ആദിവാസിപീഡനം.പരാതിക്കാരോട് പോലീസ് സ്വീകരിച്ചത് ഭീകരമായ അലംഭാവം

 

ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി ആദിവാസി യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസും അധികൃതരും പാലിച്ചത് ഭീകരമായ അനാസ്ഥ. പരാതിയുമായി യുവതികള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നിട്ടും പെട്ടെന്ന് കേസെടുക്കാന്‍ എസ് ഐ തയ്യാറായില്ല.ഞായറാഴ്ച രാവിലെ തന്നെ യുവതികള്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ സഹിതമാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. എന്നാൽ ഒട്ടും അനുഭാവപൂർവ്വമായിരുന്നില്ല പോലീസിന്റെ പ്രതികരണം. പരാതിയുമായി എത്തിയ ആദിവാസികള്‍ക്ക് നിയമസംരക്ഷണവും സഹായവും ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നു.

നാലുദിവസത്തിനു ശേഷം വ്യാഴാഴ്ച മാത്രമാണ് യുവതികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയത്. സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വൈദ്യ പരിശോധന നടത്താന്‍ വൈകിയത് തെളിവു നഷ്ടപ്പെടാന്‍ ഇടയാക്കി എന്ന് വിലയിരുത്തപ്പെടുന്നു.

വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ പണിയ കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ട് ആദിവാസി സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായത്. ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ചിട്ടായിരുന്നു ഈ കൊടും ക്രൂരത. മുപ്പതും മുപ്പത്തൊന്നും വയസ്സ് പ്രായമുള്ള ഇവരില്‍ ഒരാള്‍ക്ക് മൂന്നു മക്കളും മറ്റൊരാൾക്ക് ഒരു കുട്ടിയുമുണ്ട്.

അതേ , സമയം ആ നാട്ടിൽ ഇഞ്ചിപ്പണിക്ക് വന്ന രാമനും കൂട്ടുകാരുമാണ് സംഭവത്തിന് പിന്നിലെന്നാണ് യുവതികള്‍ പറയുന്നത്. സംഭവത്തില്‍ പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. ഒപ്പം അനാസ്ഥ കാണിച്ച വെള്ളമുണ്ട എസ്.ഐ എ.കെ ജോണിയെ സസ്‌പെൻഡ് ചെയ്തു.

Be the first to comment on "ആദിവാസിപീഡനം.പരാതിക്കാരോട് പോലീസ് സ്വീകരിച്ചത് ഭീകരമായ അലംഭാവം"

Leave a comment

Your email address will not be published.


*