ദളിത്‌ ബഹുജൻ ഐക്യം ആഹ്വാനം ചെയ്ത് ബ്രാഹ്മണിസത്തിനെതിരെ സാഹോദര്യ സമ്മേളനം.

64481_800039763431392_7382221796450390655_n
ബ്രാഹ്മണിസത്തിന്റെ മുഴുവൻ രൂപങ്ങളെയും എതിർക്കുന്ന, ജാതി നിർമൂലനം പ്രധാന അജണ്ടയാക്കിയവരെ രാഷ്ട്രീയമായി ഐക്യപ്പെടുത്തുന്ന , ബ്രാഹ്മണിസത്തിനെതിരെ കീഴാളരുടെ മത/ ജാതി അനുഭവത്തെ പ്രധാനമായി കാണുന്ന , രാഷ്ട്രീയ നേത്രത്വം കീഴാളർക്ക് ലഭ്യമാകണമെന്നു കരുതുന്ന ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട് എന്ന് എറണാകുളം എടവനക്കാടിൽ സംഘടിപ്പിച്ച ” ബ്രാഹ്മണിസമാണ് ഇന്ത്യന് ഫാസിസം, അംബേദ്കറിസം ജനാധിപത്യവും ” സാഹോദര്യ സമ്മേളനം ആവശ്യപ്പെട്ടു. ദളിത്‌ വോയിസ് പത്രാധിപർ വി ടി രാജശേഖർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഹ്മണിസത്തെ ഫാസിസവുമായി കൂട്ടിവായിക്കുന്നത് ശരിയല്ല എന്നും ഫാഷിസമെന്ന താൽക്കാലിക പ്രതിഭാസമടക്കം ബ്രാഹ്മണിസമെന്ന വ്യവസ്ഥിതിയിൽ നിന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നും വി ടി രാജശേഖർ പറഞ്ഞു. രാഷ്ട്രീയ പാർടികളുടെ തലപ്പത്ത് ഇപ്പോഴും ബ്രാഹ്മണ മേധാവിത്വം ആയതിനാലാണ് ജാതിവിരുദ്ധ സമരങ്ങൾ നിർവീര്യമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അംബെദ്ക്കർ – ദളിത്‌ സാഹിത്യ പ്രചാരണ രംഗത്തെ സമഗ്രസംഭാവനയുടെ പേരിൽ സാമൂഹ്യ പ്രവർത്തകൻ വി പ്രഭാകരനെ പരിപാടിയിൽ വെച്ചു ആദരിച്ചു.

പരിപാടിയിൽ ” ഇന്ത്യൻ ഫാസിസവും അംബേദ്കറിസവും ” എന്ന വിഷയത്തിൽ പ്രമുഖ ദളിത്‌ ചിന്തകൻ സണ്ണി എം കപിക്കാട്‌ സംസാരിച്ചു. ” ഇടത് ലിബറൽ വ്യവഹാരങ്ങളും സ്വതരാഷ്ട്രീയവും ” എന്ന സെക്ഷനിൽ എഴുത്തുകാരനും ദളിത്‌ ആക്റ്റിവിസ്റ്റും ആയ കെ കെ ബാബുരാജ് സംസാരിച്ചു. ” ദളിത്‌ പിന്നാക്ക ന്യൂനപക്ഷങ്ങളും സഹോദരൻ അയ്യപ്പനും ” എന്ന വിഷയത്തിൽ ഡോ.അജയ്ശേഖർ സംസാരിച്ചു.

അംബേദ്‌കര്‍ സ്റ്റുഡന്റസ് അസോസിയേഷന്റെ മുന്‍ സെക്രട്ടറി സിമി കോറോട്ട് സിമി കോറോത്ത് , ദളിത്‌ ആക്റ്റിവിസ്റ്റും ഡോകുമെന്റരി സംവിധായകനുമായ അജിത്‌ കുമാർ എ എസ് എന്നിവർ യഥാക്രമം ” പോസ്റ്റ്‌ മണ്ഡലാനന്തര കാമ്പസുകൾ , രോഹിത് വെമുല ഉയർത്തുന്ന രാഷ്ട്രീയം ” , ” കലയിലെ ജാതി ” എന്നീ വിഷയങ്ങളിൽ സംസാരിച്ചു. മുസ്ലിം സ്ത്രീകളുടെ സാമൂഹ്യ പദവി എന്ന വിഷയത്തിൽ ജസീല ചെറിയ വളപ്പിൽ സംസാരിച്ചു. ബി എസ് പി നേതാവ് ഏം ഗോപിനാഥ് , ഗ്രോ വാസു , സുധേഷ് ഏം രഘു , കെ ഐ ഹരി , എം ആർ സുരേഷ് , ഡോ.ഔസാഫ് അഹ്സൻ എന്നിവർ പങ്കെടുത്തു. കണ്ണൂരിൽ ഇടത് ട്രേഡ് യൂണിയനുകളാൽ ജാതീയമായ പീഡനങ്ങൾ അനുഭവിച്ച , ബി എസ് പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ചിത്രലേഖ തന്റെ സമരാനുഭവങ്ങൾ പങ്കുവെച്ചു.

എം ഗോപിനാഥ് എഴുതി സുദേഷ് എം രഘു വിവര്ത്തനം ചെയ്ത ” ശതകോടീശ്വരന്മാരെ തോൽപിക്കാൻ ജനലക്ഷങ്ങൾക്ക് കഴിയും ” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മഹാരാജാസ് കോളേജില്‍ സംസ്കൃത പഠനത്തിന് പ്രവേശനം നിഷേധിക്കപ്പെട്ട എടവനക്കാട്‌ സ്വദേശിയായ ദളിത്‌ വിദ്യാര്‍ഥി സേതുകൃഷ്ണന്റെ നേതൃത്വത്തില്‍ ‘വില്ലുവണ്ടി’ മ്യൂസിക്‌ ബാൻഡ് അരങ്ങേറി.

Be the first to comment on "ദളിത്‌ ബഹുജൻ ഐക്യം ആഹ്വാനം ചെയ്ത് ബ്രാഹ്മണിസത്തിനെതിരെ സാഹോദര്യ സമ്മേളനം."

Leave a comment

Your email address will not be published.


*