‘അറിവും സ്നേഹവും ആത്മീയതയുമാണ് കരുത്ത് .ദൈവമാണ് പ്രചോദനം’.അലി സംസാരിക്കുന്നു

മുഹമ്മദ്‌ അലിയുടെ ആത്മകഥയായ The Soul Of a Butterfly യിലെ ആമുഖത്തിന്റെ സ്വതന്ത്ര വിവർത്തനം.

ബോക്സിങ്ങില്‍ നിന്നും വിരമിച്ച ശേഷം ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്.ബോക്സിങ് ജീവിതത്തില്‍ യഥാര്‍ത്ഥ മുഹമ്മദ് അലിയെ നിങ്ങള്‍ കണ്ടിട്ടില്ല.കുറച്ച് ബോക്സിങും പ്രകടനങ്ങളും മാത്രമാണ് നിങ്ങള്‍ കണ്ടത്.ബോക്സിങില്‍ നിന്നും വിരമിച്ച ശേഷമാണ് എന്‍റെ ശരിയായ ജോലി ആരംഭിച്ചത്.ഒരുകാലത്ത് എന്‍റെ മസിലുകളും കരുത്തും പുഷ്ടിപ്പെടുത്തിയത് പോലെ , എന്‍റെ ആത്മീയത പരിപോഷിപ്പിക്കുവാന്‍ എനിക്കിപ്പോള്‍ ഏറെ സമയമുണ്ട്.

ലോകത്തിലേക്ക് ഞാന്‍ നോക്കുമ്പോള്‍ , ഒരുപാട് ആളുകള്‍ ഭംഗിയുള്ള വലിയ വീടുകള്‍ പണിയുന്നതാണ് ഞാന്‍ കാണുന്നത്.എന്നാല്‍ , അവര്‍ ജീവിക്കുന്നതാകട്ടെ , ‘തകര്‍ന്നടിഞ്ഞ’ ഭവനങ്ങളിലും..!! എങ്ങനെ ജീവിക്കാമെന്ന് പഠിക്കാനുള്ളതിനേക്കാള്‍ ഏറെ സമയം , എങ്ങനെ സമ്പാദിക്കാം എന്ന് പഠിക്കാനാണ് നാം ചിലവഴിക്കുന്നത്.ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിശ്വാസങ്ങള്‍ നിങ്ങളോട് പങ്കുവെക്കാന്‍ ഞാന്‍ കരുതുന്നു .എന്‍റെ ഇസ്ലാം പഠനത്തില്‍ ഞാന്‍ അറിഞ്ഞ , എന്‍റെ ഹൃദയത്തിന് പ്രചോദനം നല്‍കിയ , എന്‍റെ ആത്മാവിനെ സ്പര്‍ശിച്ച അനവധി ആശയങ്ങളെക്കുറിച്ച് ; തത്വങ്ങളെയും ചരിത്രങ്ങളെയും കുറിച്ച് .ഈ അറിഞ്ഞതെല്ലാം , എന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോള്‍ , ഞാനത് ലോകത്തിന് സമ്മാനിക്കുന്നു.

ഞാനിപ്പോഴും എന്‍റെ മതത്തിന്‍റെ പ്രചരണങ്ങളില്‍ മുഴുകാറുണ്ടോയെന്ന് ആളുകള്‍ ചോദിക്കാറുണ്ട്.സത്യം പറയട്ടെ , എല്ലാ ദിനങ്ങളും എന്‍റെ വിശ്വാസത്തെക്കുറിച്ച് എനിക്ക് സംസാരിച്ച് കൊണ്ടേയിരിക്കാന്‍ കഴിയും.കാരണം , എന്‍റെ ജീവിതത്തിലെ മറ്റെന്തിനെക്കാളുമേറെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്.ഭൂമിയിലെ സമുദ്രങ്ങളെല്ലാം മഷിയാക്കിയാലും , സകല വൃക്ഷങ്ങളും പേനകളാക്കിയാലും ശരി , അവയൊന്നും ദൈവത്തിന്‍റെ അറിവിനെ എഴുതിത്തീര്‍ക്കാന്‍ പര്യാപ്തമല്ല.ആ ദൈവത്തെ തിരിച്ചറിയുന്നതില്‍ ഒരു കരുത്തുണ്ട്.അതാണെന്നെ വിനയാന്വിതനായി നിലനിറുത്തുന്നത്.ദൈവത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പഠിക്കും തോറും , എനിക്കെത്ര കുറച്ചു മാത്രമേ അറിയുകയുള്ളൂ എന്ന് ഞാന്‍ കൂടുതല്‍ തിരിച്ചറിയുന്നു. അത്കൊണ്ട് തന്നെ ഞാനിപ്പോഴും തിരിച്ചറിവ് നേടിക്കൊണ്ടിരിക്കുകയാണ്.ഇപ്പോഴും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.കാരണം , ദൈവത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മഹത്വമേറിയ മറ്റൊന്നുമില്ല.

the-soul-of-a-butterfly-9781476747378_hr

ചരിത്രത്തില്‍ കാണുന്ന യഥാര്‍ത്ഥ മഹത്തുക്കളൊന്നും തന്നെ സ്വയം മഹാന്മാരാകാന്‍ ആഗ്രഹിച്ചിട്ടില്ല.മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യാന്‍ അവസരങ്ങളുണ്ടാക്കാനും ദൈവത്തിലേക്ക് അടുക്കാനുമാണ് അവരെല്ലാം ശ്രമിച്ചത്.ഞാന്‍ എല്ലാം തികഞ്ഞ ആളൊന്നുമല്ല. എനിക്കറിയാം , പല കാര്യങ്ങളും ഇനിയും എനിക്ക് ചെയ്യാനുണ്ട്. അതിനുള്ള ഒരുക്കത്തിലാണ് ഞാന്‍ .ഇതിനകം പല കാര്യങ്ങളും ഞാന്‍ ചെയ്തുതീർത്തിട്ടുണ്ട്. അതിലൊന്നും ഞാന്‍ അഭിമാനം കൊള്ളുന്നുമില്ല.പ്രത്യേകിച്ച് , അവയെല്ലാം മറ്റുള്ളവരില്‍ വേദനക്ക് കാരണമായിട്ടുണ്ടെങ്കില്‍.ഞാന്‍ ദൈവത്തോട് പൊറുക്കലിനെ തേടുന്നു.

ഞാന്‍ എവിടെ പോയാലും ആളുകളെന്‍റെ മുഖം തിരിച്ചറിയുകയും എന്‍റെ പേര് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്.ജനങ്ങള്‍ എന്നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.അവരെന്നെ പരിഗണിക്കുന്നുമുണ്ട്.ഒരാള്‍ക്ക് ഉണ്ടാകാവുന്നതിലധികം കരുത്തും സ്വാധീനവുമാണത്.അതുകൊണ്ട് തന്നെ , എന്‍റെ പ്രശസ്തി ശരിയായ മാര്‍ഗത്തില്‍ ഉപയോഗിക്കേണ്ട ബാധ്യത എനിക്കുണ്ട്.അതു ഞാന്‍ തിരിച്ചറിയുന്നു.ജീവിതത്തിലെ സഥാനങ്ങളോ നിറമോ മതമോ നോക്കാതെ എല്ലാവര്‍ക്കും , എപ്പോഴും നന്മകള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നതിന്‍റെ കാരണങ്ങളിലൊന്ന് അതാണ്.തങ്ങള്‍ മറ്റുള്ളവരേക്കാള്‍ പ്രാധാന്യമുള്ളവരാണെന്ന് ചിലയാളുകള്‍ കരുതുന്നുണ്ടെങ്കിലും , ദൈവത്തിന്‍റെ അടുക്കല്‍ എല്ലാവരും സമന്‍മാരാണ്.നമ്മുടെ ഹൃദയത്തിലുള്ളത് എന്താണെന്നതാണ് മുഖ്യം.

പലരും പറയുന്നത് , എന്‍റെ ബോക്സിങ് ജീവിതത്തില്‍ ഞാന്‍ വല്ലാതെ പണം പാഴാക്കിയിട്ടുണ്ടെന്നാണ്. എന്നെ പലയാളുകളും ചൂഷണം ചെയ്തതിനെക്കുറിച്ചും , എന്‍റെ അടുക്കല്‍ നിന്നും മോഷ്ടിച്ചതിനെക്കുറിച്ചും , എന്നിട്ടും അവരെയെല്ലാം വെറുതെ വിട്ടതിനെക്കുറിച്ചുമെല്ലാം അവരൊക്കെ എഴുതാറുണ്ട്.ആളുകള്‍ എന്നെ ചതിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോഴും , ഞാനെങ്ങനെയാണ് അവരോട് പെരുമാറിയതെന്നതാണ് പ്രധാനം.ഞാന്‍ ദൈവത്തോട് മറുപടി പറയേണ്ടതുണ്ട്.മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എനിക്ക് വയ്യ.സ്വന്തം കാര്യങ്ങള്‍ക്ക് അവര്‍ തന്നെ ദൈവത്തോട് മറുപടി പറയട്ടെ.ഞാന്‍ ക്ഷമയില്‍ വിശ്വസിക്കുന്നത് കൊണ്ട് തന്നെ , എന്നെ വേദനിപ്പിച്ചവര്‍ക്കെതിരെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ദൈവത്തോട് തേടിയിട്ടില്ല.എനിക്ക് മാപ്പ് ചെയ്യപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന പോലെ , മാപ്പ് നല്‍കാനുമാണ് ഞാന്‍ ശീലിച്ചത്.ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളതെന്ത് , അയാളുടെ യഥാര്‍ത്ഥ ഉദ്ധേശമെന്ത് – ഇതെല്ലാം ദൈവത്തിന് മാത്രമേ അറിയൂ.അവന്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

എനിക്ക് ചുറ്റും നിസ്സഹായരായ അനേകം ആളുകളുണ്ടായിരുന്നു. അവരില്‍ അനേകം പേരെ എന്നാലാകും വിധം സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.അതില്‍ തെറ്റൊന്നുമില്ല.എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കാന്‍ സാധിച്ചപ്പോള്‍ തന്നെയും , ആവശ്യക്കാര്‍ക്ക് ഞാന്‍ നല്‍കിയിട്ടുണ്ട്. ദൈവമെന്നെ ആവശ്യത്തിന് സമ്പന്നനാക്കിയിട്ടുണ്ടെന്നത് തന്നെ കാരണം.കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ , ദൈവത്തിന്‍റെ പേരില്‍ എത്രയധികം ഞാന്‍ നല്‍കിയോ , അതിനേക്കാളേറെ ദൈവം എനിക്ക് തിരിച്ചു നല്‍കിയതായി അനുഭവപ്പെടുന്നുണ്ട്.ഞാന്‍ സഹായിച്ച ആളുകളെക്കുറിച്ചോ ചെയ്ത സേവനങ്ങളെ കുറിച്ചോ പറയാന്‍ ശ്രമിക്കുകയല്ല ഞാന്‍ .കാരണം , തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ മാത്രമേ , നമുക്ക് യഥാര്‍ത്ഥ ഔദാര്യവാന്മാരാകാന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

muhammad-ali രാത്രിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ , എന്നോട് തന്നെ ഞാന്‍ ചോദിക്കും ; ` നാളെ ഞാന്‍ ഉണരുന്നില്ലെങ്കില്‍ , ഇന്നെങ്ങനെയാണ് ഞാന്‍ കഴിച്ചു കൂട്ടിയതെന്നോര്‍ത്ത് എനിക്ക് അഭിമാനിക്കുവാന്‍ കഴിയുമോ..?? ‘. എന്‍റെ മനസ്സിലുയരുന്ന ആ ചോദ്യത്തോടെ , എനിക്ക് സാധിക്കുന്നത്രയും നന്മ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നു.അതെന്‍റെ വിശ്വാസത്തിന് വേണ്ടി നിലകൊള്ളുന്നതാകട്ടെ , ഒരു ഓട്ടോഗ്രാഫ് ഒപ്പിടുന്നതോ ആളുകള്‍ക്ക് കേവലം ഹസ്തദാനം നല്‍കുന്നതോ ആകട്ടെ.ജനങ്ങളെ സന്തോഷിപ്പിക്കാനും അവരെ സ്വര്‍ഗത്തിലേക്ക് എത്തിക്കാനുമാണ് ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തുടനീളം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്.എല്ലാ തരം ആളുകളുമായി ഇടപഴകിയിട്ടുമുണ്ട്.എല്ലാവരെയും പലയിടങ്ങളിലായി വിന്യസിപ്പിക്കുകയും , നമ്മളയെല്ലാം വ്യത്യസ്തരാക്കുകയും ചെയ്തതിലൂടെ ദൈവം പ്രപഞ്ചത്തെ അലങ്കരിക്കുകയായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു.നമ്മുടെ വ്യതിരിക്തതകളെ ആദരിക്കുകയും സാമ്യതകളെ ആഘോഷിക്കുകയും ചെയ്ത് കൊണ്ട് , തിരിച്ചറിവുകളുടെ മേല്‍ നീങ്ങലായിരിക്കണം നമ്മുടെ രാജ്യങ്ങളുടെ ലക്ഷ്യം.ബഹുസ്വരതയിലെ സൗന്ദര്യത്തെ നാം വിലമതിക്കണം.എല്ലാ പുഷ്പങ്ങള്‍ക്കും ഒരേ നിറവും രൂപവും വലിപ്പവുമായിരുന്നെങ്കില്‍ , ലോകം വളരെ മടുപ്പിക്കുന്നതായിരിക്കുമല്ലോ.

റിങ്ങിനകത്തും പുറത്തുമായി ദൈവം എന്നിലൂടെ പ്രവര്‍ത്തിച്ച നിമിഷങ്ങളെ തിരിച്ചറിയുക എന്നതായിരുന്നു എന്‍റെ ആത്മീയതയുടെ മുഖ്യ വശം.ചെറുപ്പത്തിലെനിക്ക് എഴുതാനും വായിക്കാനുമെല്ലാം ബുദ്ധിമുട്ടായിരുന്നു.കഷ്ടിച്ച് ഞാന്‍ ഹൈസ്ക്കൂള്‍ പാസായി.Dyslexia (പദാന്ധത ) എന്നായിരുന്നു എന്‍റെ അവസ്ഥക്ക് അവര്‍ പറഞ്ഞ പേര്.ഞാന്‍ സ്കൂളിലായിരുന്നപ്പോള്‍ , പഠനത്തില്‍ പിന്നാക്കമായവരെല്ലാം വിഡ്ഡികളാണെന്നായിരുന്നു അധ്യാപകരുടെ വെപ്പ്.എന്നെ സംബന്ധിച്ചേടത്തോളം സ്കൂളൊരു വെല്ലുവിളിയായിരുന്നു.എന്നാല്‍, എല്ലാം മടുത്ത് ഒതുങ്ങിയിരിക്കാന്‍ ഞാന്‍ തയ്യാറായില്ല.എല്ലായിടത്തും എനിക്കുള്ള വഴികള്‍ ഞാന്‍ കണ്ടെത്തി.ദൈവം എനിക്ക് നല്‍കിയ മാര്‍ഗത്തിലൂടെ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.മൂല്യമുള്ളതെന്ന് ഞാന്‍ കരുതുന്ന വല്ലതും കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ ഞാനതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും , ഞാനത് മനഃപാഠമാക്കും.വല്ലതും നന്മയാണെന്ന് തോന്നിയാല്‍ , അതെന്‍റെ ജീവിതത്തിന്‍റെ ഭാഗവുമാകും.ഇതായിരുന്നു ഞാന്‍ പഠിച്ചിരുന്നത്.

എല്ലായ്പ്പോഴും ദൈവം എന്നിലൂടെ പ്രവര്‍ത്തിക്കുകയാണെന്ന് എനിക്ക് തോന്നി.അറിവും ആത്മവിശ്വാസവും ആത്മസ്ഥിരതയും തിരിച്ചറിവുമെല്ലാം അവനെനിക്ക് നല്‍കി.ജീവിതത്തെയും മനുഷ്യരെയുമെല്ലാം ഞാന്‍ പഠിച്ചു.എഴുത്തിലും വായനയിലും ഒരുപക്ഷെ ഞാന്‍ ദരിദ്രനായിരിക്കാം.എന്നാല്‍ ,സ്നേഹം , അനുകമ്പ പോലെയുള്ള ഹൃദയവികാരങ്ങളില്‍ ഞാന്‍ സമ്പന്നനാണ്.ഞാന്‍ കാലങ്ങളായി വായിക്കാറുള്ള പഴയൊരു വാചകമുണ്ട്.അതിങ്ങനെ , “ എവിടെയാണ് മനുഷ്യന്‍റെ സമ്പത്ത്..?? അവന്‍റെ സമ്പത്ത് അറിവാണ്.അവന്‍റെ സമ്പത്ത് ഒരുക്കൂട്ടി വെക്കുകയാണെങ്കില്‍ , അവനത് അനുഭവിക്കാന്‍ കഴിയില്ലല്ലോ..”

എന്‍റെ അറിവും സ്നേഹവും ആത്മീയതയുമാണ് എന്‍റെ സമ്പത്ത്.എന്‍റെ ജനതയുടെ നല്ലൊരു പ്രതിനിധിയാകാന്‍ എന്‍റെ അറിവിനെ ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.എനിക്ക് അന്ധനാകാന്‍ വയ്യ.കാരണം , അന്ധരെ അന്ധന്‍ നയിച്ചാല്‍ , എല്ലാവരും കുഴിയിലാകും.

കാലങ്ങളിലൂടെയാണ് എന്‍റെ ചിന്തകള്‍ വളര്‍ന്നത് .ചില വീക്ഷണങ്ങള്‍ മാറിയിട്ടുമുണ്ട്.ഞാന്‍ ജീവിക്കുന്ന കാലത്തോളം , കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.കാരണം ,ഹൃദയത്തിന്‍റെ ജോലി കഴിഞ്ഞിട്ടില്ല.ജീവിതത്തിലുടനീളം ഞാന്‍ ഞാന്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്‍റെ ഇഛ , ധൈര്യം , കരുത്ത് -ഇവയെല്ലാം പരീക്ഷണ വിധേയമായിട്ടുണ്ട്.ഇപ്പോള്‍ എന്‍റെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.എന്‍റെ വഴിയിലുടനീളെ ദൈവം എന്നോടൊപ്പമുണ്ടായിട്ടുണ്ട്.എല്ലാത്തിനുമുപരി ഇപ്പോഴും അവന്‍ എന്‍റെ കൂടെയുണ്ട്.

ഓരോ ചുവടിലും , ശ്വാസത്തിലും , നിമിഷത്തിലും എന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഇത് നീണ്ട പാതയാണ്.ഞാനെന്‍റെ അനുരാഗത്തിന്‍റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു ; സത്യവും സമാധാനവും തിരിച്ചറിവും തേടിക്കൊണ്ട്.. ഞാനിപ്പോഴും അറിവ് തേടുകയാണ്..

മുഹമ്മദ്‌ അലിയുടെ ആത്മകഥയായ The Soul Of a Butterfly യിലെ ആമുഖം.
വിവർത്തനം – എം എ വയനാട് .

2 Comments on "‘അറിവും സ്നേഹവും ആത്മീയതയുമാണ് കരുത്ത് .ദൈവമാണ് പ്രചോദനം’.അലി സംസാരിക്കുന്നു"

  1. ഹകീം | June 20, 2016 at 8:59 pm | Reply

    അടിപൊളി ആയിക്ക്‌ണ്‌????????

  2. നല്ലൊരു വിവർത്തനം.. (y)

Leave a comment

Your email address will not be published.


*