പൈതൃക കാഴ്ചകളൊരുക്കി മെലീഹ : ഷാർജയുടെ ചരിത്രമുറങ്ങുന്ന ഗ്രാമത്തിലൂടെ ഒരു യാത്ര

Author : Abdurabb Chennamangalloor

നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര പാതകളിലേക്ക്  തിരിഞ്ഞു നടക്കാൻ മോഹമുണ്ടോ?  എങ്കിൽ ഷാർജയിലെ മെലിഹയിലേക്ക് വരൂ. പൈതൃകമുറങ്ങുന്ന ഉംനാർ  ശവകുടീരം, ഗുഹാത്താഴ്വരകൾ,  ഒട്ടകങ്ങളുടെയും കുതിരകളുടെയും ശവകുടീരങ്ങളുമായി  മെലിഹ കോട്ട, പ്രൌഡിമുറ്റി നില്ക്കുന്ന  ജാഹിലിയ കാലത്തെ മെലിഹ കൊട്ടാരം… മരുഭൂമിയിലെ ഗ്രാമത്തിൽ കാഴ്ചകളൊരുപാടുണ്ട്.

image

യു.എ.യിലെ ഷാർജയിൽ നിന്നും 55 കിലോമീറ്റർ കിഴക്ക് മാറിയാണ് മെലീഹ. ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെ  താവളമായ ഈ സുന്ദരഗ്രാമം ഇപ്പോൾ മുഖം മിനുക്കി കൂടുതൽ ആകർഷകമായിരിക്കുന്നു. ഷാർജയുടെ ചരിത്ര കാഴ്ചകൾ  ലോകോത്തര സന്ദർശക കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ്  അധികൃതർ. ഇക്കോ  ടൂറിസവും ചരിത്രവും കൂട്ടിയിണക്കുന്ന ഈ വിനോദസഞ്ചാര കേന്ദ്രം ഷാർജയുടെ മഹത്തായ പൈതൃകവും ചരിത്രവും ലോകത്തോടു വിളംബരം ചെയ്യുന്നു.

വെങ്കലയുഗത്തിലേതെന്ന്   കരുതുന്ന ഉംനാർ ശവ കുടീരങ്ങൾക്ക് ചുറ്റുമായാണ് മെലിഹ ആർകിയോളജിക്കൽ സെൻറർ പണിതിരിക്കുന്നത്. ബി.സി. 2300 ലേക്ക് നീളുന്നതാണ് ഇവിടുത്തെ അവശിഷ്ടങ്ങൾ.അക്കാലത്തു 200 വർഷത്തോളം ഇവിടെ ആൾ താമസമുണ്ടായിരുന്നത്രെ. 13.9 മീറ്റർ വ്യാസത്തിലുള്ള ശവക്കല്ലറകളാണ്  ഇവിടുത്തേത്. 120 ലേറെ മനുഷ്യ അസ്ഥികൂടങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.  പിന്നെ  അവർ നിത്യ ജീവിത്തിൽ ഉപയോഗിച്ചിരുന്ന  പാത്രങ്ങളും ഉപകരണങ്ങളും ആഭരണങ്ങളും. ജബൽ ഫയയിലുള്ള പല ശവകുടീരങ്ങളും വെങ്കല യുഗതിലെതാണെന്ന്  ഇവിടുത്തെ ഗവേഷകർ.

image

ക്രിസ്തുവിനും മുമ്പുള്ള  വീടുകളും ശവക്കല്ലറകളുമുണ്ടിവിടെ. മനുഷ്യര്യുടെയും കുതിരകളുടെയും  ഒട്ടകങ്ങളുടെയും അസ്ഥികളും പിന്നെ അവരുടെ നിത്യജീവിതവുമായി  ബന്ധപെട്ട ഒരുപാട് സാധനങ്ങളും ഉപകരണങ്ങളും കണ്ടെടുക്കാൻ  മുപ്പത് വർഷത്തെ ഖനനം വേണ്ടി വന്നു.

പാത്രങ്ങൾ, വാളുകൾ, ആഭരണങ്ങൾ,  അങ്ങനെ ജീവിത കാലത്ത് ഒപ്പമുണ്ടായിരുന്നതെല്ലാം   ശവക്കല്ലറ കളിൽ  തന്നോടൊപ്പം വെക്കുന്നത് ഇവിടതുകാരിൽ പതിവായിരുന്നത്രേ. അത്തരം  ശവകുടീരങ്ങളും  ഇവിടെയുണ്ട് . വളരെ കൃത്യമായ രീതിയിലാണ്  കുതിരകളെയും ഒട്ടകങ്ങളെയും  ഉടമസ്ഥനു  സമീപത്തായി  അടക്കം ചെയ്തിരിക്കുന്നത്.  ഇവ എ.ഡി 74 നും  എ.ഡി. 125 ഇടയ്ക്കുള്ളതാണ്. ബലിയ എന്ന പേരിലായിരുന്നു ഈ സമ്പ്രദായം  അറിയപെട്ടിരുന്നത്.

image

വരും തലമുറയ്ക്ക് അനായാസ രൂപത്തിൽ ചരിത്ര വിവരങ്ങൾ  പകർന്നു  നലകാനും ലോക സഞ്ചാരികൾക്ക്  വന്നു കാണാനുമോക്കെയായി പഴമ നിലനിർത്തികൊണ്ട് ഇവിടം വികസിപ്പിക്കാനുള്ള പുറപ്പാടിലാണ്‌ തങ്ങളെന്നു    ഷാർജ ഇൻവെസ്റ്റ്മന്റ്  ഡവല്പ്മെന്റ്റ് അതോറിറ്റി (ശുറൂഖ്‌) സി.ഇ.ഒ മർവാൻ ബിൻ ജാസിം അൽ  സർകാൽ പറഞ്ഞു . 450 കോടി രൂപയോളം (250 മില്ല്യൻ ദിർഹം ) ഇതിനായി അവർ ചെലവിട്ടു കഴിഞ്ഞു.

image

യു.എ.ഇ യുടെ സാംസ്കാരിക, പാരമ്പര്യ, പൈതൃകങ്ങൾ  നില നിർത്താനുള്ള ഷാർജ  ഭരണാധികാരിയുടെ ശ്രമമാണ് മെലിഹ   കേന്ദ്രമാക്കിയുള്ള  പദ്ധതികളിലൂടെ  പ്രതിഫലിക്കുന്നതെന്ന്  ശുറൂഖ്‌ ചെയർപേഴ്സൺ ഷെയ്ഖ ബുദോർ ബിൻത്  സുൽതാൻ അൽ ഖാസിമി പറഞ്ഞു.

പുരാതന കാലം തൊട്ടേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കച്ചവടയാത്രകളുടെ ഇടത്താവളമാ യിരുന്നു  മെലിഹയെന്നു  പുരാവസ്തു ഗവേകഷകർ ചൂണ്ടിക്കാട്ടുന്നു. മറ്റു ഭാഗങ്ങളിൽ  നിലനിന്നിരുന്ന വിവിധ  സംസകാരങ്ങളുമായി – മെഡിറ്ററേനിയൻ, കിഴക്ക് ഏഷ്യൻ, മെസപൊട്ടൊമിയൻ, തുടങ്ങി അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളുമായി ഇവിടത്തുകാർ  സമ്പർക്കം പുലർതിയിരുന്നുവെന്നതിനു തെളിവുകളും അവർ നിരത്തുന്നു.

ചരിത്രം  തൊട്ട് തന്നെ  അറിയണമെന്ന്  നിർബന്ധമുള്ളവർക്കായി   ഒട്ടകപുറത്തേറിയും ഫോർവീൽ വാഹനങ്ങളിലുമുള്ള  മരുഭൂയാത്രകളും  ഗുഹകളിലെക്കുള്ള  സാഹസിക യാത്രകളും ഒരുക്കിയിട്ടുണ്ട്  അധികൃതർ.

ദേശത്തിന്റെയും മേഖലയുടെയും  സമ്പന്നചരിത്രം ലോകത്തിനു മനസ്സിലാക്കി  കൊടുക്കും  മട്ടിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത് എന്ന്   മർവാൻ ബിൻ ജാസിം അൽ സർകാൽ പറഞ്ഞു . പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ആധുനിക രീതിയിൽ തീർത ഈ പുരാവസ്തു കേന്ദ്രം.

” ഇപ്പോൾ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഞങ്ങൾ.  ഇനി 450 ചതുരശ്രകിലോമീറ്ററിൽ ഒരു നാഷണൽ ഡിസേർട്ട് പാർക്ക്‌. വരയാടുകളെയും  കലമാനുകളെയും   കാട്ടുമാനുകളെയും   അടുത്ത തലമുറക്കായി കരുതിവെക്കുന്ന ഒരു  വന്യജീവി സംരക്ഷണ കേന്ദ്രം കൂടിയാകും ഇത്. സന്ദർശകർക്ക് സെന്ററിനു അടുത്ത്  തന്നെ  രാപർക്കാനുള്ള സങ്കേതങ്ങൾ, നിലവിലെ  കെട്ടിടങ്ങളുടെ  പഴമ നില നിർത്തി നവീകരിച്ചുള്ള  മോട്ടലുകൾ,  ടെലസ്കൊപുകളുമായി  ഒരു വാനശാസ്ത്ര നിരീക്ഷണകേന്ദ്രം എന്നിവയൊക്കെയാണ് രണ്ടാം ഘട്ടത്തിൽ ” അൽ സർകാൽ  വിശദീകരിച്ചു.

സ്വാഭാവിക ഭൂപ്രദേശങ്ങളെയും പ്രകൃതിയെയും അങ്ങനെ തന്നെ നിലനിർത്തിയാണ്  പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .  കായിക വിനോദങ്ങളുമുണ്ടാകും ഇവിടെ.
യുനസ്കോ  ലോക പൈതൃക കേന്ദ്രമായി നിർദേശിച്ച സ്ഥലങ്ങളിൽ ഒന്നാണ് മെലിഹ.

(ഗൾഫിലെ മുതിർന്ന പത്രപ്രവർത്തകനും ഷാർജ ഫ്രീസോൺ മീഡിയ റിലേഷൻ മാനേജറുമാണ് ലേഖകൻ)

Be the first to comment on "പൈതൃക കാഴ്ചകളൊരുക്കി മെലീഹ : ഷാർജയുടെ ചരിത്രമുറങ്ങുന്ന ഗ്രാമത്തിലൂടെ ഒരു യാത്ര"

Leave a comment

Your email address will not be published.


*