‘പക്ഷേ മിണ്ടാതിരിക്കുന്നതെങ്ങനെ!’ എസ് ബി കോളേജ് വിദ്യാർത്ഥിനി എഴുതുന്നു

 

കോട്ടയം ചങ്ങാനാശ്ശേരി എസ് ബി കോളജിൽ കോളേജ് അധികൃതർ വിദ്യാർത്ഥികൾക്കിടയിൽ ലിംഗവിവേചനത്തോടെയുള്ള സമീപനങ്ങൾ സ്വീകരിക്കുന്നതിനെതിരെ കാമ്പസിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രതിഷേധിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൈനിംഗ് ഹാളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മുറി ഒരുക്കിയാണ് വിവാദനീക്കം.
എസ് ബി കോളേജ് മൂന്നാം വർഷ ജേണലിസം ബിരുദ വിദ്യാർത്ഥി റോഷ്‌ന അറഫാ അലി മക്തൂബ് മീഡിയക്ക് നൽകിയ പ്രതികരണം വായിക്കാം

എസ്.ബി കോളേജിന്റെ സദാചാര ചരിത്രം ഈയിടെ പണിഞ്ഞ ഡൈനിംഗ് ഹാളിലല്ല തുടങ്ങിയത്, അതോടു കൂടിയാണ് കാര്യങ്ങള്‍ കൂടുതൽ രൂക്ഷമാകുകയാണെന്ന് ചിന്തയുണ്ടാകുന്നതും പുറംലോകമറിയാൻ തുടങ്ങിയതും എന്ന് മാത്രം.
ഫാറൂഖ് കോളേജിനെതിരെ മിണ്ടിയവരാരും എസ്.ബിയ്ക്കെതിരെ ശബ്ദമുയർത്തുന്നില്ല എന്നതിനോടൊപ്പം അതേ കോളേജിലെ തന്നെകുറച്ച് പേർ മാത്രമാണ് പ്രത്യക്ഷമായ ഈ സദാചാരത്തിനോട് പ്രതികരിക്കുന്നത് എന്നത് ചിന്തിപ്പിക്കുന്നതാണ്. സ്വയംഭരണ മാനേജ്മെന്റിനോടുള്ള പേടി കൊണ്ട് മാത്രമല്ല, വന്ന് കേറിയപ്പോൾ മുതലുള്ള ‘അത്ര ഹാനികരമല്ലെന്ന്’ സ്വയം വിശ്വസിപ്പിച്ച സദാചാര അടിച്ചേൽപ്പിക്കലുകളെ കാണാതെ നടിച്ച് ശീലിച്ചതു കൊണ്ടു കൂടിയാണ്.

ആൺപെൺ ഇടപെടലുകളൾക്കും സൌഹൃദങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള അതിർവരമ്പുകൾ പല ഡിപ്പാർട്ട്മെന്റുകളിൽ പലതാണ്.
നാലു മണിക്ക് ശേഷം കാമ്പസിൽ ഒരുമിച്ചിരിക്കുന്ന ആണും പെണ്ണുമുൾപ്പെട്ട കൂട്ടങ്ങൾക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ ഡിപ്പാർട്ട്മെന്റ് സ്വഭാവമനുസരിച്ച് മാറും.
ക്ലാസ് റൂമിൽ ആണും പെണ്ണും ഇടകലർന്നുള്ള ഇരിപ്പിന് പല ഡിപ്പാർട്ട്മെന്റിലെയും പ്രതികരണവും വ്യത്യസ്തമാണ്.

മതം അടിസ്ഥാനമാക്കി തയ്യാറാക്കിയ ലൈംഗികത, കുടുംബജീവിതം, പ്രണയം എന്നിവയെ പറ്റിയുള്ള കാഴ്ചപ്പാടുകളുടെ അടിച്ചേൽപ്പിക്കൽ മാത്രമാകുന്ന ബുധനാഴ്ചകളിലെ വാല്യൂ എജ്യുക്കേഷൻ ക്ലാസ്സുകളില്‍ ചെവിയും പൂട്ടി ദിവാസ്വപ്നം കണ്ടിരിക്കലാണ് പോംവഴി.ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് കാത്തലിക്ക്, നോൺ-കാത്തലിക് എന്ന് വേർതിരിച്ചാണ് ഈ ക്ലാസുകൾ നടത്താറ്. രണ്ട് കൂട്ടർക്കും വേണ്ടത് രണ്ട് ‘വാല്യു’ ആണല്ലോ! എല്ലാ വർഷവും എസ്.ബിയിലെയും അസംപ്ഷനിലെയും രണ്ട് ദിവസത്തെ നിർബന്ധ ധ്യാനപരിപാടിയും ഇങ്ങനെ തന്നെ. ധ്യാനത്തിൽ പങ്കെടുക്കാത്തവർക്ക് അസംപ്ഷൻ കോളേജില്‍ 500 രൂപ ഫൈനാണ് ഭീഷണി. കാരണം വ്യക്തമാക്കാതെയുള്ള ഫീസിനങ്ങളെ പറ്റി വിശദീകരണം ചോദിച്ച അസംപ്ഷൻ വിദ്യാർത്ഥികൾക്ക് ഇതു വരെ മറുപടി കൊടുത്തിട്ടില്ല.

ആദ്യം മുതൽക്കേ ഈ ചൊറിയൻ നിയമങ്ങളോട് അസ്വസ്ഥതയുണ്ടായിരുന്നവരിൽ ‘ചിലർ’മാത്രമാണ് ഇപ്പോഴും ശബ്ദമുണ്ടാക്കുന്നത്. അതിൽ തന്നെ കൂടുതലും പാസ് ഔട്ടായ വിദ്യാർത്ഥികളാണ്. കുഞ്ഞുനാളു മുതല്‍ പൊതുഇടങ്ങളിലും വീടുകളിലും ശീലിച്ചതിനും പഠിച്ചതിനുമൊക്കെ നമ്മുടെ ശരിതെറ്റുകളുടെ നിർവചനത്തിനു മേൽ സ്വാധീനമുണ്ടെന്നതും ഓർക്കാതെ വയ്യ.

 

എസ്.ബിയിലെയും അതേ മാനേജ്മെന്റിന്റെ കീഴിലുള്ള അസംപ്ഷന്‍ കോളേജിലെയും വിദ്യാർത്ഥികൾക്ക് പൊതുവായി സഹിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാലാഹരണപ്പെട്ട ഡ്രെസ്സ് കോഡ് . ജീൻസും ലഗ്ഗിൻസും അശ്ലീലമാകുന്ന, ഷാളിട്ട് മാറ് മറച്ച് മാതൃകമങ്കമാരാകാൻ പെൺകുട്ടികളെ ഉദ്ബോധിപ്പിക്കുന്ന രണ്ട് കാമ്പസുകളാണിവ. അസംപ്ഷന്റെ ഹോസ്റ്റലുകളിലും ‘ഷോർട്ട് പാന്റുകൾ’ എന്ന ഗണത്തിലുള്ളവയ്ക്ക് വിലക്കാണ്. മൈക്രോ മിനി ആയാലും പാവാടയ്ക്ക് പ്രശ്നമില്ല.

മാനേജുമെന്റിന്റെ ഇതു വരെയുള്ള പ്രതികരണമനുസരിച്ച് കാര്യമായ തിരുത്തലുകളോ മാറ്റങ്ങളോ ഉണ്ടാകുമെന്ന് പ്രതിഷേധിക്കുന്ന പലർക്കും പ്രതീക്ഷയില്ല. പക്ഷേ മിണ്ടാതിരിക്കുന്നതെങ്ങനെ!

 

Be the first to comment on "‘പക്ഷേ മിണ്ടാതിരിക്കുന്നതെങ്ങനെ!’ എസ് ബി കോളേജ് വിദ്യാർത്ഥിനി എഴുതുന്നു"

Leave a comment

Your email address will not be published.


*