കള്ള ലക്ഷണവും, തറവാട്ടിൽ പിറന്നവനും

നൗഫൽ അറളടക്ക

മലയാള സിനിമയിൽ ഉപയോഗിക്കുന്ന രണ്ടു പദങ്ങൾ (ദ്വന്ദങ്ങൾ) ആണ് കള്ള ലക്ഷണം, തറവാട്ടിൽ പിറന്നവൻ എന്നീ വാക്കുകൾ.

ശ്രീനിവാസൻ, കലാഭവൻ മണി, സലിം കുമാർ, തുടങ്ങിയ കറുത്ത നടന്മാർ സംബോധന ചെയ്യുന്ന കഥാപാത്രങ്ങൾക്കായിരിക്കും “കണ്ടാൽ തന്നെ കള്ള ലക്ഷണമുണ്ടല്ലോ”(ഫിലോമിനയുടെ ശബ്ദത്തിലും, ശൈലിയിലും ആലോചിക്കണം) എന്ന പരിഹാസം/ആരോപണം പ്രധനമായും നേരിടേണ്ടി വരിക. എല്ലാ സമയത്തും നിഷ്‌കളങ്കമായ നർമ്മത്തിൽ കലർത്തിയായിരിക്കും ഇത്തരം വംശീയ പ്രയോഗങ്ങൾ ഉപയോഗിക്കുക.

ഒരാളിൽ കള്ള ലക്ഷണം കണ്ടെത്താൻ ശ്രദ്ധികേണ്ട പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്: കറുത്ത നിറമുള്ള അഭിനേതാക്കളായിരിക്കാം. പഴയ തലമുറയിലെ ശ്രീനിവാസൻ മുതൽ മണി, സലിം കുമാർ തൊട്ടു സാജു നവോദയ (പാഷാണം ഷാജി) വരെ; കീഴ്ജാതിയാണ് എന്ന് ചില ഹാസ്യ രംഗങ്ങളിലൂടെ കാഴ്ചക്കാരന് മനസ്സിലാകണം; കുടുംബത്തിൽ പിറക്കാത്തവൻ എന്ന ആരോപണത്തിന് സലിം കുമാർ, ഹരിശ്രീ അശോകൻ ശൈലിയിൽ “എനിക്ക് കുടുംബമേ ഇല്ല സാറെ” എന്ന കൗണ്ടർ ഡയലോഗ് അടിക്കണം; മുസ്ലിം നാമധാരി; നായർ/ സവർണ്ണ നായകൻ്റെ ചിലവിൽ ജീവിക്കുന്ന മണ്ടനായ കൂട്ടുകാരൻ; വീട്ടുവേലക്കാരി/ പാൽക്കാരി (ജാനു എന്നതാണ് സ്ഥിരം പേര്) തുടങ്ങിയവയൊക്കെയാണ് മലയാള സിനിമയിൽ കള്ള ലക്ഷണത്തെ നിർവചിക്കാൻ ഉപയോഗിക്കുന്ന ബിംബങ്ങൾ.

ഇത്തരം കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമ്പോൾ വീട്ടിലെ മുതിർന്ന സ്ത്രീയുടെ (കൊറേക്കാലം ഫിലോമിനയായിരുന്നു) “നിന്നെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണം ഉണ്ടല്ലോടാ” എന്നൊരു ഡയലോഗുണ്ട്, ജന്മനാ എൻ്റെ മുഖം ഇങ്ങനെയാ അമ്മച്ചി എന്ന അടുത്ത ഡയലോഗിൽ ഈ വംശീയത നമ്മൾക്ക് വളരെ ആസ്വദിച്ചു ചിരിക്കാനുള്ള വകയായി മാറുന്നു.

തറവാട്ടിൽ പിറന്നവൻ എന്ന വിശേഷണത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്: സവർണ്ണ ദേഹമായിരിക്കണം (മോഹലാൽ, മഞ്ചുവാര്യർ etc ); കവിയൂർ പൊന്നമ്മ/തിലകൻ തുടങ്ങിയ ‘അമ്മ/അച്ഛൻ കഥാപാത്രങ്ങൾ “ജാതിയേത്” എന്ന് ചോദിക്കുമ്പോൾ “അമ്മയുടെ ജാതിയാ” എന്ന് മോഹലാൽ പറയണം; അതിനു ശേഷം പ്രശസ്തമായ ഒരു ഡയലോഗുണ്ട് , കണ്ടിട്ട് നല്ല കുടുംബത്തിൽ പിറന്ന ലക്ഷണമൊക്കെയുണ്ട് (കവിയൂർ പൊന്നമ്മ ശൈലിയിൽ); ക്ഷേത്രം, കഥകളി, സംഗീതം, കുട്ടികാലം, ഇലയിട്ട് വിളമ്പിയ സദ്യ തുടങ്ങിയ ഗൃഹാതുരതകളെ ഇടവേളകളിലായി പറയണം; എന്തെങ്കിലും തെറ്റ് ചെയ്യേണ്ട സാഹചര്യത്തിൽ “സസ്യാഹാരിയായ അമ്പലവാസിക്ക്/ യുടെ മകന് ഇതുചെയ്യാൻ പറ്റുമോ” എന്ന് സംശയിക്കണം (മന്ത്രങ്ങൾ ഉരുവിടുന്ന ബി.ജി.എം നിര്ബന്ധമാണ്) ; “മൃഗങ്ങളെ കൊന്നു തിന്നുന്ന നിനക്ക് ഇതൊന്നും ഒരുപ്രശ്നമല്ലല്ലോ” എന്ന് തന്റെ ഇതരമതസ്ഥനായ കൂട്ടുകാരോട് (അച്ചായൻ/ മാപ്പിള) പറയണം, തുടങ്ങിയവയാണ് തറവാട്ടിൽ പിറന്നവനെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന ബിംബങ്ങൾ.

കവിയൂർ പൊന്നമ്മ ശൈലിയിലുള്ള “നല്ല കുടുംബത്തിൽ പിറന്ന ലക്ഷണമൊക്കെയുണ്ട്”, ഫിലോമിന ശൈലിയിലുള്ള “കള്ള ലക്ഷമുണ്ടല്ലോടാ” എന്നീ ഡയലോഗുകളിലൂടെ എത്ര സമർത്ഥമായാണ് നമ്മുടെ സാംസ്‌കാരിക ലോകം വംശീയത പ്രചരിപ്പിക്കുന്നത്.

അപ്പോൾ പറഞ്ഞു വന്നത് നമ്പ്യാർ, നായർ, മേനോൻ, പിള്ള, ഭട്ടതിരി, വർമ്മ, കുറുപ്പ്, നമ്പൂതിരി, വാര്യർ, തുടങ്ങിയ വാലുകളില്ലാത്ത (പുതിയ കാലത്തു ചേർക്കണം എന്ന് നിര്ബന്ധമില്ല, വാൽ ഒഴിവാക്കുന്നു എന്ന് വിളംബരം ചെയ്താലും മതി) ഒരു സാംസ്‌കാരിക നായകനും കവിക്കും തങ്ങളുടെ രചനകളെ രജിസ്റ്റർ ചെയ്തു ബാങ്കുലോക്കറിൽ സൂക്ഷിച്ചു വെക്കാതെ ഒരു രക്ഷയുമില്ല. കാരണം വാദി പ്രതിയാക്കാൻ നമുക്ക് ജന്മനാ കൽപ്പിച്ചു തന്നിട്ടുള്ള “കള്ളലക്ഷണം” മാത്രം മതിയാകും.

രമേശ് “പിഷാരടി” ഒരു കോമഡി പരിപാടിയിൽ കലാഭവൻ മണിയോട് പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു, “പ്രധാനമന്ത്രി മോഡി ബ്ലാക്ക് മണി പിടിക്കും പിടിക്കും എന്ന് പറയുന്നു പക്ഷെ ഇവിടെ പിടിക്കാനായി ഒരു ബ്ലാക്ക് മണിയെ ഉള്ളു, അത് കലാഭവൻ മണിയാണ്”.

അപ്പോൾ എനിക്ക് ചോദിക്കാനുള്ളത് ഇതാണ് :
जातिवाद की कोई सीमा होती है ?

Be the first to comment on "കള്ള ലക്ഷണവും, തറവാട്ടിൽ പിറന്നവനും"

Leave a comment

Your email address will not be published.


*