ചിറകൊടിയാത്ത പരീക്ഷണങ്ങൾ ഉയർന്നു പറക്കട്ടെ!

ചിറകൊടിഞ്ഞ കിനാവുകൾ” എന്ന ചിത്രത്തെക്കുറിച്ച് ഫേവർ ഫ്രാൻസിസ് എഴുതുന്നു

മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലാകാൻ പോകുന്ന പ്രയത്നമാണ് ‘ചിറകൊടിഞ്ഞ കിനാവുകൾ’
വെറുമൊരു സ്പൂഫിനപ്പുറത്തേക്ക് അനായാസം ചാടിക്കടക്കാൻ പുതുമുഖ സംവിധായകനായ സന്തോഷ്‌ വിശ്വനാഥിനും തിരക്കഥാകൃത്ത് പ്രവീണിനും കഴിഞ്ഞിട്ടുണ്ട്. ‘പിരാന്റെ ലോ’യുടെ എഴുത്തുകാരനെ തേടുന്ന കഥാപാത്രങ്ങളെ ഓർമിപ്പിക്കാൻ ഈ പരീക്ഷണ ചിത്രത്തിന് കഴിഞ്ഞു എന്നതും സിനിമയുടെ പിന്നണിക്കാർക്ക് അഭിമാനിക്കാൻ വക നൽകുന്നു. റിമ അവതരിപ്പിക്കുന്ന ‘സുമതി’ തന്നെയാണ് കാഴ്ചയിലും അഭിനയത്തിലും സുന്ദരിയായി മുന്നിൽ നിൽക്കുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ജോയ് മാത്യുവിനു ഒന്ന് വഴി മാറി നടക്കാനും ‘വിറകു വെട്ടുകാരൻ’ അവസരം നൽകുന്നു. ‘തുന്നൽക്കാര’നായും ‘യു കെ കാരൻ’ ആയും കുഞ്ചാക്കോ ബോബൻ നന്നായി അഭിനയിച്ചിരിക്കുന്നു. സുനിൽ സുഖദയുടെ ‘പ്രൊഡ്യൂസർ’ ആണ് മറ്റൊരു മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. തന്റെ തനതു ശൈലിയിലുള്ള ‘നിൽപ്പനടി’ തിയേറ്ററിനെ പൊട്ടിചിരിപ്പിക്കുന്നുണ്ട്.

തമാശകൾക്ക് ഒരു സ്പൂഫ് ലെവലിൽ നിന്നും ഒട്ടേറെ ഉയരത്തിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആശുപത്രി സീനുകളിലെ ക്ലീഷേകളെ ആഘോഷമാക്കിയിരിക്കും വിധം. സ്പൂഫ് ആണെങ്കിലും ഒരു ‘സരോജ് കുമാർ’ നിലവാരത്തിലേക്ക് താഴുന്നില്ല സിനിമയിലെ തമാശകളെന്നതും ശ്രദ്ധേയമാണ്.

മലയാള സിനിമയിൽ ക്ലീഷേയുടെ ഏറ്റവും വലിയ ഉദാഹരണമായ കല്യാണം-പാലുകാച്ചൽ എപിസോഡ് വരെ സംവിധായകൻ ഉദ്വേഗജനകമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. സത്യത്തിൽ ഇത്തരം രംഗങ്ങൾ തന്നെയാണ് വേഷം മാറി വന്നു ഇന്നും ഹിറ്റുകൾ ആയി പരിണമിക്കുന്നത് എന്ന് പറയാതെ പറയുന്നുണ്ട് ഈ സിനിമ. ഈ ഒരു പരീക്ഷണ ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച ലിസ്റ്റിനും പ്രൊജക്റ്റ്‌ ഡിസൈനർ രവിക്കും അഭിനന്ദനങ്ങൾ.

സിനിമ ഒന്നാം ദിവസം തന്നെയാണ് ഞാൻ കുടുംബസമേതം കണ്ടത്. സെക്കന്റ്‌ ഷോ, തൃശൂർ ഗിരിജയിൽ. ഇതെന്തു സിനിമ? എന്നൊക്കെ ആദ്യം ഉറക്കെ ചോദിച്ച പ്രേക്ഷകർ തന്നെ സിനിമ മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോൾ ആസ്വദിച്ചു ചിരിക്കുന്നതും കയ്യടിക്കുന്നതും കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഒപ്പം പ്രതീക്ഷയും. പരീക്ഷണങ്ങൾക്ക് ഇനിയും സാദ്ധ്യതകൾ ഉണ്ട്.

പോരാ എന്ന് പറഞ്ഞവരും ഇല്ലാതില്ല. പക്ഷെ അതെനിക്ക് തോന്നിയത് പരിചിതമല്ലാത്ത ഒരു പരിസരത്തിൽ ആദ്യമെത്തുമ്പോൾ ഏതൊരാൾക്കും തോന്നിയേക്കാവുന്ന ചില തപ്പിതടയലുകൾ ആയിട്ടാണ്.അല്ലെങ്കിൽ അത് നമ്മൾ മലയാളികളുടെ ‘ആഗോള പുച്ഛം’ പുറത്തേക്കു തികട്ടി വരുന്നതാകാം. (പിന്നെ തങ്ങളുടെ പ്രിയതാരങ്ങൾക്ക് കിട്ടുന്ന കൊട്ടും ചില ഫാൻസുകാരെ ചൊടിപ്പിക്കുന്നുണ്ട്) കാരണം എന്തായാലും അതിന്റെ ഉത്തരം സിനിമ തന്നെ പറയുന്നുണ്ട്. മനോഹരമായി തന്നെ.

തന്റെ മകളുടെ പെണ്ണ് കാണൽ ചടങ്ങിനു ‘ആനപ്പിണ്ടം തൊട്ടു അടിയാളന്മാരെ’ വരെ വാടകക്ക് എടുക്കുന്ന വരിക്കാശ്ശേരി മനയിൽ താമസിക്കുന്ന ‘വിറകു വെട്ടുകാരൻ’ അവസാനം ആനപ്പിണ്ടത്തിനും പച്ചക്കറിക്കും അടിയാളന്മാരായി അഭിനയിക്കുന്നവർക്കുമുള്ള പ്രതിഫലം സെറ്റിൽ ചെയ്യാൻ തന്റെ ഗുണ്ടയെ ഏൽപ്പിച്ചു മടങ്ങിയതിന് ശേഷം തിരിച്ചു വന്നു ‘അടിയാള നടന്മാരോട്’ പറയുന്ന ഒരു വാചകമുണ്ട്, അത് തന്നെയാണ് സിനിമയെക്കുറിച്ചും ‘പോരാ’ എന്ന് പറയുന്നവരുടെ വാദമായി എനിക്ക് തോന്നിയത്.

“നിങ്ങൾക്കേ, കുറച്ചു കൂടി നന്നായി കുനിയാമായിരുന്നു”

(കുനിഞ്ഞു കുനിഞ്ഞാണ് മലയാള സിനിമ ഈ വഴിക്കായത്. ഇനി കുറച്ചു കാലം ഇത്തരം പരീക്ഷണ ചിത്രങ്ങളും പുതുചിന്തകകളുമായി അത് തലയുയർത്തി നടക്കട്ടെ

Be the first to comment on "ചിറകൊടിയാത്ത പരീക്ഷണങ്ങൾ ഉയർന്നു പറക്കട്ടെ!"

Leave a comment

Your email address will not be published.


*