ഇറോം ഷര്‍മിളയുടെ ഉമിനീരിനെ പറ്റി നാം ആലോചിച്ചിട്ടുണ്ടോ??

12200688_1029691820426544_697017097_n

 

കഴിഞ്ഞ 15 വര്‍ഷമായി ആര്‍ത്തവം നിലച്ച് , ആന്തരവയവങ്ങള്‍ തകര്‍ന്നു ആധുനിക വൈദ്യ ശാസ്ത്രത്തിനു അത്ഭുതമായി ,ഇംഫാലിലെ ആശുപത്രിയില്‍ സമൂഹത്തിനു വേണ്ടി പോരാടുന്ന ഒരു പെണ്‍കുട്ടിയുണ്ട്…!!അറിയുമോ നമ്മള്‍, ആ ഉരുക്ക് വനിതയെ ?? ഭാരതത്തിലെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം (AFSPA ) പിന്‍വലിക്കണം എന്നവശ്യപ്പെട്ട്കൊണ്ട് കഴിഞ്ഞ 12 വര്‍ഷമായി തുടരുന്ന ഐതിഹാസികമായ ഉപവാസ സമരത്തിന്റെ ആള്‍ രൂപത്തെ, ഇറോം ഷര്‍മിളയെന്ന ധീര വനിതയെ!!!

അവര്‍ സമരം ചെയ്യുന്നത് വീര ശ്രുംഖലകള്‍ക്കല്ല,രാജ്യം ഭരിക്കാനുമല്ല, കവിതകള്‍ കുറിച്ച് നടന്ന പത്രപ്രവര്‍ത്തകയായ ആ മനുഷ്യാവകാശ പ്രവര്‍ത്തക എന്തിനാണ് ഇങ്ങനെയൊരു സമരം..? അതും ഏറ്റവും സ്നേഹിക്കുന്ന തന്റെ കാവ്യ ജീവിതം ത്യജിച്ച്..! എന്തിനാണ് വിജയം വരെ അല്ലെങ്കില്‍ മരണം വരെ ഉപവാസം തിരഞ്ഞെടുത്തത്..? അവര്‍ക്ക് അമ്മയുണ്ടോ, സഹോദരങ്ങളുണ്ടോ, അവര്‍ ഇതെല്ലം അനുവദിക്കുന്നുണ്ടോ, ആ നാട് ഇതനുവദിക്കുന്നുണ്ടോ, ഐതിഹാസികമായ ഈ സമരം അസാധ്യമായി എങ്ങനെ 15 വര്ഷം പിന്നിട്ടു..? , ഇപ്പോഴും തുടരുന്നൂ.? ഈ നാട്ടിലെ മാധ്യമങ്ങള്‍ എന്തെ അവരെ കാണുന്നില്ല, കേള്‍ക്കുന്നില്ല.? എന്തെ നമ്മള്‍ പോലും അവരെ അറിയുന്നില്ല.? പറയൂ… ഇത്രയും കേള്‍ക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ നിങ്ങളുടെ ഉള്ളിലും ഉയരുന്നില്ലേ, ഉയരും. ചോദ്യങ്ങളും സംശയങ്ങളും ഉയരും. ഒരു പക്ഷെ, വിമര്‍ശനത്തിന്റെ തീക്ഷണതയോടെ അല്ലെങ്കില്‍ ഹൃദയം നുറുങ്ങും വേദനയോട .അതുമല്ലെങ്കില്‍ ഇവരെ അറിയാതിരുന്ന , ഈ സമരത്തോട് പ്രതികരിക്കാതിരുന്ന നമ്മോട് തന്നെ തോന്നുന്ന അസഹ്യമായ കുറ്റബോധത്തോടെ….അല്‍പ്പം സമയമെടുത്തു വായിച്ചാലും സുഹൃത്തേ…. കാരണം , വിശ്വാസിയോ അവിശ്വാസിയോ രാഷ്ട്രീയ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗഭേദമോ ഇല്ലാതെ നമ്മളെല്ലാം നാളെ സ്വന്തം മന്സാക്ഷിയുടെ മുന്നില്‍ ചോദ്യം ചെയ്യപെടാം.

MSKA_Paint_201110_2_2

2000 നവംബര്‍ രണ്ടാം തീയതി. മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ മാലോം ബസ്സ്റ്റാന്‍ഡില്‍ ഇന്ത്യന്‍ സൈന്യം പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. റൈഫിളുകളില്‍ നിന്നുതിരുന്ന വെടിയുണ്ടകളില്‍ പത്ത് നിഷ്‌കളങ്കര്‍ മരിച്ചു വീഴുന്നു. അതില്‍ അറുപത്തി രണ്ടു വയസ്സുള്ള ‘ലെ സാങ്ങ്ബം’ എന്ന വീട്ടമ്മ മുതല്‍ ധീരതക്കുള്ള ദേശീയ അവാര്‍ഡു വാങ്ങിയ ‘സിനം ചന്ദ്രമണി’ എന്ന പതിനെട്ടുകാരനും ഉണ്ടായിരുന്നു. ഇതിനു കുറച്ചു ദിവസം മുന്‍പ് തീവ്രവാദി സംഘം പട്ടാളക്കാരുടെ ട്രാക്ക് ആക്രമിച്ചിരുന്നു. അതിനുള്ള പകരം വീട്ടല്‍ !!!!! ഇത് ഒരു വല്യ കഥയിലെ ഒരു പേജു മാത്രമാണ്. മണിപ്പൂരില്‍ , ഇറോം ശര്മിലയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ പട്ടാളക്കാര്‍ക്കും തീവ്രവാദികള്‍ക്കും ഇടയിലുള്ള നിസ്സഹായരായ ഇരകള്‍

 

ഇറോം ഷര്‍മിളയെന്ന യുവതിയുടെ കാല്‍ക്കീഴിലേക്ക് റോഡില്‍ നിന്നുള്ള ചോര മണം ഒഴുകിയെത്തുന്നു. ചുടുനിണത്തിന്റെ ഗന്ധം ആ ഇരുപത്തിയെട്ടുകാരിയില്‍ അസാധാരണമായ ഒരു ഗാന്ധിയന്‍ സമര മാര്‍ഗ്ഗം ആവേശമായി. അതോടെ തന്റെ നാടിനെ ചക്രശ്വാസം വലിപ്പിക്കുന്ന ‘സായുധസേനാ പ്രത്യേകാധികാരനിയമ’മെന്ന കിരാത നിയമത്തിനെതിരെ അവര്‍ ‘സഹനസമരം’ ആരംഭിക്കുകയാണ്. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച ഐതിഹാസികമായ നിരാഹാരസത്യാഗ്രഹം.,അതിന്റെ ആവശ്യമോ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം എടുത്തു കളയുക.

irom-sharmila-writes

ഇറോം ആവശ്യപ്പെടുന്നത്: പട്ടാളത്തെ അപ്പാടെ പിന്‍വലിക്കാനോ നിര്‍വ്വീര്യമാക്കാനോ അല്ല. പിന്നെയോ.. അല്പം ദയ, അതെങ്കിലും അനുവദിക്കാനാണ്.! പാതിരാവില്‍ വീടുകളില്‍ നിന്നും സംശയത്തിന്റെ പേരില്‍ പിടിച്ചു കൊണ്ട് പോകപ്പെടുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടും അപഹസിക്കപ്പെട്ടും വെട്ടിനുറുക്കപ്പെട്ടും തെരുവില്‍ കിടക്കുന്നത് കണ്ടുണരേണ്ടി വരുന്ന അവരുടെ കുടുംബംഗങ്ങള്‍ അടക്കമുള്ള ഒരു ജനത ചോദിക്കുന്നത് അല്പം ദയയാണ്. പിറന്ന നാട്ടില്‍ വാഗ്ദത്തം ചെയ്യപ്പെട്ട സ്വാതന്ത്ര്യം രുചിച്ചു മനുഷ്യരെപ്പോലെ ജീവിച്ചു മരിക്കനാനുള്ള അവകാശത്തെയാണ്. മനോരമാ ദേവി എന്നെ സ്ത്രീയുടെ യോനി നിറയെ വെടിയുണ്ടാകളാല്‍ നിറക്കപ്പെട്ടു ചതഞ്ഞു മരിച്ചു കിടന്നപ്പോള്‍ സഹികെട്ടാണ് മണിപ്പൂരിലെ അമ്മമാര്‍ പൂര്‍ണ്ണ നഗ്നരായി ഇന്ത്യന്‍ പട്ടാള ക്യാമ്പിനു പുറത്തു നിന്ന് “വാ… വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ.. ഞങ്ങളുടെ കുട്ടികളെ വെറുതെ വിടൂ” എന്ന് ഹൃദയം പൊട്ടി നിലവിളിച്ചാര്‍ത്തത്. അപ്പോള്‍ ഇടിഞ്ഞു വീണത്‌ ആരുടെ മാനമായിരുന്നു.? ആരുടെ മനസാക്ഷിയായിരുന്നു..? ഇരോമിന് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ഈ പീഡന പര്‍വങ്ങള്‍.

 

സമരം രണ്ടാഴ്ചയിലധികം നീണ്ടപ്പോഴേക്കും സ്വയം ഹനിക്കുക എന്ന നിയമവിരുദ്ധപ്രവൃത്തി ചെയ്തുപോകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പോലീസ് അവരെ അറസ്റ്റ് ചെയ്ത് ഇംഫാല്‍ ആസ്പത്രിയിലേക്ക് മാറ്റി. നിര്‍ബന്ധപൂര്‍വം ഡ്രിപ്പ് കൊടുത്തു. ഡ്രിപ്പിന്റെ കുഴല്‍ മാറ്റിയാല്‍ വീണ്ടുമവര്‍ ഉപവാസായുധത്താല്‍ സ്വയം കൊല്ലുമെന്നറിഞ്ഞപ്പോള്‍ സര്‍ക്കാറിന് അവരില്‍ ബലപ്രയോഗത്തിനുള്ള ലൈസന്‍സ് ലഭിച്ചു. അങ്ങനെ ജുഡീഷ്യല്‍ കസ്റ്റഡിയും റീ അറസ്റ്റുമെന്ന പ്രഹസനം ആവര്‍ത്തിച്ച് ഇറോം ഷര്‍മിള നിരന്തരം തടവില്‍ പിടിക്കപ്പെട്ടു. നിരന്തരം…..

 

അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മര്‍ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വലിയൊരു ഖണ്ഡം മുഴുവന്‍ ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്.

irom-sharmila-3

അതെ സുഹ്രുത്തേ, അധികാരത്തിന്റെ അനീതികെതിരെയുള്ള ആ സഹന സമരം പതിനാറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.. ഇനിയും നിശബ്ദരായിരിക്കാന്‍ നമ്മുക്ക് എന്തവകാശം??? സമരം പതിനാറാം ആണ്ടിലേക്ക് കടക്കുമ്പോള്‍ പരമാവധി ഇറോമിനെയും ഇരോമിന്റെ ശബ്ദത്തെയും സോഷ്യല്‍ മീഡിയകളില്‍ എത്തിക്കുക !! രാഷ്ട്രീയ പ്രസ്ഥാനങ്ങളും മീഡിയകളും എല്ലാം സമരത്തെ താമസ്കരിക്കുമ്പോള്‍ നമ്മുടെ ചെറിയ ശബ്ദങ്ങള്‍ക്ക് ഇരട്ടി ഒച്ചയാണ്‌… അനീതിക്കെതിരെ പെരുവിരല്‍ ഉയര്‍ത്തുക നാം!!!!

***********************************************

 

കടപ്പാട് – ഇത് ഫേസ്ബുക്കിൽ  ഇറോം ഷർമിള എന്ന ഗ്രൂപ്പിലെ പ്രവർത്തകർ തയ്യാറാക്കിയ നോടീസിലെ ഭാഗങ്ങളാണിവ .

Be the first to comment on "ഇറോം ഷര്‍മിളയുടെ ഉമിനീരിനെ പറ്റി നാം ആലോചിച്ചിട്ടുണ്ടോ??"

Leave a comment

Your email address will not be published.


*