക്ഷേ അറിയപ്പെടുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ്. ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ പ്രകാരം, ചിത്രമിറങ്ങുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വെട്ടിയാര്‍ പ്രേംനാഥെന്ന ഗവേഷകന്‍ കണ്ടെത്തിയ, പ്രസിദ്ധീകരിക്കാനാഗ്രഹിച്ച നാടന്‍പാട്ടിലെ വരികളാണത്.

‘എല്ലാ മേഖലയിലും എല്ലാക്കാലത്തും ഇപ്പോഴും ദലിതര്‍ തന്നെയാണ് ഇരകള്‍ എന്നത് ഈയിടെ നടന്ന സാഹിത്യ മോഷണങ്ങളിലൂടെയും വെളിപ്പെടുന്നു. ഇന്ന് സാഹിത്യം മോഷണം നടത്തിയാല്‍ വേഗത്തില്‍ തിരിച്ചറിയപ്പെടും. പക്ഷെ അര നൂറ്റാണ്ടു കാലം മുമ്പ് അതൊരിക്കലും ആരും അറിയാതെപോകുന്ന സാഹചര്യമായിരുന്നു’ എന്ന മുഖവുരയോടെയാണ് പ്രതിപക്ഷം ഡോട്ട് ഇന്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Be the first to comment on "“ആലായാല്‍ തറ വേണം…”- രചന കാവാലമല്ല! വെട്ടിയാര്‍ പ്രേംനാഥെന്ന എഴുത്തുകാരന്‍"

Leave a comment

Your email address will not be published.


*