പിടി ഉഷയ്ക്ക് ശേഷം 100 മീറ്റര്‍ ട്രാക്കിൽ ദ്യുതിചന്ദ് . പ്രതീക്ഷയോടെ ഇന്ത്യ

 

ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ഒഡീഷയുടെ ദ്യുതി ചന്ദ് ഒളിമ്പിക്‌സിന്. 100 മീറ്ററിലാണ് ദ്യുതി യോഗ്യത നേടിയത്. കസാക്കിസ്ഥാനില്‍ നടന്ന ജി കൊസനോവ് മെമ്മോറിയല്‍ ചാമ്പ്യന്‍ഷിപ്പിലാണ് പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ദ്യുതി റിയോയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. 11.30 സെക്കന്റിലാണ് 20കാരിയായ ദ്യുതി ഫിനിഷ് ലൈന്‍ കടന്നത്. ഹീറ്റ്‌സിലായിരുന്നു ദ്യുതി ഈ സമയം കുറിച്ചത്. 11.32 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്.
ഒഡീഷയിലെ ചാക ഗോപാല്‍പുര്‍ ഗ്രാമത്തിലൊഴുകുന്ന ബ്രാഹ്മണി നദിയുടെ തീരത്ത് ഓടിശീലിച്ച ദ്യുതി ചെറുപ്രായത്തില്‍ത്തന്നെ അന്താരാഷ്ട്ര താരമായി. 2013 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെങ്കലം നേടി. നെയ്ത്തുകാരായ അച്ഛനും അമ്മയ്ക്കും അഞ്ച് സഹോദരിമാര്‍ക്കും താങ്ങുനല്‍കാന്‍ കായികരംഗം തെരഞ്ഞെടുത്ത ദ്യുതിയോട് ആദ്യം നാട്ടുകാര്‍ ചോദിച്ചത് “ഇങ്ങനെ ഓടിനടന്നാല്‍ നിന്നെ കെട്ടാന്‍ ആരുവരും’ എന്നായിരുന്നു.

ശരീരത്തിൽ പുരുഷ ഹോര്‍മോണ്‍ കൂടുതലുണ്ടെന്നു കണ്ടെത്തിയതിനാല്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഈ പത്തൊമ്പതുകാരി പോരാടി . കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ദ്യുതിയെ ഒഴിവാക്കി. പിന്നീട് അന്താരാഷ്ട്ര കായിക കോടതിയില്‍ പോയി അവകാശം നേടിയെടുക്കുകയായിരുന്നു.

1980-ല്‍ മലയാളിയായ പി.ടി ഉഷയായിരുന്നു അവസാനമായി വനിത വിഭാഗം 100 മീറ്ററില്‍ ഒളിംപിക് യോഗ്യത നേടിയ ഇന്ത്യന്‍ താരം. തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ്ണം നേടിയെത്തിയ ദ്യുതിക്ക് ഒളിംപിക് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു ഇത്.

Be the first to comment on "പിടി ഉഷയ്ക്ക് ശേഷം 100 മീറ്റര്‍ ട്രാക്കിൽ ദ്യുതിചന്ദ് . പ്രതീക്ഷയോടെ ഇന്ത്യ"

Leave a comment

Your email address will not be published.


*